News
ഉല്‍മ കുടുംബാംഗങ്ങളുടെ സ്മരണാര്‍ത്ഥം വത്തിക്കാൻ ഗാർഡനിൽ ആപ്പിൾ തൈ നട്ടു
പ്രവാചകശബ്ദം 09-03-2024 - Saturday
വത്തിക്കാൻ സിറ്റി: യഹൂദരെ സംരക്ഷിച്ചതിന്റെ പേരിൽ നാസികൾ കൂട്ടക്കൊല ചെയ്ത ഉല്‍മ കുടുംബാംഗങ്ങളുടെ സ്മരണാര്‍ത്ഥം വത്തിക്കാൻ ഗാർഡനിൽ ആപ്പിൾ മരം നട്ടുപിടിപ്പിച്ചു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിനും റോമിലെ പോളിഷ് കമ്മ്യൂണിറ്റിയിലെ നിരവധി അംഗങ്ങളും യുക്രൈന്‍, ക്യൂബ, അമേരിക്ക തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാരും ചടങ്ങിൽ പങ്കെടുത്തു. ഉൽമ കുടുംബത്തിലെ അംഗങ്ങൾ അവസാനം വരെ, സുവിശേഷ സ്നേഹത്തിൻ്റെ ഉദാഹരണങ്ങളായിരിന്നുവെന്നും ഗർഭധാരണം മുതൽ മരണം വരെ മനുഷ്യജീവനെ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യത്തിൻ്റെ അടയാളമാണ് ഈ കുടുംബമെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ പറഞ്ഞു.
പോളണ്ടിലെ തങ്ങളുടെ ഭവനത്തിൽ നാസികളുടെ അക്രമങ്ങളിൽ നിന്ന് യഹൂദ കുടുംബത്തെ രഹസ്യമായി ഒളിപ്പിച്ചതിന് കൊല്ലപ്പെട്ട യോസേഫും, വിക്ടോറിയ ഉൽമയും അവരുടെ ഏഴ് മക്കളും അടക്കം ഒന്‍പതു പേരെ സെപ്റ്റംബർ പത്താം തീയതിയാണ് തിരുസഭ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തിയത്. കൊല ചെയ്യപ്പെടുമ്പോൾ അമ്മയുടെ ഉദരത്തിൽ ഉണ്ടായിരുന്ന ശിശു ഉൾപ്പെടെ ഒരു കുടുംബം മുഴുവന്‍ ഒരുമിച്ച് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടുവെന്നത് ആഗോള ശ്രദ്ധ നേടിയ വാര്‍ത്തയായിരിന്നു. ബൈബിളിലെ നല്ല സമരിയാക്കാരന്റെ ഉപമയെ ഓര്‍മ്മപ്പെടുത്തുന്നതായിരിന്നു ഉല്‍മ ദമ്പതികള്‍ നടത്തിയ ഇടപെടല്‍.
"ജനിച്ചിട്ടില്ലാത്ത സഭ അംഗീകരിച്ച ആദ്യത്തെ രക്തസാക്ഷി" ഉല്‍മ കുടുംബത്തിലെ ഗര്‍ഭസ്ഥ ശിശുവായിരിന്നുവെന്ന് അല്‍മായര്‍ക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ അണ്ടർസെക്രട്ടറി ഗബ്രിയേല ഗാംബിനോ പറഞ്ഞു. അമ്മയുടെ ഉദരത്തിൽ തന്നെയുണ്ടായിരുന്ന ഈ കുഞ്ഞ്, ജനിച്ചിട്ടില്ലാത്തപ്പോൾ സഭ അംഗീകരിച്ച ആദ്യത്തെ രക്തസാക്ഷിയാണ്. ഒരു ദുർബലമായ കുറ്റിയിൽ നിന്ന് പോലും പുനർജനിക്കുകയും ഫലം കായ്ക്കുകയും ചെയ്യുന്ന ജീവൻ്റെ അടയാളമാണ് ഉല്‍മ കുടുംബത്തെ അനുസ്മരിച്ച് നടുന്ന ഈ ആപ്പിള്‍ ചെടി. ഈ വൃക്ഷം പുനർജന്മത്തിൻ്റെ അടയാളമാണ്, പുനരുത്ഥാനത്തിൻ്റെ അടയാളമാണ്. കഷ്ടതകളും വേദനകളും അനുഭവിക്കുന്ന ലോകത്തിലെ എല്ലാ കുടുംബങ്ങൾക്കും ഇത് ഒരു സാക്ഷ്യമായിരിക്കുമെന്നും ഗബ്രിയേല കൂട്ടിച്ചേര്‍ത്തു.
പോളണ്ട് പ്രസിഡൻ്റ് ഡൂഡ വത്തിക്കാൻ ഗാർഡനിൽ ഉല്‍മ കുടുംബത്തെ അനുസ്മരിച്ച് മരം നട്ടതിനെ സ്വാഗതം ചെയ്തു.എല്ലാ വർഷവും ദശലക്ഷക്കണക്കിന് തീർത്ഥാടകരെ സ്വീകരിക്കുന്ന, ക്രൈസ്തവ ലോകത്തിൻ്റെ കേന്ദ്രമായ, നിത്യനഗരത്തിൽ, അത് കൃത്യമായി വളരുകയും പൂക്കുകയും ഫലം കായ്ക്കുകയും ചെയ്യുമെന്നതിൽ സന്തോഷമുണ്ടെന്നു പോളണ്ട് പ്രസിഡൻ്റ് പ്രസ്താവിച്ചു. ഗോള്‍ഡ്‌മാന്‍, ഗ്രണ്‍ഫീല്‍ഡ് എന്നീ കുടുംബങ്ങളില്‍ നിന്നുള്ള എട്ടു യഹൂദരെ നാസികളില്‍ നിന്നും രക്ഷിക്കുവാന്‍ തങ്ങളുടെ ഭവനത്തില്‍ ഒളിപ്പിച്ചതിന്റെ പേരില്‍ 1944 മാര്‍ച്ച് 24-നാണ് നാസികള്‍ ഉല്‍മ കുടുംബത്തെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട 7 മക്കളില്‍ ഏറ്റവും മൂത്തയാള്‍ക്ക് 8 വയസ്സും, ഏറ്റവും ഇളയ ആള്‍ക്ക് രണ്ടു വയസ്സുമായിരിന്നു പ്രായം. അമ്മയുടെ ഉദരത്തില്‍ ഉണ്ടായിരിന്ന ഗര്‍ഭസ്ഥ ശിശുവിന് 8 മാസമായിരിന്നു പ്രായം.
➤ പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ➤
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക