News

മുംബൈ സ്വദേശിനി കരന്‍ വസ്വാനി തയ്യാറാക്കിയ ലോഗോ മദര്‍തെരേസയുടെ വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ ഔദ്യോഗിക ലോഗോയായി വത്തിക്കാന്‍ അംഗീകരിച്ചു

സ്വന്തം ലേഖകന്‍ 20-08-2016 - Saturday

മുംബൈ: ലോകമെമ്പാടുമുള്ള ഭാരതീയരും മദര്‍തെരേസ എന്ന വ്യക്തിത്വത്തെ കുറിച്ച് ഒരിക്കലെങ്കിലും കേട്ടിട്ടുള്ളവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിനമാണ് സെപ്റ്റംബര്‍ നാല്. പാവങ്ങളുടെ അമ്മ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മദര്‍തെരേസയെ അന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിക്കും. മുംബൈക്കാരിയായ ലോഗോ ഡിസൈനര്‍ കരന്‍ വസ്വാനിക്കും ഇത് അഭിമാനത്തിന്റെ നിമിഷങ്ങളാണ്. മദര്‍തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തോട് അനുബന്ധിച്ചു തയ്യാറാക്കിയ ലോഗോകളില്‍ വത്തിക്കാന്‍ തിരഞ്ഞെടുത്തത് കരന്‍ വസ്വാനി ചെയ്ത ലോഗോയാണ്.

മദര്‍തെരേസ ഒരു ശിശുവിനെ തന്റെ കരങ്ങളില്‍ എടുത്ത് ഓമനിക്കുന്ന ചിത്രമാണ് ലോഗോയിലുള്ളത്. വെള്ള നിറത്തില്‍ നീല വരകളാല്‍ മദര്‍തെരേസയെ വസ്വാനി വരച്ചിട്ടിരിക്കുന്നു. മദറിന്റെ കൈയില്‍ ലാളന ഏറ്റുവാങ്ങുന്ന കുഞ്ഞിനും നീല നിറമാണ്. മൂന്നു ദിവസം പലതരം ലോഗോകള്‍ വരച്ചു നോക്കിയ കരന്‍ വസ്വാനി ഇപ്പോള്‍ ഉള്ള ലോഗോയിലേക്ക് എത്തിച്ചേര്‍ന്നത് അതിന്റെ ലാളിത്യ സൗന്ദര്യത്തെ മനസിലാക്കിയാണ്.

"ലോകത്തിന്റെ എല്ലാ കോണുകളിലേക്കും എത്തിപ്പെടുന്ന ഒരു ചിത്രമായിരിക്കും ഇതെന്ന് എനിക്ക് അറിയാം. ഇതിനാല്‍ തന്നെ ഏറെ ആകര്‍ഷകവും അതേ സമയം മദറിന്റെ ജീവിതം പോലെ ലളിതവും സുന്ദരവുമായിരിക്കണം എന്ന് ഞാന്‍ ആശിച്ചിരുന്നു". കരന്‍ വസ്വാനി പറഞ്ഞു.

'മദര്‍തെരേസ: ദൈവ വാല്‍സല്യത്തിന്റെയും കാരുണ്യപൂര്‍വ്വമായ സ്‌നേഹത്തിന്റെയും സന്ദേശവാഹിക' എന്ന അര്‍ത്ഥം വരുന്ന പദങ്ങള്‍ ഇംഗ്ലീഷില്‍ ലോഗോയില്‍ എഴുതിയിട്ടുണ്ട്. കൊല്‍ക്കത്ത അതിരൂപതയാണ് വസ്വാനിയെ ലോഗോ രൂപകല്‍പ്പന ചെയ്യണമെന്ന ആവശ്യവുമായി സമീപിച്ചത്. വസ്വാനി രൂപകല്‍പ്പന ചെയ്ത ലോഗോ മിഷ്‌നറീസ് ഓഫ് ചാരിറ്റിയുടെ സൂപ്പീരിയര്‍ മദര്‍ പ്രേമയ്ക്കും, വത്തിക്കാനില്‍ മദര്‍തെരേസയുടെ വിശുദ്ധപ്രഖ്യാപന നടപടികളുടെ പോസ്റ്റുലേറ്ററായി പ്രവര്‍ത്തിക്കുന്ന ഫാദര്‍ ബ്രിയാനും ഏറെ ഇഷ്ടപ്പെട്ടതോടെ ഔദ്യോഗികമായി ഇതിനെ ചടങ്ങിന്റെ ലോഗോയായി സ്വീകരിക്കുകയായിരുന്നു.

ഈ വര്‍ഷം ഏപ്രിലില്‍ ലോഗോയ്ക്ക് അംഗീകാരം ലഭിച്ച ശേഷം താന്‍ ഈ വിവരം ആരോടും പറഞ്ഞിരുന്നില്ലെന്ന് കരന്‍ വസ്വാനി പറയുന്നു. അടുത്തിടെ വാട്ട്‌സ്ആപ്പ് പോലെയുള്ള സമൂഹമാധ്യമങ്ങളിലൂടെ ഇത് പ്രചരിക്കുവാന്‍ തുടങ്ങിയതോടെയാണ് ലോഗോയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയേ ലോകം അറിയുന്നത്. പിന്നീട് അഭിനന്ദനങ്ങളുടെ നിലയ്ക്കാത്ത പ്രവാഹമാണ് ലഭിക്കുന്നതെന്നും വസ്വാനി പറയുന്നു.

#SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക