News - 2024

യുക്രൈനെയും വിശുദ്ധ നാടിനെയും വിശുദ്ധ യൗസേപ്പിതാവിന് ഭരമേല്‍പ്പിച്ച് ഫ്രാൻസിസ് പാപ്പ

പ്രവാചകശബ്ദം 21-03-2024 - Thursday

വത്തിക്കാന്‍ സിറ്റി: യുദ്ധത്തിൻ്റെ ഭീകരത അനുഭവിക്കുന്ന യുക്രൈന്‍, ഇസ്രായേൽ, പലസ്തീൻ രാജ്യങ്ങളെ വിശുദ്ധ യൗസേപ്പിതാവിന്റെ മാധ്യസ്ഥത്തിന് ഭരമേല്‍പ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. മാർച്ച് 19 ചൊവ്വാഴ്‌ച വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ ദിനത്തിലാണ് പാപ്പ സമര്‍പ്പണം നടത്തിയത്. യുദ്ധമെന്നും ഒരു തോൽവിയാണെന്നത് നാം ഒരിക്കലും മറക്കരുതെന്നും യുദ്ധത്തിൽ ഒരിക്കലും മുന്നോട്ടുപോകാനാകില്ലെന്നും യുദ്ധവിരാമത്തിനായി കൂടിയാലോചനകളും ചർച്ചകളും നടത്തുന്നതിനായി പരിശ്രമിക്കണമെന്നും പ്രാർത്ഥിക്കണമെന്നും പാപ്പ പറഞ്ഞു. വിശുദ്ധ യൗസേപ്പിതാവ് സാർവത്രിക സഭയുടെ രക്ഷാധികാരിയാണ്. അതിനാൽ പിതാവിന്റെ മധ്യസ്ഥതയിൽ സഭയെയും ലോകം മുഴുവനെയും ഭരമേല്പിച്ചിട്ടുണ്ടെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

യുദ്ധത്തിൻ്റെ ഭീകരതയാൽ വളരെയധികം കഷ്ടപ്പെടുന്ന യുക്രൈനിലെയും പുണ്യഭൂമിയായ പാലസ്തീനിലെയും ഇസ്രായേലിലെയും ജനങ്ങളെ വിശുദ്ധ യൗസേപ്പിതാവിന് ഏൽപ്പിക്കുന്നു. യുദ്ധം "എല്ലായ്‌പ്പോഴും ഒരു പരാജയമാണ്. അത് ഒരിക്കലും മറക്കരുത്. നമുക്ക് യുദ്ധത്തിൽ തുടരാനാവില്ല. യുദ്ധം അവസാനിപ്പിക്കാനും ചർച്ചകൾ നടത്താനും ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തണം. അതിനായി നമുക്ക് പ്രാർത്ഥിക്കാമെന്നും വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്‌സ് ചത്വരത്തിൽ നിന്ന് തൻ്റെ വാക്കുകൾ ശ്രവിച്ച വിശ്വാസികളോട് പരിശുദ്ധ പിതാവ് പറഞ്ഞു.

തന്റെ സന്ദേശത്തില്‍ മാര്‍ച്ച് 24നു പോളണ്ടില്‍ ജീവന്റെ മഹത്വം ആഘോഷിക്കുവാനിരിക്കുന്ന പരിപാടികള്‍ക്ക് പാപ്പ ആശംസ കൈമാറി. ഓരോ ജീവന്റെയും മഹത്വം വളരെ വലുതാണെന്ന കാര്യം പാപ്പ ആവര്‍ത്തിച്ചു. ജീവന്‍ ആർക്കും സ്വന്തമല്ല. യൂറോപ്പിനെക്കുറിച്ച് പറയുമ്പോള്‍ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഞാൻ പ്രകടിപ്പിച്ച എൻ്റെ സ്വപ്നം നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. ഗർഭത്തിൽ ജീവന്‍ ഉരുവാകുന്ന നിമിഷം മുതൽ സ്വാഭാവിക അന്ത്യം വരെ എല്ലായ്‌പ്പോഴും ജീവനെ സംരക്ഷിക്കുന്ന ഒരു ദേശമായി പോളണ്ട് മാറുന്നതിനുവേണ്ടിയാണ് തന്റെ ആഗ്രഹമെന്നും പാപ്പ പറഞ്ഞു. ആരും ജീവന്റെ ഉടമകളല്ല, സ്വന്തമോ മറ്റുള്ളവരുടേതോ അല്ലെന്ന് മറക്കരുതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.


Related Articles »