News

രണ്ടര മാസത്തിനിടെ 161 അക്രമ സംഭവങ്ങള്‍; ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഭാരതത്തില്‍ വീണ്ടും വര്‍ദ്ധിക്കുന്നു

പ്രവാചകശബ്ദം 23-03-2024 - Saturday

ന്യൂഡല്‍ഹി: ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്‌തവർക്കു നേരേ നടക്കുന്ന അക്രമ സംഭവങ്ങൾ വീണ്ടും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ രണ്ടര മാസത്തിനിടെ 161 അക്രമ സംഭവങ്ങളാണ് ക്രൈസ്തവർക്കും ക്രിസ്‌ത്യൻ സ്ഥാപനങ്ങൾക്കും നേരേ ഉണ്ടായതെന്ന് യുണൈറ്റഡ് ക്രിസ്‌ത്യൻ ഫോറം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. പുതുവത്സരത്തിലെ ആദ്യ മാസമായ ജനുവരിയില്‍ ക്രൈസ്തവര്‍ക്ക് നേരെ 70 അക്രമ സംഭവങ്ങളാണ് അരങ്ങേറിയത്. ഫെബ്രുവരിയിൽ 29 ക്രൈസ്തവ വിരുദ്ധ അക്രമങ്ങള്‍ നടന്നപ്പോള്‍ മാര്‍ച്ച് 15 വരെ മാത്രം 29 അക്രമ സംഭവങ്ങൾ അരങ്ങേറി. ഛത്തീസ്ഗഡിൽ മാത്രം ഇക്കാലയളവില്‍ 47 അക്രമ സംഭവങ്ങളുണ്ടായി.

മരിച്ച ക്രൈസ്തവ വിശ്വാസികളെ വിശ്വാസ ആചാരപ്രകാരം സംസ്‌കരിക്കുന്നത് തടഞ്ഞ സംഭവങ്ങളും ഇവിടെ റിപ്പോർട്ട് ചെയ്‌തു. ഉത്തർപ്രദേശിൽ മാത്രം 36 അക്രമസംഭവങ്ങൾ അരങ്ങേറി. ജന്മദിന പാർട്ടികളിലും മറ്റ് സാമൂഹിക സമ്മേളനങ്ങളിലും പ്രാർത്ഥിക്കുന്നതിന് പോലും പാസ്റ്റർമാർക്കെതിരെ മതപരിവർത്തന കേസുകള്‍ ആരോപിക്കപ്പെടുന്നതിലേക്ക് നയിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മധ്യപ്രദേശ് -14, ഹരിയാന -10, രാജസ്ഥാൻ -ഒമ്പത്, ജാർഖണ്ഡ് - എട്ട്, പഞ്ചാബ്, ആന്ധ്രാപ്രദേശ് - ആറു വീതം, ഗുജറാത്ത്, ബിഹാർ- മൂന്നു വീതം എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ ക്രൈസ്തവ വിരുദ്ധ അക്രമസംഭവങ്ങളുടെ കണക്കുകൾ.

കർണാടകയിൽ രണ്ടര മാസത്തിനിടെ എട്ട് അക്രമസംഭവങ്ങളുണ്ടായി. 2022 ലെ ക്രിസ്തൂമസ് കാലഘട്ടത്തിലെ സാഹചര്യങ്ങള്‍ക്കു സമാനമായി ക്രൈസ്തവര്‍ വീണ്ടും സ്വന്തം വീടുകളിൽ നിന്ന് ആട്ടിയോടിക്കപ്പെടുന്നു. പ്രദേശവാസികൾ ശാരീരികമായി ആക്രമിക്കുകയോ ഭീഷണിപ്പെടുത്തുകയോ അവരുടെ വീടുകൾ നശിപ്പിക്കുകയോ ചെയ്യുന്നു. തെലുങ്കാനയിലും തമിഴ്‌നാട്ടിലും ക്രൈസ്‌തവർ ആക്രമിക്കപ്പെട്ടു. 122 ക്രിസ്ത്യാനികൾ തടങ്കലിലാക്കപ്പെടുകയോ അല്ലെങ്കിൽ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ 19 സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ ഭീഷണി നേരിടുന്നുണ്ടെന്നും യുണൈറ്റഡ് ക്രിസ്‌ത്യൻ ഫോറം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

തീവ്രഹിന്ദുത്വ നിലപാടുള്ള ബി‌ജെ‌പി കേന്ദ്രത്തില്‍ ഭരണം പിടിച്ചെടുത്തതോടെയാണ് തീവ്ര ഹിന്ദുത്വ സംഘടനകള്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുന്നത് പതിവ് സംഭവമായത്. സംഭവങ്ങളില്‍ പോലീസ് നിഷ്ക്രിയത്വം പാലിക്കുന്നത് ഭരണകൂടത്തിന്റെ ഒത്താശയോടെയാണെന്ന ആരോപണങ്ങളിലേക്ക് വിരല്‍ചൂണ്ടുകയാണ്. അതേസമയം നാളെ പരിപാവനമായ വിശുദ്ധ വാരത്തിലേക്ക് ക്രൈസ്തവര്‍ പ്രവേശിക്കുവാനിരിക്കെ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളില്‍ വര്‍ദ്ധനവ് ഉണ്ടാകുമോയെന്ന് ആശങ്കയുണ്ട്.


Related Articles »