Daily Saints.

August 18: വിശുദ്ധ ഹെലേന

സ്വന്തം ലേഖകന്‍ 18-08-2024 - Sunday

വിശുദ്ധ ഹെലേന ഏഷ്യാമൈനറിലെ ബിഥിനിയായില്‍ ജനിച്ചതായാണ് കരുതപ്പെടുന്നത്. യേശുവിനെ തറച്ച യഥാര്‍ത്ഥ കുരിശ് ജെറുസലേമില്‍ നിന്നും കണ്ടെത്തിയത് വിശുദ്ധ ഹെലേനയാണ് എന്ന വിശ്വാസം സഭയില്‍ ഏറെ പ്രധാനപ്പെട്ടതാണ്. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ചരിത്രത്തിന് പിന്നിലേക്ക് അല്‍പ്പം ചലിക്കേണ്ടി വരും. ജൂതന്‍മാരുടെ പ്രക്ഷോഭത്തിനും മുന്‍പ് റോമന്‍ ചക്രവര്‍ത്തിയായ ഹഡ്രിയാന്‍ (A.D. 117-38) ‘ജൂദിയ’ പ്രദേശത്തെ ‘സിറിയ പലസ്തീന’ എന്ന് പുനര്‍നാമകരണം ചെയ്തു.

ജെറുസലേമിനെ അദ്ദേഹം തന്റെ പുതിയ തലസ്ഥാനമാക്കി മാറ്റി. അവിടെയെങ്ങും ജൂതന്‍മാര്‍ക്ക് പ്രവേശനമില്ലായിരുന്നു. A.D. 70-ലെ കലാപത്തെ തുടര്‍ന്ന്‍ അവശേഷിപ്പുകളുടെ ഒരു നഗരമായിരുന്ന ജെറുസലേമിനെ ഹഡ്രിയാന്‍ പൂര്‍ണ്ണമായും തകര്‍ത്തു. ജൂതമതവും, ക്രിസ്തുമതവും അടിച്ചമര്‍ത്തപ്പെടേണ്ടവയായിട്ടാണ് ഹഡ്രിയാന്‍ കരുതിപ്പോന്നത്.

ക്രിസ്തുമതത്തിന്റെ വളര്‍ച്ചയെ തടയുന്നതിനായി അദ്ദേഹം കാല്‍വരി മലയുടെ മുകള്‍ ഭാഗം നികത്തി അവിടെ വിജാതീയരുടെ ദേവതയായ വീനസിന്റെ ഒരു ക്ഷേത്രം നിര്‍മ്മിച്ചു. കൂടാതെ യേശുവിന്റെ കല്ലറ സ്ഥിതിചെയ്തിരുന്ന ഭാഗം ചെത്തിയൊരുക്കി അവിടെ വിജാതീയരുടെ ദേവനായ ജൂപ്പിറ്റര്‍ കാപ്പിറ്റോളിനൂസിനായും ഒരു ക്ഷേത്രം പണികഴിപ്പിച്ചു. വാസ്തവത്തില്‍ ഈ നടപടികള്‍ വഴി അദ്ദേഹം അറിയാതെ തന്നെ ക്രിസ്തീയരുടെ വിശുദ്ധ സ്ഥലങ്ങള്‍ സംരക്ഷിക്കുകയായിരുന്നു ചെയ്തത്.

വര്‍ഷങ്ങള്‍ക്ക് ശേഷം പ്രസിദ്ധനായ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി അധികാരത്തില്‍ കയറി. എ.ഡി. 312-ല്‍ വലിയ സൈന്യവുമായി മാക്സെന്റിയൂസ് കോണ്‍സ്റ്റന്റൈനെ ആക്രമിച്ചു. ടൈബർ നദിക്ക് കുറുകെയുള്ള മിൽവിയാൻ പാലത്തില്‍ ആയിരിന്നു ഏറ്റുമുട്ടല്‍. മാക്സെന്റിയൂസിന്റെ വലിയ സൈന്യത്തെ കണ്ട് കോൺസ്റ്റന്റൈൻ ഭയചകിതനായി. അദ്ദേഹത്തിന്റെ മുഴുവന്‍ സാമ്രാജ്യവും നാശത്തിന്റെ ഭീതിയിലായി.

ഈ സാഹചര്യത്തില്‍ ചക്രവര്‍ത്തി മുട്ട് കുത്തി നിന്ന് തനിക്ക്‌ വിജയം നേടിതരുവാന്‍ പ്രാര്‍ത്ഥിച്ചു. പെട്ടെന്ന്‍ തന്നെ തെളിഞ്ഞതും ശാന്തവുമായ ആകാശത്ത് അഗ്നികൊണ്ടുള്ള ഒരു കുരിശടയാളം പ്രത്യക്ഷപ്പെട്ടു. അതിനടിയിലായി “ഈ അടയാളം വഴി നിങ്ങള്‍ വിജയം വരിക്കും” (in hoc signo vinces) എന്ന വാക്കുകള്‍ അവര്‍ ദര്‍ശിച്ചു. ദൈവീക കല്‍പ്പനയാല്‍ കോണ്‍സ്റ്റന്റൈന്‍ താന്‍ കണ്ട രീതിയിലുള്ള ഒരു കുരിശ്‌ നിര്‍മ്മിക്കുകയും തന്റെ സൈന്യത്തിന്റെ ഏറ്റവും മുന്‍പിലായി സൈനീക തലവന്‍ അത് ഉയര്‍ത്തി പിടിച്ചു കൊണ്ട്, അതിനു പിറകിലായി മുഴുവന്‍ സൈന്യവും ശത്രുവിനെ നേരിടുവാനായി പടനീക്കം നടത്തുകയും ചെയ്തു. ആ യുദ്ധത്തില്‍ അവര്‍ അത്ഭുതകരമായി പരിപൂര്‍ണ്ണ വിജയം കൈവരിച്ചു.

