News - 2024

പാക്ക് ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു ആശ്വാസം; സ്കൂളിലെ നിര്‍ബന്ധിത ഇസ്ലാം പഠനം ഒഴിവാക്കി

പ്രവാചകശബ്ദം 30-01-2024 - Tuesday

ലാഹോര്‍: ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള അമുസ്‌ലിം വിദ്യാർത്ഥികൾക്ക് ഏര്‍പ്പെടുത്തിയിരിന്ന സ്കൂളിലെ നിര്‍ബന്ധിത ഇസ്ലാം പഠനം പാക്ക് സര്‍ക്കാര്‍ ഒഴിവാക്കി. 2024-2025 അധ്യയന വർഷത്തിൽ പുതിയ പാഠ്യപദ്ധതി അവതരിപ്പിക്കുമെന്ന് ഫെഡറൽ വിദ്യാഭ്യാസ, പ്രൊഫഷണൽ പരിശീലന മന്ത്രാലയം പ്രഖ്യാപിക്കുകയായിരിന്നു. ഇതിന്‍ പ്രകാരം ക്രിസ്ത്യൻ വിദ്യാർത്ഥികൾക്ക് ഇസ്ലാമിക പഠനം ഇനി നിർബന്ധമല്ല. ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് അവരവര്‍ അംഗമായിരിക്കുന്ന മതം പഠിക്കാൻ ഉടൻ അനുമതി നൽകും. തീരുമാനം പാക്കിസ്ഥാനിൽ മതസ്വാതന്ത്ര്യ പോരാട്ടം നടത്തുന്നവര്‍ക്കുള്ള വിജയമായാണ് കണക്കാക്കുന്നത്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി തുല്യ വിദ്യാഭ്യാസത്തിനായി പോരാടുന്ന പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങളുടെ വലിയ വിജയമാണിതെന്ന് പാക്ക് ന്യൂനപക്ഷ അധ്യാപക സംഘടനയുടെ ചെയർമാൻ അഞ്ജും ജെയിംസ് പോൾ പറഞ്ഞു. വിവിധ സര്‍ക്കാരുകള്‍, സ്ഥാപനങ്ങൾ, ഉന്നത കോടതികൾ എന്നിവയ്ക്ക് അപ്പീൽ നൽകിയതിന് ശേഷം പാക്ക് സർക്കാർ ന്യൂനപക്ഷ വിദ്യാർത്ഥികളുടെ ഈ അവകാശം അംഗീകരിക്കുകയും നിർബന്ധിതമായി ഇസ്ലാം പഠിക്കുന്നതിൽ നിന്ന് അവരെ ഒഴിവാക്കുകയുമായിരിന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രിസ്ത്യൻ വിദ്യാർത്ഥികൾക്കുള്ള പാഠ്യപദ്ധതിയിൽ ബൈബിളിന്റെ സമഗ്രമായ പഠനം, യേശുക്രിസ്തുവിന്റെ ജീവിതവും പഠിപ്പിക്കലും, സഭാ ചരിത്രം, പ്രചോദനം പകരുന്ന ക്രിസ്തീയ വ്യക്തിത്വങ്ങളെ കുറിച്ചുള്ള പഠനം എന്നിവ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ക്രിസ്ത്യാനികൾ മതനിന്ദ നിയമങ്ങൾക്കും ആൾക്കൂട്ട അക്രമത്തിനും നിർബന്ധിത വിവാഹത്തിനും മതപരിവർത്തനത്തിനും ഇരയായി കൊണ്ടിരിക്കുന്ന രാജ്യമാണ് പാക്കിസ്ഥാന്‍. 2017-ലെ അവസാനത്തെ ദേശീയ സെൻസസ് പ്രകാരം രാജ്യത്തെ ആകെ ജനസംഖ്യയുടെ 1.27 ശതമാനം മാത്രമാണ് ക്രൈസ്തവര്‍.


Related Articles »