News
''അറിയാമോ?''; ലോക സമർപ്പിത ദിനത്തിൽ ചോദ്യങ്ങളുമായി സഹോദര വൈദികരുടെ കുറിപ്പ്
ഫാ. സിജോ ഇടക്കരോട്ട് MCBS & ഫാ. വിൻസെന്റ് ഇടക്കരോട്ട് MCBS 02-02-2024 - Friday
ഇന്ന് ഫെബ്രുവരി 2. ലോക സമർപ്പിത ദിനം.
സമർപ്പിതർ...
അനുഭവിക്കുന്ന ആനന്ദം എത്രയധികമെന്നറിയാമോ? ഏറ്റെടുത്തിരിക്കുന്ന ത്യാഗം എത്രയെന്നറിയാമോ? ഉപേക്ഷിച്ച സൗഭാഗ്യങ്ങളെത്രയെന്നറിയാമോ? ആശ്വസിപ്പിച്ച മനസ്സുകളെത്രയെന്നറിയാമോ? തുടച്ച കണ്ണീർതുള്ളികളെത്രയെന്നറിയാമോ? കരുതലോടെ ചേർത്തു നിർത്തുന്നതെത്ര ജീവിതങ്ങളെയാണെന്നറിയാമോ? അറിവിന്റ വെളിച്ചം പകർന്നത് എത്രപേർക്കാണെന്ന് അറിയാമോ? ജീവിതത്തിന്റെ നേർവഴി കാണിച്ചത് എത്രപേർക്കാണെന്ന് അറിയാമോ? തളർന്നു വീഴാതെ എത്രപേരെ കൈപിടിച്ചുയർത്തിയിട്ടുണ്ടെന്നറിയാമോ?
എത്രയെത്ര മുറിവുകൾ വച്ചുകെട്ടിയിട്ടുണ്ടെന്നറിയാമോ? സ്വയം മറന്ന് എത്ര മണിക്കൂറുകളാണ് മറ്റുള്ളവർക്കായി മാറ്റിവച്ചതെന്നറിയാമോ? ആരോഗ്യം മറന്ന് എത്രയെറെ അദ്ധ്വാനിച്ചിട്ടുണ്ടന്നറിയാമോ? അർപ്പിച്ച വി. ബലികളുടെ മാഹാത്മ്യം എത്രയെന്ന് അറിയാമോ? കൂദാശകളിലൂടെ എത്രയേറെ കൃപകൾ പകർന്നിട്ടുണ്ടന്നറിയാമോ? അനുനിമിഷവും അധരത്തിലും ഹൃദയത്തിലും ഉയരുന്ന പ്രാർത്ഥനയുടെ ശക്തിയെത്രയെന്നറിയാമോ? അനേകരുടെ ആത്മരക്ഷക്കായി നടത്തിയ പരിശ്രമങ്ങളെത്രയെന്നറിയാമോ? സമൂഹത്തെ പടുത്തുയർത്തിയ പ്രവർത്തന മേഖലകളെത്രയെന്നറിയാമോ? എത്രയെത്ര അനാഥർക്ക് ആശ്രയമായിട്ടുണ്ടന്നറിയാമോ? ജീവിതത്തിൽ സ്വീകരിച്ച ലാളിത്യത്തിന്റ സമ്പന്നയെത്രയെന്നറിയാമോ?
