News - 2024

വത്തിക്കാനിൽ C9 കർദ്ദിനാൾ സമ്മേളനം ആരംഭിച്ചു

പ്രവാചകശബ്ദം 06-02-2024 - Tuesday

വത്തിക്കാന്‍ സിറ്റി: സാർവത്രിക സഭയുടെ ഭരണത്തിൽ മാര്‍പാപ്പയെ സഹായിക്കുന്നതിനും റോമൻ കൂരിയായുടെ പുനരവലോകനത്തിനുമായി ഫ്രാന്‍സിസ് പാപ്പ പ്രത്യേകം രൂപം നല്‍കിയ C9 കർദ്ദിനാൾ സംഘത്തിന്റെ സമ്മേളനം ആരംഭിച്ചു. ഇന്നലെ ഫെബ്രുവരി അഞ്ചിന് ആരംഭിച്ച സമ്മേളനത്തില്‍ ഫ്രാന്‍സിസ് പാപ്പയും സംബന്ധിക്കുന്നുണ്ട്. C9 എന്ന് വിളിക്കപ്പെടുന്ന സംഘത്തിലെ അംഗങ്ങളും ഫ്രാൻസിസ് മാർപാപ്പയ്‌ക്കൊപ്പം സന്നിഹിതരായിരുന്നുവെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് പ്രസ്താവനയില്‍ വ്യക്തമാക്കി. 2023 ഡിസംബർ 4, 5 തീയതികളിലാണ് അവസാനമായി കർദ്ദിനാളുമാരുടെ കൗൺസിൽ യോഗം നടന്നത്.

മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ആഗോള സിനഡ് സംഘാടകനായ കര്‍ദ്ദിനാള്‍ ജീന്‍-ക്ലോഡ് ഹോളറിച്ച്, കനേഡിയന്‍ കര്‍ദ്ദിനാള്‍ ജെറാള്‍ഡ് സി. ലാക്രോയിക്സ്, ബ്രസീലിയന്‍ കര്‍ദ്ദിനാള്‍ സെര്‍ജിയോ ഡാ റോച്ച, സ്പാനിഷ് കര്‍ദ്ദിനാള്‍ ജുവാന്‍ ജോസ് ഒമെല്ല, വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഗവര്‍ണറേറ്റിന്റെ പ്രസിഡന്റായ കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ വെര്‍ഗെസ് അല്‍സാഗ, അമേരിക്കന്‍ കര്‍ദ്ദിനാള്‍ സീന്‍ പാട്രിക്ക് ഒ’മാലി, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയത്രോ പരോളിന്‍, കോംഗോ സ്വദേശി കര്‍ദ്ദിനാള്‍ ഫ്രിഡോളിന്‍ അമ്പോങ്ങോ ബെസുങ്ങു എന്നിവരാണ് പ്രത്യേക സംഘത്തിലെ അംഗങ്ങള്‍. ബിഷപ്പ് മാര്‍ക്കോ മെല്ലിനോ കര്‍ദ്ദിനാള്‍ ഉപദേശക സമിതിയുടെ സെക്രട്ടറി.


Related Articles »