India - 2025

സഭയുടെ പ്രാർത്ഥനകൾക്ക് ദൈവം നൽകിയ വലിയ സമ്മാനം: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

പ്രവാചകശബ്ദം 11-01-2024 - Thursday

കൊച്ചി: സഭയുടെ പ്രാർത്ഥനകൾക്ക് ദൈവം നൽകിയ വലിയ സമ്മാനമാണ് പുതിയ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലെന്നു കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ദൈവം കനിഞ്ഞു നൽകിയ ദാനങ്ങൾ പൂർണതയി ലെത്തിക്കാൻ നിരന്തരം പരിശ്രമിച്ച ഇടയനാണു അദ്ദേഹം. സഭയ്ക്ക് തികച്ചും യോഗ്യനായ മേജർ ആർച്ച്ബിഷപ്പിനെ തെരഞ്ഞെടുക്കാനുള്ള ആത്മാവിന്റെ വെളിച്ചം സിനഡിലെ മെത്രാന്മാർക്കു നൽകണേയെന്നു സഭ മുഴുവനും ഒരു മാസത്തിലധികമായി പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു.

ആ പ്രാർത്ഥന ഫലമണിഞ്ഞു. സിനഡിലെ മെത്രാന്മാർ പ്രാർത്ഥിച്ചും ഉപവസിച്ചും വിശുദ്ധ കുർബാനയർപ്പിച്ചും നിശബ്ദമായി ധ്യാനിച്ചും ചിന്തിച്ചും നടത്തിയ തെരഞ്ഞെടുപ്പിലൂടെയാണ് നമുക്ക് പുതിയ മേജർ ആർച്ച്ബിഷപ്പിനെ ലഭിച്ചത്. മാർപാപ്പ ഇതിന് അംഗീകാരം നൽകുകയായിരിന്നു.

വിവിധ പള്ളികളിലും സെമിനാരിയിലും തുടർന്നു വികാരി ജനറാൾ, സഹായ മെത്രാൻ എന്നീ നിലകളിലും തൃശൂർ അതിരൂപതയിൽ നിറഞ്ഞുനിന്ന വ്യക്തിത്വമാണ് മാർ തട്ടിലിൻ്റേത്. ഷംഷാബാദ് രൂപതയുടെ പ്രഥമ മെത്രാനെന്ന നിലയിലും സഭയുടെ മൈഗ്രന്റ്സ് കമ്മീഷന്റെ അധ്യക്ഷനെന്ന നിലയിലും മാർ തട്ടിൽ ചെയ്തിട്ടുള്ള സേവനങ്ങൾ മഹത്തരമാണെന്നും കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അനുസ്മരിച്ചു.


Related Articles »