News - 2024
യുദ്ധത്തിന്റെ നടുവിലും പ്രത്യാശ: ക്രിസ്തുമസിനെ വരവേൽക്കാൻ യുക്രൈന്‍ ക്രൈസ്തവര്‍
പ്രവാചകശബ്ദം 08-12-2023 - Friday
മോസ്കോ: റഷ്യയുമായി യുദ്ധം തുടങ്ങിയതിനുശേഷം വരുന്ന രണ്ടാമത്തെ ക്രിസ്തുമസിനെ വരവേൽക്കാൻ യുക്രൈനിലെ ക്രൈസ്തവ വിശ്വാസികൾ രാജ്യ തലസ്ഥാനമായ കീവിൽ തിരികൾ തെളിയിച്ചു. വിശുദ്ധ നിക്കോളാസിന്റെ തിരുനാൾ ദിവസമായ ഡിസംബർ ആറാം തീയതിയാണ് തിരികൾ തെളിയിക്കുന്ന വാർഷിക ചടങ്ങ് നടന്നത്. മുൻ വർഷങ്ങളിൽ ജൂലിയൻ കലണ്ടർ പ്രകാരമാണ് യുക്രൈനിൽ ക്രിസ്തുമസ് ആഘോഷിച്ചിരുന്നത്. ഇത് പ്രകാരം വിശുദ്ധ നിക്കോളാസിന്റെ തിരുനാൾ ദിവസം ഡിസംബർ 19 ആയിരുന്നു. ജനുവരി ഏഴാം തീയതി ക്രിസ്തുമസ് ആഘോഷിക്കുന്ന റഷ്യൻ ഓർത്തഡോക്സ് സഭയുടെ രീതിയിൽ നിന്ന് മാറി ഡിസംബർ 25നു ക്രിസ്തുമസ് ആഘോഷിക്കാനുള്ള തീരുമാനത്തിൽ ജൂലൈ മാസം യുക്രൈന്‍ പ്രസിഡന്റ് വോളോഡിമർ സെലൻസ്കി ഒപ്പുവെയ്ക്കുകയായിരിന്നു.
ജനുവരി ഏഴാം തീയതി ക്രിസ്തുമസ് ആഘോഷം നടത്തുന്നത് ഉൾപ്പെടെയുള്ള റഷ്യൻ പൈതൃകം ഉപേക്ഷിക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്ന് പുതിയ നിയമത്തിന്റെ വിശദീകരണ കുറിപ്പായി സർക്കാർ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ ഓർത്തഡോക്സ് സഭയും, ഗ്രീക്ക് കത്തോലിക്കാ സഭയും ഡിസംബർ 25നു ക്രിസ്തുമസും, ഡിസംബർ ആറിന് വിശുദ്ധ നിക്കോളാസിന്റെ തിരുനാൾ ദിവസവും ആചരിക്കാനുള്ള തീരുമാനത്തിൽ എത്തിചേർന്നിരുന്നു.
യുദ്ധസമയം ആയതിനാൽ ഇത്തവണ പതിവുചടങ്ങ് ഉണ്ടാകുമോയെന്ന് ആശങ്ക ഉണ്ടായിരുന്നെങ്കിലും ക്രിസ്തുമസ് ട്രീ സ്ഥാപിക്കാനുള്ള അനുമതി കീവിലെ ഡിഫൻസ് കൗൺസിൽ അംഗീകരിക്കുകയായിരുന്നു. എന്നാൽ ഭക്ഷണശാലകൾ അടക്കമുള്ള മറ്റു ചില പരിപാടികൾ റദ്ദാക്കപ്പെട്ടു. സോഫിയ ദേവാലയത്തിന്റെ മുൻപിൽ നടന്ന തിരിതെളിയിക്കൽ ചടങ്ങിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് ആളുകളാണ് എത്തി ചേർന്നത്. ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർക്ക് മേയർ വിറ്റാലി ക്ളിഷ്കോ നന്ദി രേഖപ്പെടുത്തി.