India - 2024
ജൂബിലി തിരുനാൾ പ്രഭയിൽ പാലാ
പ്രവാചകശബ്ദം 07-12-2023 - Thursday
പാലാ: ആയിരങ്ങള്‍ പങ്കെടുക്കുന്ന ജൂബിലി തിരുനാൾ പ്രഭയിൽ പാലാ പട്ടണം. ഇന്നു മാതാവിന്റെ തിരു സ്വരൂപം പന്തലിൽ പ്രതിഷ്ഠിക്കും. നാളെ ജൂബിലി തിരുനാൾ. പാലാ പട്ടണം വീണ്ടുമൊരു ഒത്തുചേരലിൻ്റെ നിർവൃതിയിലാണ്. നഗരവഴികൾ വെള്ളി ത്തോരണങ്ങൾ മേലാപ്പു ചാർത്തി അണിഞ്ഞൊരുങ്ങി. നഗരമാകെ കൊടി തോരണങ്ങളാലും മുത്തുക്കുടകളാലും വൈദ്യുതി ദീപാലങ്കാരങ്ങളാലും അലംകൃതമാണ്. നയനമനോഹരമായ ഇലുമിനേഷനാണ് ജൂബിലി കപ്പേളയിൽ ഒരുക്കിയിരിക്കുന്നത്.
ഇന്നു രാവിലെ 11ന് ജൂബിലി കപ്പേളയിൽ മാതാവിൻ്റെ തിരുസ്വരൂപം പ്രതിഷ്ഠിക്കും. തുടർന്ന് നാരങ്ങാ, ഏലയ്ക്കാമാല സമർപ്പണം നടക്കും. വൈകുന്നേരം കത്തീഡ്രൽ, ളാലം പുത്തൻപള്ളികളിൽനിന്നുള്ള പ്രദക്ഷിണങ്ങൾ കൊട്ടാരമറ്റം സാന്തോംകോംപ്ലക്‌സിൽ സംഗമിച്ച ശേഷം ജൂബിലി കപ്പേളയിലെത്തും. പ്രധാന തിരുനാൾ ദിനമായ നാളെ രാവിലെ എട്ടിന് മരിയൻ റാലി. 10ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് തിരുനാൾ കുർബാന അർപ്പിച്ച് സന്ദേ ശം നൽകും.
വൈകുന്നേരം നാലിന് മാതാവിൻ്റെ തിരുസ്വരൂപവും വഹിച്ച് ആയിരങ്ങൾ പങ്കെടുക്കുന്ന പട്ടണപ്രദക്ഷിണം പാലായുടെ വിശ്വാസപ്രഖ്യാപനമാണ്. രാവിലെ തിരുനാൾ കുർബാനയ്ക്കു ശേഷം പ്രധാന വീഥിയിൽ സിവൈഎംഎൽ സംഘടിപ്പിക്കുന്ന ടൂവീലർ ഫാൻസിഡ്രസ് മത്സരവും ജൂബിലി ആഘോഷ കമ്മിറ്റി സംഘടിപ്പിക്കുന്ന ബൈബിൾ ടാബ്ലോ മത്സരവും അരങ്ങേറും.