News
കെനിയയില്‍ ക്രിസ്തു സാക്ഷ്യവുമായി ഒരുമിച്ച് കൂടിയത് അന്‍പതിനായിരത്തിലധികം കുഞ്ഞ് മിഷ്ണറിമാര്‍
പ്രവാചകശബ്ദം 14-02-2024 - Wednesday
നെയ്‌റോബി: ഇക്കഴിഞ്ഞ ശനിയാഴ്ച കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയില്‍ മിഷന്‍ തീക്ഷ്ണതയോടെ ഒരുമിച്ച് കൂടിയത് അന്‍പതിനായിരത്തിലധികം കുഞ്ഞ് മിഷ്ണറിമാര്‍. ഫെബ്രുവരി 10ന് നടന്ന അതിരൂപത വാർഷിക ദിവ്യകാരുണ്യ ആഘോഷത്തിൽ പങ്കെടുക്കാനാണ് 120 കത്തോലിക്കാ ഇടവകകളിൽ നിന്നുള്ള പൊന്തിഫിക്കൽ മിഷ്ണറി ചൈൽഡ്ഹുഡ് അംഗങ്ങളായ അരലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഒന്നുചേര്‍ന്നത്.
നെയ്‌റോബി ആർച്ച് ബിഷപ്പ് ഫിലിപ്പ് സുബിറ അനിയോലോ തിരുക്കര്‍മ്മങ്ങള്‍ക്കു മുഖ്യകാര്‍മ്മികത്വം വഹിച്ചു. നെയ്‌റോബി വെസ്റ്റ്‌ലാൻഡ്‌സിലെ സെൻ്റ് മേരീസ് മസോങ്കരി സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യ ആരാധന, സംഗീത കലാപരിപാടികള്‍, പ്രഭാഷണങ്ങള്‍ എന്നിവ ഭാഗമായി നടന്നു. ഒരുമിച്ചു പ്രാർത്ഥനാനിർഭരമായ ജീവിതം എങ്ങനെ നയിക്കാം എന്നതിനെക്കുറിച്ച് ചിന്തിക്കാനുള്ള അവസരമായി ഇതിനെ കാണാമെന്ന് ഫാ. കെവിന്‍ ഡൊമിനിക്ക് പറഞ്ഞു.
കർത്താവുമായുള്ള ദൈനംദിന ആശയവിനിമയത്തിലൂടെ പ്രാർത്ഥനയുടെ സംസ്കാരം പരിപോഷിപ്പിക്കേണ്ടതിന്റെ ആവശ്യകത പരിപാടിയില്‍ ചര്‍ച്ചയായി. ദിവ്യകാരുണ്യ ആരാധനയ്ക്കു ഒടുവില്‍ നടത്തിയ പ്രസംഗത്തിൽ, പിഎംസി കോർഡിനേറ്റർ സിസ്റ്റര്‍ കാതറിൻ കൗവ- പള്ളിയിലോ ആരാധനാലയത്തിലോ മാത്രമല്ല, എവിടെനിന്നും പ്രാർത്ഥിക്കുന്ന സാഹചര്യം ഉണ്ടാകണമെന്ന് കുട്ടികള്‍ ഓര്‍മ്മിപ്പിച്ചു. 2025 ജൂബിലി വർഷത്തിനു ഒരുക്കമായുള്ള പ്രാര്‍ത്ഥനാവര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നമുക്ക് റോഡിലൂടെയും മറ്റെല്ലാ സ്ഥലങ്ങളിൽ നിന്നും നടക്കുമ്പോൾ പ്രാർത്ഥിക്കാമെന്നും സിസ്റ്റര്‍ കാതറിൻ കൗവ പറഞ്ഞു.
1843 മെയ് 19 ന് ഫ്രഞ്ച് ബിഷപ്പ് ചാൾസ് ഡി ഫോർബിൻ ജാൻസൺ സ്ഥാപിച്ചതാണ് പൊന്തിഫിക്കൽ മിഷ്ണറി ചൈൽഡ്ഹുഡ്. 1 വയസ്സ് മുതൽ 14 വയസ്സ് വരെയുള്ള കുട്ടികള്‍ ഇതിന്റെ ഭാഗമാണ്. നൂറ്റിമുപ്പതിലധികം രാജ്യങ്ങളിൽ ഇന്നു സംഘടനയ്ക്കു വേരുകളുണ്ട്. കുട്ടികൾക്കായി പ്രാർത്ഥിക്കുന്ന കുട്ടികൾ, കുട്ടികൾക്ക് സുവിശേഷം നൽകുന്ന കുട്ടികൾ, കുട്ടികളെ സഹായിക്കുന്ന കുട്ടികൾ എന്നീ ത്രിവിധ മുദ്രവാക്യത്തിലൂന്നിയാണ് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍. ലോക സുവിശേഷവൽക്കരണത്തിനായി പരിശുദ്ധ പിതാവിൻ്റെ ആത്മീയ ആശീര്‍വാദമുള്ള സംഘടന കൂടിയാണ് പൊന്തിഫിക്കൽ മിഷ്ണറി ചൈൽഡ്ഹുഡ്.