News

സൈന്യത്തിലേക്കുള്ള വിളി ദൈവവിളിയാക്കി മാറ്റി: അമേരിക്കന്‍ സൈനികന്‍ സാമുവല്‍ മക്പീകിന്‍റെ ജീവിതകഥ

പ്രവാചകശബ്ദം 19-11-2023 - Sunday

അമേരിക്കന്‍ ആര്‍മി ഉദ്യോഗസ്ഥരുടെ മകനായ സാമുവല്‍ മക്പീക് പൗരോഹിത്യത്തിലേക്കുള്ള തന്റെ ദൈവവിളി തിരിച്ചറിഞ്ഞ സംഭവകഥ ശ്രദ്ധ നേടുന്നു. വെസ്റ്റ്‌ പോയന്റില്‍ പഠിക്കുമ്പോള്‍ തന്റെ ദൈവവിളി തിരിച്ചറിഞ്ഞ സാമുവല്‍ ഇന്ന്‍ യു.എസ് ആര്‍മിയില്‍ പൗരോഹിത്യത്തിന് പഠിക്കുകയാണ്. സമീപകാലത്ത് സാമുവല്‍ ‘ചര്‍ച്ച്പോപ്‌’ന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ഈ യുവാവിന്റെ ദൈവവിളിയുടെ കഥ പുറംലോകം അറിഞ്ഞത്. അമേരിക്കന്‍ ആര്‍മി സേവനത്തിനുള്ള വിളി, അക്ഷരാര്‍ത്ഥത്തില്‍ സാമുവലിന്റെ ദൈവവിളിയായി മാറുകയായിരുന്നു.

മിലിട്ടറി കുടുംബത്തില്‍ ജനിച്ചു വളര്‍ന്നതിനാല്‍ ചെറുപ്പകാലം മുതല്‍ക്കേ രാജ്യത്തോട് വല്ലാത്ത ദേശസ്നേഹമുണ്ടായിരുന്നുവെന്നു സാമുവല്‍ പറയുന്നു. അതുകൊണ്ട് തന്നെ വെസ്റ്റ്‌ പോയന്റില്‍ ചേരുന്നതും, തന്റെ മാതാപിതാക്കളേപ്പോലെ ആര്‍മിയില്‍ ലോജിസ്റ്റീഷ്യനായി സേവനം ചെയ്യുന്നതും അവന്റെ സ്വപ്നമായിരുന്നു. ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കി വെറും 17 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ അവന്‍ കേഡറ്റ് ബേസിക് ട്രെയിനിംഗ് അക്കാദമിയില്‍ ചേര്‍ന്നു. എന്നിരുന്നാലും ദൈവത്തിനു തന്നെക്കുറിച്ച് മറ്റെന്തോ പദ്ധതിയുണ്ടെന്ന്‍ അവനറിയാമായിരുന്നു. ഹൈസ്കൂള്‍ പഠനകാലത്ത് തന്നെ പൗരോഹിത്യത്തോട് തനിക്ക് താല്‍പര്യമുണ്ടായിരുന്നുവെന്ന് പറഞ്ഞ സാമുവല്‍ തന്റെ മിലിട്ടറി കരിയര്‍ അവസാനിപ്പിച്ചാലോ എന്നുവരെ താന്‍ അക്കാലത്തു ആലോചിച്ചിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

വെസ്റ്റ്‌ പോയന്റില്‍ ചേര്‍ന്ന്‍ ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ വൈദികനാകണമെന്ന ആഗ്രഹം അവനുള്ളില്‍ ശക്തമായി. അവിടെവെച്ച് ജീവിത ശൈലിമാറ്റത്തിലുള്ള ആശങ്കയും, പരിശീലനത്തിലെ അസ്വസ്ഥതയും, മിലിട്ടറി സംസ്കാരവും അവനെ വേട്ടയാടിയിരുന്നു. എന്നാല്‍ ദൈവവുമായുള്ള ബന്ധത്തേക്കുറിച്ചും, പരിശുദ്ധ കന്യകമാതാവിനോടുള്ള ഭക്തിയേക്കുറിച്ചും, വിശുദ്ധ കുര്‍ബാനയോട് തനിക്കുള്ള ആദരവും അവനെ ആത്മീയമായി വളര്‍ത്തി. പരമ്പരാഗത ലത്തീന്‍ കുര്‍ബാനയോടുള്ള വലിയ ഇഷ്ട്ടവും പൗരോഹിത്യത്തിലേക്കുള്ള യാത്രയില്‍ അവനെ സഹായിച്ചിട്ടുണ്ട്. മിലിട്ടറി ചാപ്ലൈനായ ഫാ. മാത്യു പാവ്ളികോവ്സ്കി കാരണമാണ് താനിപ്പോള്‍ ഇവിടെ നില്‍ക്കുന്നതെന്നു സാമുവല്‍ പറയുന്നു.

