News - 2024

നൂറാം വയസ്സിലും ആവിലായിലെ ഈ വൈദികൻ സേവന സന്നദ്ധൻ

പ്രവാചകശബ്ദം 26-01-2024 - Friday

മാഡ്രിഡ്: പ്രായം നൂറു പിന്നിട്ടെങ്കിലും ഇപ്പോഴും സദാ സേവന സന്നദ്ധനായ ആവിലായിലെ വൈദികന് ആദരവുമായി രൂപത. മോൺ. വിർജിലിയോ ഗോൺസാലസിൻറെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് ജനുവരി 18ന്, ആവിലായിലെ ബിഷപ്പ് മോൺ. ജീസസ് റിക്കോ ഗാർസിയ സാൻ മില്ലൻ വൈദിക ഭവനത്തിൽ നടന്ന ദിവ്യബലിക്ക് നേതൃത്വം നൽകി. തന്റെ രൂപതയിലെ എഴുപത്തിയഞ്ച് വർഷമായി വൈദിക സേവനം തുടരുന്ന വൈദികന് ആദരമർപ്പിക്കാനാണ് ബിഷപ്പ് നേരിട്ട് എത്തിയത്. മഞ്ഞു പെയ്യുമ്പോഴും തന്റെ മേലങ്കിയും തൊപ്പിയും സൈക്കിളുമായി ആ പ്രദേശത്തെ പട്ടണങ്ങളിൽ പര്യടനം നടത്തിയിരുന്ന മോൺ. ഗോൺസാലസ്, കുർബാന കൊടുക്കുന്നതിലും രോഗീസന്ദർശനത്തിലും നഗരത്തിൽ ആവശ്യമുള്ളതെന്തിനും എപ്പോഴും മലയടിവാരത്തുണ്ടാകുമായിരുന്നെന്നും അദ്ദേഹത്തെ അറിയുന്നവർ പറയുന്നു.

2007-ൽ ഓണററി ചാപ്ലിൻ ഓഫ് ഹിസ് ഹോളിനസ് പദവി ലഭിച്ച ഗോൺസാലസ്, മാതൃകാ പുരോഹിതനാണെന്നു ബിഷപ്പ് അഭിപ്രായപ്പെട്ടു. ഗോൺസാലസിനെപ്പോലെയുള്ള ഒരു നല്ല വൈദികന്റെ ഗുണങ്ങൾ വിനയം, വിശ്വസ്തത, കൃതജ്ഞത എന്നിവയായിരിക്കണമെന്ന് പറഞ്ഞ ആവിലായിലെ ബിഷപ്പ്, ഒരു വൈദികൻ വളരെ വലിയവനും, അതേ സമയം വളരെ ചെറിയവനും, കുലീനവും ലളിതവുമായ ആത്മാവുള്ളവനും വിശുദ്ധിയുടെ ഒഴിച്ചുകൂടാനാവാത്ത ഉറവിടവുമായിരിക്കണമെന്നും പറഞ്ഞു.

ദിവ്യബലിയെത്തുടർന്നുള്ള ആഘോഷങ്ങളിൽ ആവിലായിലെ ബിഷപ്പ് എമിരിറ്റസ് മോൺ. ജീസസ്‌ ഗാർസിയ ബുറില്ലോ, വല്ലാഡോലിഡിലെ ആർച്ച് ബിഷപ്പ് എമിരിറ്റസ് കർദ്ദിനാൾ റിക്കാർഡോ ബ്ലാസ്ക്വസ്, സലമാങ്കാ ബിഷപ്പ് എമിരിറ്റസ് മോൺ. കാർലോസ് ലോപ്പസ്, ഗ്രാനഡയിലെ ആർച്ച് ബിഷപ്പ് മോൺ ജോസ് മരിയ ഗിൽ തമായോ,എന്നിവരും മോൺ. ഗോൺസാലസിന്റെ ബന്ധുക്കളും പങ്കുചേർന്നു.


Related Articles »