News

ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റിന്റെ വിവാദ സംസ്കാര ശുശ്രൂഷയ്ക്കു പിന്നാലെ ന്യൂയോർക്കിൽ പാപപരിഹാര ബലിയർപ്പണം

പ്രവാചകശബ്ദം 19-02-2024 - Monday

ന്യൂയോര്‍ക്ക്: ട്രാൻസ്ജെൻഡർ ആക്ടിവസ്റ്റായിരുന്ന വ്യക്തിയുടെ മൃതസംസ്കാര ശുശ്രൂഷ വിവാദമായതിന് പിന്നാലെ ന്യൂയോർക്കിലെ പ്രശസ്തമായ സെന്റ് പാട്രിക്സ് കത്തീഡ്രൽ ദേവാലയത്തിൽ പാപപരിഹാര ബലിയര്‍പ്പണം. സ്ത്രീ വേഷത്തിൽ നടന്നിരുന്ന സിസിലിയ ജെന്റിലി എന്ന പുരുഷന്റെ സംസ്കാര ശുശ്രൂഷയാണ് ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി കത്തീഡ്രൽ ദേവാലയത്തിൽവെച്ച് നടന്നത്. ന്യൂയോർക്ക് സംസ്ഥാനത്ത് ലൈംഗികവൃത്തി നിയമവിധേയമാക്കാൻ ശക്തമായി നിലക്കൊണ്ട വ്യക്തിത്വം കൂടിയായിരിന്നു ജെന്റിലിയുടേത്.

ദേവാലയത്തിൽ സംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കാൻ എത്തിയവർ ജെന്റിലിയെ "വേശ്യകളുടെ മാതാവ്" എന്നാണ് വിശേഷിപ്പിച്ചത്. ചടങ്ങുകളിൽ പങ്കെടുത്തവരിൽ ഏറിയ പങ്കും ട്രാൻസ് വിഭാഗത്തിൽ നിന്നുള്ളവരും ആയിരുന്നു. ഫാഷൻ വസ്ത്രവിധാനങ്ങളോടെ നിരവധിയാളുകൾ പങ്കെടുത്ത സംസ്കാര ചടങ്ങ് ദേവാലയത്തിന്റെ പരിശുദ്ധിയെ തന്നെ കളങ്കപ്പെടുത്തിയെന്നും ആക്ഷേപമുണ്ടായിരിന്നു.മരിച്ചയാളുടെ പശ്ചാത്തലവും പ്രവർത്തന മേഖലയും പിന്തുടർന്നിരുന്ന ആശയത്തേക്കുറിച്ചും ധാരണയില്ലായിരുന്നുവെന്നും സഭ പിന്നീട് അറിയിച്ചു.

ഒരു കത്തോലിക്കാ വിശ്വാസിക്ക് വേണ്ടി കുടുംബവും, സുഹൃത്തുക്കളും സംസ്കാര ബലിക്ക് അനുമതി അഭ്യർത്ഥിച്ചതായിട്ടാണ് കത്തീഡ്രൽ അധികൃതർക്ക് മനസ്സിലായതെന്നും പ്രാർത്ഥനയെയും കൂട്ടായ്മയെയും ഈ വിധത്തിൽ തെറ്റിദ്ധരിപ്പിക്കുകയും, നിന്ദിക്കുകയും ചെയ്തുകൊണ്ട് അപമാനിക്കുമെന്ന് കരുതിയിരുന്നില്ലായെന്നും കത്തീഡ്രൽ ദേവാലയത്തിലെ വൈദികൻ ഫാ. എൻറിക്കോ സാൽവോ പിന്നീട് പ്രസ്താവിച്ചു.അമേരിക്കയുടെ ഇടവക ദേവാലയം എന്നറിയപ്പെടുന്ന കത്തീഡ്രലിൽ ഇങ്ങനെ ഒരു അപവാദ സംഭവം അരങ്ങേറിയത് കാര്യങ്ങൾ കൂടുതൽ വഷളാക്കിയിരിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.

ഇത് പാപത്തിന്റെയും, അന്ധകാരത്തിന്റെയും ശക്തികൾക്കെതിരെ നടക്കുന്ന 40 ദിവസ പോരാട്ട കാലമായ നോമ്പ് ആരംഭിക്കുന്ന സമയത്ത് തന്നെ നടന്നത് ഈ വിശുദ്ധ കാലത്ത് എത്രയധികം പ്രാർത്ഥനയും പരിഹാരങ്ങളും, പ്രായശ്ചിത്തവും, കൃപയും, കരുണയും വേണം എന്നതിൻറെ ഓർമ്മപ്പെടുത്തൽ കൂടിയാണ്. ന്യൂയോർക്ക് ആർച്ച് ബിഷപ്പ് കർദിനാൾ തിമോത്തി ഡോളന്റെ നിർദ്ദേശപ്രകാരമാണ് പരിഹാര ബലി അർപ്പിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. കത്തീഡ്രൽ ദേവാലയത്തിൽ നടന്ന സംസ്കാര ശുശ്രൂഷയില്‍ വലിയൊരു വിഭാഗം വിശ്വാസികളും പ്രതിഷേധം അറിയിച്ചിരിന്നു.


Related Articles »