India - 2024
ക്രിസ്തുമസ് ആശംസകൾ നേര്‍ന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
പ്രവാചകശബ്ദം 25-12-2023 - Monday
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ക്രിസ്തുമസ് ആശംസകൾ നേർന്നു. പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദർഭമാണ് ക്രിസ്തുമസെന്നു മുഖ്യമന്ത്രി പറഞ്ഞു. ലോകമാകെ കൊണ്ടാടപ്പെടുന്ന ക്രിസ്തുമസ് സ്നേഹത്തിന്റെയും സൗഹാർദത്തിൻ്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങൾ ഊട്ടിയുറപ്പിച്ചുകൊണ്ട് ആഘോഷിക്കുന്ന സന്ദർഭമാണ്. ഏത് വിഷമ കാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ല കാലം ഉണ്ടാകുമെന്ന സങ്കല്പത്തിന്റെ സാക്ഷാത്കാരമാണ് ക്രിസ്‌തുമസ് സന്ദേശത്തിൽ അടങ്ങിയിട്ടുള്ളതെന്നു മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു.
ത്യാഗത്തിന്റെ പര്യായമാണ് ക്രിസ്‌തുമസെന്ന് പ്രതിപക്ഷ നേതാവ് അനുസ്മരിച്ചു. സഹനത്തിന്റേയും ദുരിതത്തിൻ്റേയും കനൽ വഴികൾ താണ്ടി മനുഷ്യന്റെ പാപത്തിന് മോചനമുണ്ടാക്കാൻ ക്രിസ്‌തു നടത്തിയ ശ്രമങ്ങളും അവിടുത്തെ വാക്കുകളും സ്നേഹത്തിൻ്റേയും സാഹോദര്യത്തിൻ്റയും അർഥതലങ്ങൾ നമ്മളെ ബോധ്യപ്പെടുത്തുന്നു. അന്ധകാരം നിറഞ്ഞ കെട്ട കാലത്ത് നമ്മുടെ മനസിലേക്കും ലോകത്തിലേക്കും ക്രിസ്തു വെളിച്ചമായി. സ്നേഹത്തിന്റെ പുതിയ വഴിത്താരകൾ ഉണ്ടാക്കാൻ, സ്നേഹം കൊണ്ട് എല്ലാവരേയും ജയിക്കാൻ ക്രിസ്മസ് ആലോഷങ്ങളിലൂടെ കഴിയട്ടെയെന്ന് ആശംസിക്കുകയാണെന്നും വിഡി സതീശന്‍ പറഞ്ഞു.