വീഴ്ചകളെ പഴിച്ചാലും കാത്തുസൂക്ഷിക്കുന്ന ജീവിതവിശുദ്ധിയുടെ ആത്മശക്തിയെത്രയെന്നറിയാമോ? പരിഭവങ്ങളില്ലാതെ തുടരുന്ന പുണ്യപ്രവർത്തികളുടെ കരുത്തെത്രയെന്ന് അറിയാമോ? ആരുമറിയാത്ത ജീവിത സുകൃതങ്ങളുടെ സുഗന്ധം എത്രയെന്നറിയാമോ? നിരാശയിൽ താഴ്ന്നയെത്രയെത്ര മുഖങ്ങളിൽ പുഞ്ചിരി നിറച്ചിട്ടുണ്ടെന്നറിയാമോ? ജീവനകലുന്ന മരണനേരത്ത് എത്രപേരുടെ ജീവന്റ കാവലിരുന്നിട്ടുണ്ടെന്നറിയാമോ മരണശേഷവും നിത്യതയെത്തുവോളം പ്രാർഥനയാൽ അനുഗമിക്കുന്നതെത്രയെന്നറിയാമോ? ഇടറിയ സ്വരങ്ങളെ ഉയർത്തിപ്പിടിച്ചാലും മുഴങ്ങി പ്രഘോഷിക്കപ്പെടന്ന സുവിശേഷമെത്രയെന്നറിയാമോ? എത്രയേറെ കുറ്റപ്പെടുത്തിയാലും കുറയാതെ സ്നേഹിക്കുന്നതെത്രയാണന്നറിയാമോ?
ഇന്ന് മാധ്യമങ്ങൾ എത്ര അധിക്ഷേപിച്ചാലും അനുഗ്രഹമാകുന്നതെത്രയാണെന്നറിയാമോ? ആവിഷ്കാര സ്വാതന്ത്ര്യത്തിൽ മുന്ദ്രകുത്തപ്പെടുന്നുവെങ്കിലും അണയാതെ പ്രശോഭിക്കുന്നതെത്രയേറെയാണെന്നറിയാമോ? പൊതു വിചാരണകളിൽ വിഷയമായപ്പോൾ എത്രതവണ മറുത്തു പറയാതിരുന്നിട്ടുണ്ടന്നറിയാമോ? പകരം വയ്ക്കാനാവാത്തവിധം നൽകിയ സംഭാവനകൾ എത്രയെന്നറിയാമോ?
എത്ര പട്ടിണി പാവങ്ങളുട അന്നമായിട്ടുണ്ടെന്നറിയാമോ? പ്രതീക്ഷയറ്റയെത്ര ജീവിതങ്ങൾക്ക് നല്ല സ്വപ്നങ്ങൾ പകർന്നിട്ടുണ്ടെന്നറിയമോ?
നേട്ടങ്ങൾ മറന്ന് ചെയ്ത ശുശ്രൂഷകൾ എത്രയെന്നറിയാമോ? സഹനങ്ങളിലൂടെയും ആത്മനൊമ്പരങ്ങളിലൂടെയും നേടിയ പവിത്രത എത്രയെന്നറിയാമോ? എത്ര നിഷേധിച്ചാലും നല്കിയ നന്മകളെ ഇല്ലാതാക്കാനാകുമോ? കുറവുകളെ മറക്കുന്നില്ല; ബലഹീന നിമിഷങ്ങൾക്കായി മാപ്പിരന്നുകൊണ്ട് നിലയ്ക്കാത്ത അഭിഷേകങ്ങളെ മറക്കാനാകുമോ? ഇങ്ങനെ നീളുന്നു സമർപ്പിത ജീവിതം.
ഒരു കാര്യം ഉറപ്പാണ്. ഈ പറഞ്ഞതിന്റെയും പറയാനുള്ളതിന്റെ കണക്കെടുക്കാനും മുല്യമറിയാനും മനുഷ്യന് കഴിയില്ല. കാരണം അളന്നറിയാനുള്ള അളവുകോൽ ലോകത്തിലില്ല. അതിനാൽ തിരിച്ചറിയാതെ പോകുന്നതിൽ പരിഭവം ഒട്ടുമില്ല. കാരണം സമർപ്പിത ജീവിതം ദൈവത്തിന്റ പ്രവർത്തിയും അതിനുള്ള ചിലരുടെ സമർപ്പണവുമാണ്.
സമർപ്പിതരായതിൽ അഭിമാനത്തോടും സന്തോഷത്തോടും കൂടി.
ഫാ. സിജോ ഇടക്കരോട്ട് MCBS & ഫാ. വിൻസെന്റ് ഇടക്കരോട്ട് MCBS