News - 2024

മറിയം: ദൈവകൃപ നിറഞ്ഞവൾ | മരിയ സ്പന്ദനങ്ങൾ | മെയ് മാസ ചിന്തകൾ 1

സിസ്റ്റർ റെറ്റി എഫ് സി സി 02-05-2024 - Thursday

ദൈവദൂതൻ പരിശുദ്ധ കന്യകാമറിയത്തെ അഭിസംബോധന ചെയ്യുന്നത് "ദൈവകൃപ നിറഞ്ഞവളേ" (ലൂക്കാ 1:28) എന്നാണ്. മറിയത്തിൽ കൃപയുടെ നിറവുണ്ട്. കൃപ ദൈവത്തിന്റെ സൗജന്യവും സ്നേഹപൂർണവുമായ ദാനമാണ്. ദൈവീക കൃപാവരം ആത്മാവിലേയ്ക്ക്‌ ഒഴുക്കാന്‍ കഴിവുള്ള നീര്‍ച്ചാലാണ്‌ മറിയം. മറിയം ദൈവകൃപ നിറഞ്ഞവൾ എന്നു പറഞ്ഞാൽ ദൈവത്താൽ നിറഞ്ഞവൾ എന്നാണ് അർത്ഥമാക്കേണ്ടത്. ദൈവികതയുടെ ശാന്തമായ സ്നേഹത്തിന്‍റെ പര്യായമാണ് മറിയം.

ദൈവത്തിന്റെ പദ്ധതി പ്രകാരം ജന്മം കൊണ്ട മറിയം കൃപയുടെ നിരുറവയായി. വിശുദ്ധ കുർബാനയും മറ്റു കൂദാശകളും കഴിഞ്ഞാൽ ദൈവകൃപയുടെ നിറവും വിതരണക്കാരിയുമാണ് മറിയം. മറിയത്തിൻ്റെ ജീവിതം അവർണ്ണനീയമായ ദൈവ സ്തുതി കീർത്തനമായിരുന്നു. അതിനാൽ എപ്പോഴും നന്ദിയുള്ള ഹൃദയത്തോടെ ദൈവ തിരുമുമ്പിൽ ആയിരിക്കുവാനും ദൈവത്തിനു കീർത്തനമാലപിക്കാനും പരിശുദ്ധ അമ്മയ്ക്കു സാധിച്ചു.

കൃപ നിറഞ്ഞ മറിയം എപ്പോഴും ദൈവിക പദ്ധതികളോടു സഹകരിക്കുകയും മറ്റുള്ളവരെ സഹായിക്കുകയും ചെയ്തു. തൻ്റെ ഇളയമ്മായ എലിസബത്തിനെ സന്ദർശിക്കുകയും തൻ്റെ ഭർത്താവായി യൗസേപ്പിനെ സ്വീകരിച്ചതും കാനയിൽ കല്യാണ വിരുന്നിൽ കടന്നു ചെന്നതും മറിയം കൃപയാൽപൂരീതയായതിനാലാണ്.

തിരുസഭാ ഗാത്രത്തിലെ കൃപയുടെ വിതരണക്കാരിയായ പരിശുദ്ധ മറിയത്തിൻ്റെ പക്കൽ ഈ മെയ് മാസത്തിൽ നമുക്കു ധൈര്യപൂർവ്വം കടന്നു ചെല്ലാം.മറിയം അവളുടെ വിനയത്താലാണ് "കൃപ നിറഞ്ഞവൾ" ആയത് നമുക്കും, എളിമയോടെ അവളുടെ സന്നിധേ പാർത്ത് ഈശോയിൽ നിന്നു കൃപ സ്വന്തമാക്കാം.


Related Articles »