News - 2024

റോമിലെ പ്രോലൈഫ് കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി ജോർജിയ മെലോണി

പ്രവാചകശബ്ദം 28-11-2023 - Tuesday

റോം: ജീവന്റെ മഹത്വത്തെ പ്രഘോഷിക്കുന്ന പ്രോലൈഫ് സംഘടനയുടെ ഓഫിസിന് നേരെ നടന്ന അക്രമത്തെ ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണി അപലപിച്ചു. ഇന്റർനാഷ്ണൽ ഡേ ഫോർ ദ എലിമിനേഷൻ ഓഫ് വയലൻസ് എഗൈൻസ്റ്റ് വുമൺ ആയി ആചരിക്കപ്പെട്ട കഴിഞ്ഞ ശനിയാഴ്ച നടന്ന റാലിക്കിടെയാണ് സംഘടനയുടെ കേന്ദ്രം അക്രമിക്കപ്പെട്ടത്. റാലിയിൽ പങ്കെടുത്തവർ ഓഫീസിന്റെ ജനലുകൾ തകർക്കുകയും, ഭ്രൂണഹത്യ അനുകൂല മുദ്രാവാക്യങ്ങൾ ഭിത്തിയിൽ എഴുതുകയും ചെയ്തു. കലാപത്തിലൂടെയും, ഭയപ്പെടുത്തലിലൂടെയും എങ്ങനെയാണ് ഒരാൾക്ക് സ്ത്രീകൾക്കെതിരെ നടക്കുന്ന ആക്രമണത്തിനെതിരെ പോരാടാൻ സാധിക്കുന്നതെന്ന് 'എക്സി'ൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ മെലോണി ചോദിച്ചു.

ഇറ്റലിയിൽ എല്ലാ വർഷവും നടക്കുന്ന പ്രോലൈഫ് റാലിക്ക് ചുക്കാൻ പിടിക്കുന്ന സംഘടനയാണ് പ്രോവിറ്റ ആൻഡ് ഫാമിഗ്ലിയ. കഴിഞ്ഞ വർഷം ജൂൺ മാസം റോമിൽ നടന്ന എൽജിബിറ്റി റാലിക്കിടയിലും ഇവരുടെ ഓഫീസിന് നേരെ അക്രമണം ഉണ്ടായിരുന്നു. നവംബർ 26ന് ഓഫീസിനുള്ളിൽ പൊട്ടിത്തെറിച്ച ജനാലകൾക്കടുത്തു ആയുധവും കണ്ടെത്തിയതായി പ്രോലൈഫ് അസോസിയേഷൻ വെളിപ്പെടുത്തി. ഫെമിനിസ്റ്റ്, ട്രാൻസ് ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ കാപട്യത്തെ അക്ഷരാർത്ഥത്തിൽ പ്രകടമാക്കുന്നതാണ് ആക്രമണമെന്ന് സംഘടന വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 25-നാണ് മെലോണി നയിക്കുന്ന തീവ്രവലതുപക്ഷ പാര്‍ട്ടിയായ ബ്രദേഴ്സ് ഇറ്റലിയുടെ നേതൃത്വത്തിലുള്ള സഖ്യം തിരഞ്ഞെടുപ്പില്‍ ജയിച്ചത്. ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെയുള്ള ജീവന്റെ സംരക്ഷണം, ദേശീയ വാദം, ക്രൈസ്തവ വിശ്വാസത്തിലൂന്നിയുള്ള പ്രചാരണ രീതി, ഫെമിനിസത്തെ നിരാകരിക്കുക, സ്വവര്‍ഗ്ഗബന്ധങ്ങളോടുള്ള രൂക്ഷമായ എതിര്‍പ്പ്, അഭയാര്‍ത്ഥി പ്രവാഹത്തില്‍ നിയന്ത്രണം എന്നിവയെല്ലാം ബ്രദേഴ്‌സ് ഇറ്റലി പാര്‍ട്ടിയുടെ പ്രത്യേകതകളാണ്.

.


Related Articles »