കുരിശടയാളം അതോടെ ക്രിസ്തുവിന്റെയും റോമാസാമ്രാജ്യത്തിന്റെയും യുദ്ധവിജയത്തിന്റെയും അടയാളമായി മാറുകയാണുണ്ടായത്. അധികാരത്തിലേറിയതിന്റെ അടുത്തവര്‍ഷം തന്നെ കോണ്‍സ്റ്റന്റൈന്‍ ഉത്തരവ് വഴി ക്രിസ്തുമതത്തിന് നിയമപരമായ സാധുത നല്‍കി. അദ്ദേഹത്തിന്റെ മാതാവായ വിശുദ്ധ ഹെലേന ഇക്കാലയളവിലാണ് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തത്. തന്റെ ഉന്നതമായ പദവിയെ വകവെക്കാതെ പാവപ്പെട്ടവര്‍ക്കിടയില്‍ ദൈവ സേവനം ചെയ്യുന്നതില്‍ വിശുദ്ധ സന്തോഷം കണ്ടെത്തി. അവളുടെ വിശാലമായ കാരുണ്യ പ്രവര്‍ത്തികള്‍ അഗതികളുടെയും, ദുഃഖമനുഭവിക്കുന്നവരുടേയും മാതാവ്‌ എന്ന ഖ്യാതി വിശുദ്ധക്ക് നേടികൊടുത്തു.

ഏതാണ്ട് 324-ല്‍ എൺപതാം വയസിൽ തന്റെ മകന്റെ അംഗീകാരത്തോടെ വിശുദ്ധ സ്ഥലങ്ങള്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ വിശുദ്ധ ഹെലേന പലസ്തീനായിലേക്ക് യാത്രയായി. യേശു മരിച്ച കുരിശ്‌ കണ്ടെടുക്കുക എന്ന തീവ്രമായ ആഗ്രഹത്താലായിരുന്നു അവളുടെ യാത്ര.

326 ആയപ്പോള്‍ ജൂപ്പിറ്റര്‍ കാപ്പിറ്റോളിനൂസിന്റെ ക്ഷേത്രം തകര്‍ക്കുകയും അവിടം ഖനനം ചെയ്തു കൂടുതല്‍ പരിശോധനകള്‍ നടത്തുകയും ചെയ്തു. അധികം താമസിയാതെ തന്നെ യേശുവിന്റെ കല്ലറയുടെ അവശേഷിപ്പുകള്‍ കണ്ടെത്തി. തുടര്‍ന്ന്‍ കല്ലറക്ക് മുകളിലായി ഒരു ചെറിയ ദേവാലയം പണികഴിപ്പിച്ചു. നൂറ്റാണ്ടുകളായി പലവിധ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമായിട്ടുള്ള ആ ദേവാലയമാണ് ജെറുസലേമിലെ ഇന്നത്തെ ഹോളി സെപ്പള്‍ച്ചര്‍ ദേവാലയം.

കഠിനമായ പരിശ്രമങ്ങള്‍ക്ക് ശേഷം വിശുദ്ധ കാല്‍വരിയില്‍ നിന്നും മൂന്നു കുരിശുകള്‍ കണ്ടെടുത്തു. സുവിശേഷകര്‍ രേഖപ്പെടുത്തിയ ലിഖിതങ്ങള്‍ക്കും, ആണികള്‍ക്കുമൊപ്പമായിരുന്നു അവ കണ്ടെടുക്കപ്പെട്ടത്. എന്നാല്‍ അവയില്‍ നിന്നും യേശു മരണം വരിച്ച കുരിശ്‌ ഏതാണെന്ന് കണ്ടു പിടിക്കാന്‍ സാധിച്ചില്ല. അതേതുടര്‍ന്ന് മക്കാരിയൂസ് മെത്രാന്റെ ഉപദേശപ്രകാരം, രോഗ സൗഖ്യത്തിന് ഒട്ടും സാധ്യതയില്ലാത്ത അസുഖം ബാധിച്ച ഒരു സ്ത്രീയുടെ ശരീരത്തില്‍ ആ മൂന്ന് കുരിശുകളും കൊണ്ട് സ്പര്‍ശിച്ചു നോക്കുവാന്‍ അവള്‍ തീരുമാനിച്ചു.

അപ്രകാരം മൂന്നാമത്തെ കുരിശ്‌ മുട്ടിച്ചപ്പോള്‍ ഉടനെതന്നെ ആ സ്ത്രീ എഴുന്നേല്‍ക്കുകയും പരിപൂര്‍ണ്ണമായി സൗഖ്യം പ്രാപിക്കുകയും ചെയ്തു. സന്തോഷത്താല്‍ മതിമറന്ന ആ ചക്രവര്‍ത്തിനി കാല്‍വരിയില്‍ ഒരു ദേവാലയം പണികഴിപ്പിക്കുകയും ഈ കുരിശ് അവിടെ സ്ഥാപിക്കുകയും ചെയ്തു. അതിനു ശേഷം അധികം താമസിയാതെ ഹെലേന റോമിലേക്ക് പോയി. എ‌ഡി 330-ല്‍ വിശുദ്ധ മരണപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്.

ഇതര വിശുദ്ധര്‍

1. ആഗാപിറ്റസ്

2. റോമായിലെ ജോണും ക്രിസ്പൂസും

3. അയര്‍ലന്‍റിലെ എര്‍നാന്‍

4. സ്കോട്ടിഷ് സന്യാസിയായിരുന്ന എവാന്‍

5. മെറ്റ്സിലെ ഫിര്‍മിനൂസ്

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »