News - 2024

പാലാ രൂപതയില്‍ നാളെ പ്രാര്‍ത്ഥനാദിനം

പ്രവാചകശബ്ദം 24-02-2024 - Saturday

കോട്ടയം: പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ ആരാധന തടസ്സപ്പെടുത്തിയതിനെ ചോദ്യം ചെയ്‌ത അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആറ്റുചാലിലിനെ അപായപ്പെടുത്താൻ ശ്രമിച്ച പശ്ചാത്തലത്തില്‍ പാലാ രൂപതയില്‍ നാളെ പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ ആഹ്വാനം. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടാണ് ആഹ്വാനം നല്കിയിരിക്കുന്നത്.

കുറ്റക്കാരായവരെ അറസ്റ്റ് ചെയ്ത് എത്രയും വേഗം നിയമനടപടികൾക്ക് വിധേയരാക്കാൻ ബന്ധപ്പെട്ട അധികാരികൾ നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയമാണ്. നാളെ ഞായറാഴ്ച (25-02-2024) രൂപതയിലെ എല്ലാ ദേവാലയങ്ങളിലും വിശുദ്ധ കുർബാനയ്ക്കുശേഷം പ്രത്യേക പ്രാർത്ഥനാശുശ്രൂഷകൾ നടത്തേണ്ടതാണെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍ദ്ദേശിച്ചു. പ്രതിനിധിയോഗം ചേർന്ന് പ്രമേയം പാസ്സാക്കണമെന്നും ആഹ്വാനമുണ്ട്.

ഇന്നലെ ഉച്ചയോടെ പൂഞ്ഞാര്‍ പള്ളിയിൽ ആരാധന നടന്നുകൊണ്ടിരിക്കേ കുരിശടിയിലും മൈതാനത്തും പതിനഞ്ചോളം വരുന്ന സംഘം വാഹന അഭ്യാസപ്രകടനം നടത്തിയതിനെ ഫാ. ജോസഫ് ആറ്റുചാലിൽ തടയുകയും അവരോട് പുറത്തുപോകാൻ ആവശ്യപ്പെടുകയും ചെയ്തതിന് പിന്നാലെയായിരിന്നു ആക്രമണം. വൈദികനും പള്ളി അധികാരികൾക്കും നേരേ സംഘം അസഭ്യവർഷം ചൊരിയുകയും കൈയേറ്റത്തിനു മുതിരുകയുമായിരിന്നു. പള്ളിയുടെ ഗേറ്റ് അടയ്ക്കാൻ ശ്രമിച്ചപ്പോൾ അമിതവേഗത്തിൽ കാർ ഓടിച്ച് വൈദികനെ ഇടിച്ചു വീഴ്ത്തി. വൈദികന്‍ പാലാ മാര്‍ സ്ലീവ മെഡിസിറ്റിയില്‍ ചികിത്സയിലാണ്. പോലീസ് അന്വേഷണം നടന്നുവരികയാണ്.


Related Articles »