News

അബ്രാഹത്തിന്റെ ജന്മദേശമായ ഉർ നഗരത്തിലെ ക്രൈസ്തവ ദേവാലയത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍

പ്രവാചകശബ്ദം 12-03-2024 - Tuesday

ബാഗ്ദാദ്: ലോവര്‍ മെസൊപ്പൊട്ടോമിയയിലെ പുരാതന കല്‍ദായ നഗരവും, പൂര്‍വ്വപിതാവായ അബ്രഹാമിന്റെ ജന്മദേശമായി ഉല്‍പ്പത്തി പുസ്തകത്തില്‍ പരാമര്‍ശിക്കുകയും ചെയ്യുന്ന ‘ഉര്‍’ നഗരത്തിലെ ക്രൈസ്തവ ദേവാലയത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍. ഇറാഖിലെത്തുന്ന തീർത്ഥാടകരെ ആകർഷിക്കാനായി പണികഴിപ്പിക്കുന്ന ദേവാലയത്തിന്റെ നിര്‍മ്മാണ പണികള്‍ ഈ മാസം പൂർത്തിയാക്കുമെന്നാണ് കരുതുന്നത്. പരമ്പരാഗതമായി ഇറാഖിൽ പ്രചാരത്തിൽ ഇരിക്കുന്ന മഞ്ഞ നിറത്തിലുള്ള ചുടുകട്ട കൊണ്ട് നിർമ്മിച്ച ഗോപുരത്തില്‍ ദേവാലയ മണി ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്. 2021 മാർച്ച് മാസം ഇറാഖില്‍ സന്ദർശനം നടത്തിയപ്പോൾ ഉർ നഗരത്തില്‍ മതാന്തര പ്രാർത്ഥനയ്ക്ക് ഫ്രാന്‍സിസ് പാപ്പ നേതൃത്വം നൽകിയിരുന്നു.

ഒരു കാലത്ത് ക്രൈസ്തവ വിശ്വാസത്തിന്റെ പിള്ളത്തൊട്ടില്‍ എന്നറിയപ്പെടുന്ന രാജ്യമായിരിന്നു ഇറാഖ്. അമേരിക്കന്‍ അധിനിവേശവും ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ ആവിര്‍ഭാവവും ക്രൈസ്തവരെ കൂട്ടപലായനത്തിലേക്ക് നയിച്ചിരിന്നു. മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഫ്രാൻസിസ് മാർപാപ്പ ദീ കർ പ്രവിശ്യയിലേക്കും, ഉർ പൗരാണിക നഗരത്തിലേക്കും നടത്തിയ സന്ദർശനങ്ങൾ ചരിത്ര പ്രാധാന്യം ഉള്ളതായിരുന്നുവെന്ന് പ്രവിശ്യയിലെ പുരാവസ്തു വിഭാഗത്തിന്റെ അധ്യക്ഷ പദവി വഹിക്കുന്ന ഷാമിൽ അൽ റുമൈത് പറഞ്ഞു. ഉർ നഗരത്തിലെ പുരാവസ്തു കേന്ദ്രങ്ങളുടെ സമീപത്തായിട്ടാണ് പുതിയ ദേവാലയം നിർമ്മിക്കപ്പെട്ടിരിക്കുന്നതെന്നും, അതിനാൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അനേകം ക്രൈസ്തവ സഹോദരങ്ങൾക്ക് ഇവിടം സന്ദര്‍ശനം നടത്താന്‍ പ്രേരണയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2021 ജൂലൈ 10നാണ് ഇറാഖിലെ കല്‍ദായ പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ ലൂയീസ് റാഫേല്‍ സാക്കോയും, ഇറാഖി പ്രധാനമന്ത്രി മുസ്തഫ അല്‍ കദീമിയും പങ്കെടുത്ത കൂടിക്കാഴ്ചയില്‍ ദേവാലയ നിര്‍മ്മാണ പദ്ധതി മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. അന്നു മുഖ്യ എഞ്ചിനീയറായ അദൌര്‍ ഫതൌഹി പുതിയ ദേവാലയത്തിന്റെ രൂപകല്‍പ്പന സഭയ്ക്കും ഭരണകൂടത്തിനും ഔദ്യോഗികമായി കൈമാറിയിരിന്നു. തന്റെ സ്വപ്നപദ്ധതിയായ ഈ ദേവാലയ നിര്‍മ്മാണത്തിനുള്ള വ്യക്തിപരമായ സംഭാവന എന്ന നിലയിലാണ് കല്‍ദായ എഞ്ചിനീയര്‍ ഫതൌഹി രൂപകല്‍പ്പന കൈമാറിയത്.

2003-ൽ നടന്ന അമേരിക്കൻ അധിനിവേശനത്തിനും ഇസ്ളാമിക തീവ്രവാദികളുടെ ആക്രമണങ്ങള്‍ക്കും ശേഷം രണ്ട് പതിറ്റാണ്ട് കൊണ്ട് ഇറാഖിലെ ക്രൈസ്തവ ജനസംഖ്യ 15 ലക്ഷത്തിൽ നിന്നും മൂന്നു ലക്ഷമായി ചുരുങ്ങിയിരിന്നു. രണ്ടായിരത്തിന്റെ തുടക്കത്തിൽ അൽക്വയ്ദ തീവ്രവാദ സംഘടനയിൽ നിന്നും പിന്നീട് 2014 മുതൽ 2017 വരെയുള്ള കാലഘട്ടത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടനയിൽ നിന്നും കടുത്ത പീഡനങ്ങളാണ് രാജ്യത്തെ ക്രൈസ്തവരും, മറ്റ് ന്യൂനപക്ഷ വിഭാഗത്തിൽപെട്ടവരും നേരിട്ടത്. തീവ്രവാദ സംഘടനയുടെ പതനത്തിനു ശേഷവും തൊഴിലില്ലായ്മയും, മറ്റ് സായുധ സംഘടനകളുടെ സാന്നിധ്യവും മൂലം സ്വന്തം നാട്ടിലേക്ക് മടങ്ങി വരാൻ ക്രൈസ്തവര്‍ ഇപ്പോഴും ബുദ്ധിമുട്ട് നേരിടുകയാണ്.


Related Articles »