News
യുദ്ധത്തിനിടെ വിശുദ്ധ നാട്ടില്‍ സമര്‍പ്പിത ജീവിതത്തിലേക്ക് പ്രവേശിച്ച് യുവ കലാകാരി
പ്രവാചകശബ്ദം 13-11-2023 - Monday
ജെറുസലേം:ഹമാസും ഇസ്രായേലും തമ്മിലുള്ള യുദ്ധം നടക്കുന്നതിനിടെ വിശുദ്ധ നാടിന് പുതിയ സമര്‍പ്പിത. ഇക്കഴിഞ്ഞ നവംബര്‍ 1-നായിരുന്നു മരിയ റൂയീസ് റോഡ്രിഗസ് എന്ന യുവതി ഓര്‍ഡോ വിര്‍ജിനം സമൂഹത്തില്‍ അംഗമായത്. ദുരിതങ്ങളുടേതായ ഈ കാലത്താണ് തന്റെ ജീവിതം സഭയുമായി ഒന്നിപ്പിക്കുവാന്‍ ഏറ്റവും അനുയോജ്യമായ സമയമെന്നു സ്പാനിഷ് സ്വദേശിനിയും നാല്‍പ്പത്തിരണ്ടുകാരിയുമായ മരിയ പറയുന്നു. 2018-ലാണ് മരിയ ജെറുസലേമില്‍ എത്തുന്നത്. 1950-ല്‍ ബെത്ലഹേമില്‍ സ്ഥാപിതമായ ദി അസംപ്ഷന്‍ ഓഫ് ഓഫ് ദി വിര്‍ജിന്‍ മേരി ആന്‍ഡ് സെന്റ് ബ്രൂണോ ആശ്രം കുടുംബത്തില്‍ അംഗമായിരുന്നു അവള്‍.
2000-ല്‍ വിശുദ്ധ നാട്ടില്‍വെച്ചാണ് മരിയ ഓര്‍ഡോ വിർജീനത്തിലെ അംഗങ്ങളായ സ്ത്രീകളുമായി പരിചയപ്പെടുന്നത്. കത്തോലിക്കാ സഭയില്‍ ഏറ്റവും പുരാതനമായ ആശ്രമ രീതിയാണ് ഓര്‍ഡോ വിര്‍ജീനം. ഓർഡോ വിർജീനത്തിലെ സമർപ്പിതർ പൊതുവായ സന്യാസവസ്ത്രം ധരിക്കുന്നില്ല. ക്രിസ്തുവിനെപ്രതി കന്യകാത്വം വരിച്ചുകൊണ്ട് പ്രാദേശിക സഭാസമൂഹത്തിന്റെ നിയമങ്ങളനുസരിച്ചു ജീവിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. "ക്രിസ്തുവിന്റെ മണവാട്ടി" എന്ന സഭയുടെ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്ന മോതിരം മാത്രമാണ് അവർ ധരിക്കുന്ന ഒരേയൊരു ചിഹ്നം. ക്രിസ്തുവിനെ സ്മരിച്ചു "എന്റെ ജീവനേ" എന്ന വാക്കുകളും സമർപ്പണ തീയതിയുമാണ് റൂയിസിന്റെ മോതിരത്തിൽ ഹീബ്രു ഭാഷയിലുള്ള ലിഖിതത്തിൽ കൊത്തിവച്ചിരിക്കുന്നത്.
ഏതാണ്ട് ഒരു വര്‍ഷത്തോളം മരിയ, കലാ ശൈലിയേക്കുറിച്ചും, വര്‍ണ്ണങ്ങളേക്കുറിച്ചും ഗവേഷണം നടത്തിയിരിന്നു. പാരമ്പര്യത്തില്‍ ലത്തീനും സംസ്കാരത്തില്‍ പൗരസ്ത്യരുമായ പ്രാദേശിക ക്രിസ്ത്യാനികള്‍ക്കായി ഒരു കലാസൃഷ്ടി നടത്തുവാന്‍ ജെറുസലേം പാത്രിയാര്‍ക്കീസ് മരിയയോട് ആവശ്യപ്പെട്ടിരിന്നു. അര്‍മേനിയന്‍ കയ്യെഴുത്ത് പ്രതികളിലെ കലാരീതിയാണ് മരിയയേ സ്വാധീനിച്ചിരിക്കുന്നത്. പാത്രിയാര്‍ക്കീസ് നേരിട്ട് മരിയയുടെ കലാസൃഷ്ടി വീക്ഷിക്കുവാന്‍ എത്തിയിരുന്നു. ഞങ്ങള്‍ ഒരുമിച്ച് ബൈബിള്‍ വായിക്കും, ഏതു രംഗങ്ങളാണ് തന്റെ സൃഷ്ടിയില്‍ ഉള്‍പ്പെടേണ്ടതെന്ന്‍ തീരുമാനിക്കും. പാത്രിയാര്‍ക്കീസിന്റെ ഹൃദയത്തോട് ചേര്‍ന്ന പദ്ധതിയായിരുന്നു ഇതെന്നു മരിയ വിവരിച്ചു.
നിലവില്‍ വിശുദ്ധ മത്തായിയുടേയും, മര്‍ക്കോസിന്റേയും സുവിശേഷ ഭാഗങ്ങളില്‍ നിന്നുള്ള രംഗങ്ങളാണ് മരിയ വരച്ചുകൊണ്ടിരിക്കുന്നത്. 250 ചിത്രങ്ങളോട് കൂടിയ 200 പേജുകള്‍ സൃഷ്ടിക്കുവാനാണ് മരിയയുടെ പദ്ധതി. ജെറുസലേമില്‍ ഈ സൃഷ്ടിക്ക് പ്രത്യേക പ്രാധാന്യം തന്നെയുണ്ട്: യഹൂദ സംസ്കാരത്തെ ആഴത്തില്‍ മനസ്സിലാക്കുവാനും കഴിയുമെന്നും മരിയ വിവരിച്ചു. അറബിക്, ഹീബ്രു എന്നീ പ്രാദേശിക ഭാഷകളും മരിയ പഠിച്ചിട്ടുണ്ട്. പുരോഹിതര്‍, ഫ്രിയാര്‍സ്, സമര്‍പ്പിതര്‍, അത്മായര്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ മരിയയുടെ സമര്‍പ്പണ കര്‍മ്മത്തില്‍ പങ്കെടുത്തിരിന്നു. സമര്‍പ്പണത്തോടെ വിശുദ്ധ നാട്ടിലെ സഭയുടെ ജീവനുള്ള നാഡിയായി മാറിയ മരിയയുടെ പുതിയ ആത്മീയ യാത്രയ്ക്കു തുടക്കമായിരിക്കുകയാണ്.