“അദ്ദേഹമാണ് ഞാന്‍ എന്തുചെയ്യണമെന്ന് എനിക്ക് ബോധ്യപ്പെടുത്തി തന്നത്''. ഞാന്‍ പട്ടാളക്കാരെ ആത്മീയവും, മാനസികവുമായി സഹായിക്കുവാന്‍ ആഗ്രഹിക്കുന്നു, വിശുദ്ധിയുടെ മാതൃകയായി മാറുവാന്‍ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ. നിര്‍ഭാഗ്യവശാല്‍ വെസ്റ്റ്‌ പോയന്റില്‍ ചാപ്ലൈന്‍ കോര്‍പ്സിലേക്ക് ഉദ്യോഗസ്ഥരെ കമ്മീഷന്‍ ചെയ്യാത്തതിനാല്‍ 2018-ല്‍ അവന്‍ അവിടെ നിന്നും രാജിവച്ചു തന്റെ ദൈവവിളി പൂര്‍ണ്ണമായും തിരിച്ചറിയുന്നതിനായി റിച്ച്മോണ്ടില്‍ ചേര്‍ന്നു. ബിരുദം പൂര്‍ത്തിയായ ശേഷം സെക്കന്‍ഡ് ലെഫ്റ്റ്നന്റ് പദവിയില്‍ നിയമിതനായ സാമുവല്‍ ഇപ്പോള്‍ റിച്ച്മോണ്ട് രൂപതയിലെ കത്തോലിക്കാ യൂണിവേഴ്സിറ്റി ഓഫ് അമേരിക്കയിലെ തിയോളജിക്കല്‍ കോളേജില്‍ പഠിക്കുകയാണ്. നിലവില്‍ റിസര്‍വ് ആര്‍മിയില്‍ സേവനം ചെയ്യുന്ന അദ്ദേഹം ഔദ്യോഗിക ചാപ്ലൈന്‍ സ്ഥാനാര്‍ത്ഥി കൂടിയാണ്.

യഥാര്‍ത്ഥ വൈദികന്‍ എന്ന നിലയില്‍ ‘ആടിന്റെ ഗന്ധമുള്ള ഇടയന്‍മാരാകുക’ എന്ന ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനമനുസരിച്ച് ജീവിക്കേണ്ടതുണ്ടെന്ന് പറഞ്ഞ സാമുവല്‍, ദൈവത്തോടുള്ള തന്റെ സ്നേഹം, അര്‍ത്ഥവത്തായ രീതിയില്‍ പട്ടാളക്കാര്‍ക്കിടയില്‍ അജപാലനം ചെയ്യുക എന്നീ രണ്ടു കാരണങ്ങളെ ഒരുമിച്ച് കൊണ്ടുപോകുന്നതാണ് തന്റെ ദൈവനിയോഗമെന്നും പ്രേഷിത പ്രവര്‍ത്തനം നടത്തുവാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് മിലിട്ടറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏറ്റവും എളിയരീതിയില്‍ ദൈവകരുണയുടെ ഒരു ഉപകരണമായി തന്നെത്തന്നെ കാണുവാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ''കരുണ കാണിക്കുക, സംസാരിക്കുവാന്‍ താല്‍പ്പര്യം കാണിക്കുക എന്നിവയ്ക്കു അത്ഭുതങ്ങള്‍ സൃഷ്ടിക്കും” എന്ന് പറഞ്ഞ സാമുവല്‍ തനിക്കും തന്റെ സഹസെമിനാരി വിദ്യാര്‍ത്ഥികള്‍ക്കും തങ്ങളുടെ ജീവിതത്തിലെ ദൈവഹിതം നിറവേറ്റുവാന്‍ പ്രാര്‍ത്ഥനസഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് തന്റെ അഭിമുഖം അവസാനിപ്പിച്ചത്. വിശുദ്ധ ഫിലിപ്പ് നേരിയാണ് അമേരിക്കന്‍ ആര്‍മി സ്പെഷ്യല്‍ ഫോഴ്സിന്റെ മധ്യസ്ഥ വിശുദ്ധന്‍.


Related Articles »