News
വീണ്ടും ജയിച്ചാല്‍ ഭ്രൂണഹത്യയെ പിന്തുണയ്ക്കും: നിലപാട് ആവര്‍ത്തിച്ച് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ
പ്രവാചകശബ്ദം 09-03-2024 - Saturday
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്‍റായി വീണ്ടും തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ രാജ്യവ്യാപകമായി ഗർഭഛിദ്രത്തിന് ബലമേകുന്ന നിയമത്തെ പിന്തുണയ്ക്കുമെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ. താൻ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ - ഗർഭഛിദ്രത്തിന് അനുകൂലമായ രാഷ്ട്രീയക്കാരുടെ കോൺഗ്രസ് ആണെങ്കിൽ യു.എസ് സുപ്രീം കോടതി റദ്ദാക്കിയ ദേശസാൽകൃത ഗർഭഛിദ്ര മാനദണ്ഡങ്ങൾ പുനഃസ്ഥാപിക്കുമെന്നു ഇന്നലെ സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തില്‍ ബൈഡന്‍ പറഞ്ഞു.
ഭ്രൂണഹത്യ അവകാശത്തെ അട്ടിമറിക്കാൻ വോട്ട് ചെയ്ത ആറ് സുപ്രീം കോടതി ജസ്റ്റിസുമാരിൽ മൂന്ന് പേരെ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നേരത്തെ നിയമിക്കുകയായിരിന്നുവെന്ന് ബൈഡൻ വിമർശിച്ചു. "എൻ്റെ മുൻഗാമി ഓഫീസിൽ വന്നത് റോയ് വി വേഡ് (ഗർഭഛിദ്രം ഭരണഘടനാപരമായ അവകാശമാക്കിയ അര നൂറ്റാണ്ട് പഴക്കമുള്ള വിധി) അട്ടിമറിക്കപ്പെടുന്നത് കാണാനായിരിന്നു. വിധി അട്ടിമറിക്കപ്പെടാനുള്ള കാരണം അദ്ദേഹമാണ്, അദ്ദേഹം അതിനെക്കുറിച്ച് വീമ്പിളക്കുന്നു". അതിൻ്റെ ഫലമായുണ്ടായ അരാജകത്വം നോക്കണമെന്നും ബൈഡന്‍ പറഞ്ഞു.
തന്റെ ഭരണകാലയളവില്‍ ഭ്രൂണഹത്യയ്ക്കെതിരെ ശക്തമായി നിലക്കൊണ്ട പ്രസിഡന്‍റായിരിന്നു ഡൊണാള്‍ഡ് ട്രംപ്. കടുത്ത ക്രൈസ്തവ വിശ്വാസിയും പ്രോലൈഫ് പ്രവര്‍ത്തകയായ അമി കോണി ബാരെറ്റ് ഉള്‍പ്പെടെയുള്ളവരെ യുഎസ് സുപ്രീംകോടതി ജസ്റ്റിസായി ട്രംപ് നാമനിര്‍ദ്ദേശം ചെയ്തിരിന്നു. ഭ്രൂണഹത്യയ്ക്കു വലിയ സാധ്യതയുണ്ടായിരിന്ന ബില്ലുകളില്‍ ഭേദഗതി നടത്തിയും പ്രോലൈഫ് കേന്ദ്രങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കിയും ട്രംപ് വലിയ ഇടപെടലുകള്‍ നടത്തിയിരിന്നു. എന്നാല്‍ 2021-ല്‍ ജോ ബൈഡന്‍ അധികാരമേറ്റെടുത്തത് മുതല്‍ കാര്യങ്ങള്‍ തകിടം മറിയുകയായിരിന്നു. ഭ്രൂണഹത്യയെ പിന്തുണയ്ക്കുന്ന വലിയ ഇടപെടലുകള്‍ അദ്ദേഹം നടത്തി.
സ്വയം കത്തോലിക്ക വിശ്വാസിയായി അവകാശപ്പെടുന്ന ബൈഡന്‍ സ്വീകരിച്ച പല നടപടികളെയും അപലപിച്ചു അമേരിക്കന്‍ കത്തോലിക്ക സഭ തന്നെ രംഗത്തു വന്നിരിന്നു. 2022 -ല്‍ സ്വവർഗ്ഗ വിവാഹത്തിന് ദേശീയതലത്തിൽ കൂടുതൽ അവകാശങ്ങൾ നൽകുന്ന ബില്ലിൽ ജോ ബൈഡൻ ഒപ്പുവച്ചതും വ്യാപക വിമര്‍ശനത്തിന് കാരണമായി. ക്രിസ്തീയ ധാര്‍മ്മികതയ്ക്കു വിരുദ്ധമായി തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന ജോ ബൈഡനെ അപലപിച്ചു അമേരിക്കൻ മെത്രാൻ സമിതി പരസ്യമായി രംഗത്തുവന്നിട്ടുണ്ടെന്നതും ശ്രദ്ധേയമായ വസ്തുതയാണ്. നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബൈഡനും ട്രംപും ഏറ്റുമുട്ടുമ്പോള്‍ പ്രോലൈഫ് പ്രവര്‍ത്തകരുടെ പിന്തുണ ട്രംപിനായിരിക്കുമെന്ന് തന്നെയാണ് പുറത്തുവരുന്ന വിവരം.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക