Faith And Reason
'ക്രൈസ്തവ ന്യൂനപക്ഷ സംരക്ഷകന്‍' ഷഹബാസ് ഭട്ടിയുടെ സ്മരണയില്‍ പാക്കിസ്ഥാനിലെ ക്രൈസ്തവര്‍
പ്രവാചകശബ്ദം 12-03-2024 - Tuesday
ലാഹോര്‍: ക്രൈസ്തവര്‍ അടക്കമുള്ള പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങളുടെ വിശ്വാസ സംരക്ഷണത്തിനും ഭീകരവാദത്തിനുമെതിരേ പോരാടിയ രാജ്യത്തെ ഏക ക്രൈസ്തവ മന്ത്രി ഷഹബാസ് ഭട്ടിയുടെ ഓര്‍മ്മയില്‍ പാക്ക് ക്രൈസ്തവര്‍. ഇക്കഴിഞ്ഞ മാര്‍ച്ച് 2-നായിരുന്നു അദ്ദേഹത്തിന്റെ പതിമൂന്നാമത് ചരമവാര്‍ഷികം. ക്രൈസ്തവരുടെ അവകാശങ്ങള്‍ക്കും സംരക്ഷണത്തിനും വേണ്ടി ശക്തമായി നിലക്കൊണ്ടിരിന്ന അദ്ദേഹത്തെ, 2011 മാര്‍ച്ച് രണ്ടാം തീയതി ഇസ്ലാമാബാദിൽവെച്ച് തീവ്രവാദികള്‍ കൊലപ്പെടുത്തുകയായിരിന്നു. ഇക്കഴിഞ്ഞ ദിവസം നടന്ന അനുസ്മരണ ചടങ്ങില്‍ ഇസ്ലാമാബാദ്, ലാഹോർ, കറാച്ചി, ഫൈസലാബാദ്, തുടങ്ങിയ പാക്കിസ്ഥാനിലെ വിവിധ നഗരങ്ങളിൽ വിവിധ ക്രിസ്ത്യൻ സമൂഹങ്ങളിൽ നിന്നുള്ളവരും ഇസ്ലാം മതവിശ്വാസികളും പങ്കെടുത്തു.
മത സഹിഷ്ണുതയുടെയും മതാന്തര സൗഹാർദ്ദത്തിൻ്റെയും പ്രചാരകനായിരുന്നു ഷഹബാസ് ഭട്ടിയെന്ന് മുസ്ലീം നേതാക്കൾക്കിടയിൽ, സമാധാനത്തിനും ഐക്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന മതാന്തര കമ്മീഷന്റെ പ്രസിഡൻ്റ് മുഹമ്മദ് അഹ്‌സൻ സിദ്ദിഖി അനുസ്മരിച്ചു. ഭാവി തലമുറയ്ക്കായി മതസ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതിനായി തൻ്റെ ജീവൻ ബലിയർപ്പിച്ച വിമോചകനായ അദ്ദേഹം അന്താരാഷ്ട്ര തലത്തിൽ എപ്പോഴും ഓർമ്മിപ്പിക്കപ്പെടുമെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു. ശബ്ദമില്ലാത്തവർക്ക് ശബ്ദമായി മാറിയ ഷഹബാസ് മതങ്ങളുടെ അതിർ വരമ്പുകളില്ലാതെ എല്ലാവരുടെയും ഹൃദയങ്ങളിൽ ജീവിക്കുന്ന, അടിച്ചമർത്തപ്പെട്ടവരുടെയും ദരിദ്രരുടെയും സംരക്ഷകനായ, നീതിയുടെയും സമാധാനത്തിൻ്റെയും പ്രചാരകനായ വ്യക്തിയായിരിന്നുവെന്ന് അദ്ദേഹത്തിന്റെ ആത്മീയപിതാവ് ഫാ. ഇമ്മാനുവൽ പർവേസ് അനുസ്മരിച്ചു.
അടിയുറച്ച കത്തോലിക്ക വിശ്വാസിയായിരുന്നു ഭട്ടി, പാക്കിസ്ഥാനിലെ മതന്യൂനപക്ഷ, മനുഷ്യാവകാശ സംരക്ഷണത്തിന്റെ ശക്തനായ വക്താവു കൂടിയായിരുന്നു. അദ്ദേഹത്തിന്റെ നിലപാടുകളും, മതനിന്ദ ആരോപിക്കപ്പെട്ടു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ആസിയ ബീബിക്കു വേണ്ടി ശബ്ദമുയര്‍ത്തിയതും ശരിഅത്ത് നിയമങ്ങള്‍ നടപ്പിലാക്കുന്നതിനെതിരേ പ്രതികരിച്ചതും അദ്ദേഹത്തെ ഇസ്ലാമിക തീവ്രവാദികളുടെ കണ്ണിലെ കരടാക്കി മാറ്റുകയായിരിന്നു. അധികം വൈകാതെ അധികാരത്തില്‍ കയറിയതിന്റെ മൂന്നാം വാര്‍ഷിക ദിനത്തില്‍ തെഹരിക് ഐ താലിബാന്‍ എന്ന ഭീകര സംഘടന അദ്ദേഹത്തെ ക്രൂരമായി കൊലപ്പെടുത്തുകയായിരിന്നു. നിരവധി തവണ ഭീഷണിയുണ്ടായിട്ടും അദ്ദേഹം സധൈര്യമാണ് തന്റെ പോരാട്ടം തുടര്‍ന്നത്. താന്‍ യേശുക്രിസ്തുവിലാണ് വിശ്വസിക്കുന്നതെന്നും ക്രൈസ്തവര്‍ക്കു വേണ്ടി രക്തസാക്ഷിത്വം വരിക്കാന്‍ താന്‍ തയാറാണെന്നും അദ്ദേഹം തുറന്ന്‍ പറഞ്ഞിട്ടുണ്ട്. 2016-ല്‍ ഷഹബാസ് ഭട്ടിയുടെ നാമകരണ നടപടികള്‍ക്ക് ഇസ്ലാമാബാദ്-റാവല്‍പിണ്ടി രൂപത തുടക്കം കുറിച്ചിരിന്നു.