News

ക്രിസ്തുമസിന് വത്തിക്കാന്‍ തയാര്‍; പുൽക്കൂടും ട്രീയും അനാവരണം ചെയ്തു

പ്രവാചകശബ്ദം 11-12-2023 - Monday

വത്തിക്കാൻ സിറ്റി: ക്രിസ്തുമസിന് തയാറെടുപ്പ് പൂര്‍ത്തിയാക്കി വത്തിക്കാന്‍ പുൽക്കൂടും ട്രീയും അനാവരണം ചെയ്തു. ഡിസംബർ 9ാം തീയതി സായാഹ്നത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കിയാണ് ചടങ്ങ് നടന്നത്. വിശുദ്ധ ഫ്രാൻസിസ് അസീസ്സി ഒരുക്കിയ ലോകത്തിലെ ആദ്യത്തെ പുൽക്കൂടിന്റെ എണ്ണൂറാം വാർഷികം ആചരിക്കുന്നതിന്റെ ഭാഗമായി ഇത്തവണ വത്തിക്കാനിൽ ഒരുക്കിയ പുൽക്കൂട്ടിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും, വിശുദ്ധ വിശുദ്ധ യൗസേപ്പിതാവിന്റെയും സമീപത്ത് വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെ രൂപവും സ്ഥാപിച്ചിട്ടുണ്ട്.

വത്തിക്കാൻ സിറ്റിയുടെ നടത്തിപ്പ് ചുമതലയുള്ള കർദ്ദിനാൾ ഫെർണാണ്ട വെർഗസ് പുൽക്കൂടിന്റെ ഉദ്ഘാടനത്തിന് അധ്യക്ഷത വഹിച്ചു. ആയിരത്തിന് മുകളിൽ ആളുകൾ ഉദ്ഘാടനത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നു. എങ്ങനെയാണ് പുൽക്കൂട് നിർമ്മിച്ചത് എന്നത് സംബന്ധിച്ച് ഉള്ള വിവരണങ്ങളും, ക്രിസ്തുമസ് ഗാനാലാപനങ്ങളും പരിപാടിയുടെ ഭാഗമായി നടന്നു. പുൽക്കൂടിന്റെ അറ്റത്ത് പരിശുദ്ധ കന്യകാമറിയം ഇരിക്കുന്നതായിട്ടാണ് രൂപം സ്ഥാപിച്ചിരിക്കുന്നത്. 1223ൽ ഇറ്റലിയിലെ ഗ്രേസിയോ ഗ്രാമത്തിൽ വിശുദ്ധ ഫ്രാൻസിസിന് പുൽക്കൂട് ഒരുക്കാൻ സഹായം നൽകിയ അന്നത്തെ മേയർ ആയിരുന്ന ജിയോവാനി വെലീറ്റയുടെയും, അദ്ദേഹത്തിന്റെ ഭാര്യയുടെയും രൂപങ്ങളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

കാളയുടെയും, കഴുതയുടെയും രൂപങ്ങളും പുൽക്കൂടിന്റെ ഭാഗമാണ്. ആദ്യത്തെ പുൽക്കൂട് ഒരുക്കാൻ വിശുദ്ധ ഫ്രാൻസിസ് നിയോഗിച്ച മൂന്ന് ഫ്രാൻസിസ്കൻ സന്യാസികളുടെ രൂപങ്ങളും ഇത്തവണ പുൽക്കൂട്ടിൽ ഇടം നേടിയിട്ടുണ്ട്. ഗ്രേസിയോ ഗ്രാമം സ്ഥിതി ചെയ്യുന്ന റേയ്ത്തി രൂപതയാണ് ഈ വർഷത്തെ പുൽക്കൂട് ഒരുക്കിയത്. ചടങ്ങിൽ ക്രിസ്തുമസ് ട്രീയിൽ വിളക്കുകളും തെളിയിച്ചു. മാക്രയിലെ ക്രൈസ്തവ സമൂഹമാണ് 80 അടി ഉയരമുള്ള ഫിർ മരത്തിന്റെ ക്രിസ്തുമസ് ട്രീ നൽകിയത്. ഇതിൽ പച്ചയും, നീലയും, ചുമലയും, വെളിച്ചങ്ങൾ മിന്നി മറയുന്നു. ക്രിസ്തുമസ്കാലം കഴിഞ്ഞതിനുശേഷം ട്രീയുടെ തടി ഉപയോഗിച്ച് കുട്ടികൾക്ക് വേണ്ടിയുള്ള കളിപ്പാട്ടങ്ങൾ നിർമ്മിക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്.


Related Articles »