News
കുഞ്ഞ് ഇൻഡി ഗ്രിഗറിയ്ക്കു അന്ത്യ യാത്രാമൊഴി; പ്രാര്‍ത്ഥന അറിയിച്ച് പാപ്പ
പ്രവാചകശബ്ദം 02-12-2023 - Saturday
നോട്ടിംഗ്ഹാം: ബ്രിട്ടീഷ് കോടതി ജീവന്‍ രക്ഷ ഉപാധികള്‍ എടുത്തുകളയാൻ ഉത്തരവിട്ടതിനെത്തുടർന്ന് കഴിഞ്ഞ മാസം മരിച്ച ഇൻഡി ഗ്രിഗറിയുടെ കുടുംബത്തിന് അനുശോചനം അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ വെള്ളിയാഴ്ച നോട്ടിംഗ്ഹാമിലെ ബിഷപ്പ് പാട്രിക് മക്കിന്നിയെ അഭിസംബോധന ചെയ്തു അയച്ച ടെലിഗ്രാം സന്ദേശത്തിലാണ് പാപ്പയുടെ അനുശോചനവും പ്രാര്‍ത്ഥനയുമുള്ളത്. സ്വർഗ്ഗസ്ഥനായ പിതാവിന്റെ ആർദ്രവും സ്നേഹനിർഭരവുമായ കരങ്ങളിൽ ഇൻഡിയെ ഭരമേല്പിച്ചുകൊണ്ട്, ഹ്രസ്വമായ ജീവിതം സമ്മാനിച്ചതിന് സർവ്വശക്തനായ ദൈവത്തിന് നന്ദി അര്‍പ്പിക്കുകയാണെന്ന് പാപ്പ കുറിച്ചു.
ഇന്നലെ ഡിസംബര്‍ ഒന്നാം തീയതി നടന്ന മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് നോട്ടിംഗ്ഹാം ബിഷപ്പ് പാട്രിക് മക്കിന്നി മുഖ്യകാര്‍മ്മികത്വം വഹിച്ചു. ശുശ്രൂഷയിൽ നൂറിലധികം പേർ പങ്കെടുത്തു. ശുശ്രൂഷകള്‍ക്ക് മുന്നോടിയായി, വെള്ളയും പിങ്ക് പൂക്കളും കൊണ്ട് അലങ്കരിച്ച ഇൻഡിയുടെ ശരീരം സൂക്ഷിച്ച പേടകം കുതിരവണ്ടിയിൽ തെരുവുകളിലൂടെ ഘോഷയാത്ര നടത്തിയിരിന്നു. ഇറ്റാലിയൻ ഗവൺമെന്റിന്റെ കുടുംബങ്ങൾക്കായുള്ള മന്ത്രി യൂജീനിയ റോസെല്ല, ഭിന്നശേഷിക്കാര്‍ക്കായുള്ള മന്ത്രി അലസാന്ദ്ര ലൊക്കാറ്റെല്ലി ഉള്‍പ്പെടുന്ന ഇറ്റാലിയൻ പ്രതിനിധി സംഘം, മുൻ ഇറ്റാലിയൻ സെനറ്ററും അഭിഭാഷകനുമായ സിമോൺ പില്ലൺ; പ്രോ വിറ്റ ഇ ഫാമിഗ്ലിയയുടെ വൈസ് പ്രസിഡന്റ് ജാക്കോപോ കോഗെ തുടങ്ങിയ പ്രമുഖരും മൃതസംസ്കാര ശുശ്രൂഷയില്‍ സംബന്ധിച്ചു.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ജനിച്ച ഇൻഡി ഗ്രിഗറിക്ക് ശരീരത്തിലെ ഊർജ്ജം മുഴുവൻ ചോർത്തിക്കളയുന്ന മൈറ്റോകോൺഡ്രിയൽ ഡിസീസ് എന്ന ജനിതക രോഗാവസ്ഥയായിരിന്നു. ചികിത്സ ഫലപ്രദമല്ലെന്ന വ്യാഖ്യാനത്തോടെ ജീവൻ രക്ഷാ ഉപാധികൾ എടുത്തുമാറ്റുവാൻ ഇൻഡിയെ ചികിത്സിക്കുന്ന ആശുപത്രി തീരുമാനിച്ചതോടെ ഡീൻ ഗ്രിഗറിയും, ക്ലാര സ്റ്റാനിഫോർത്തും നിയമ പോരാട്ടം നടത്തിയിരിന്നു. വിഷയത്തില്‍ വത്തിക്കാനും ഇറ്റലിയും ഇടപെട്ടെങ്കിലും ജീവന് വേണ്ടിയുള്ള വാദം കണക്കിലെടുക്കാതെ ജീവന്‍ രക്ഷ ഉപാധികൾ എടുത്തുമാറ്റാൻ ബ്രിട്ടീഷ് കോടതി വിധിയെഴുത്ത് നടത്തി. 8 മാസം പ്രായമുള്ള കുഞ്ഞ് നവംബർ 13ന് അമ്മയുടെ കൈകളിലാണ് മരിച്ചത്.