News

മത സ്വാതന്ത്ര്യത്തിന്റെ വഴിയേ ഈജിപ്ത്: ക്രൈസ്തവ ദേവാലയങ്ങളുടെ നിര്‍മ്മാണം പുനഃരാരംഭിച്ചു

പ്രവാചകശബ്ദം 28-06-2024 - Friday

കെയ്റോ: വടക്കേ ആഫ്രിക്കൻ രാഷ്ട്രമായ മുസ്ലീം ബ്രദർഹുഡ് ആധിപത്യം പുലർത്തിയപ്പോൾ ഈജിപ്തിൽ നിർത്തിവച്ചിരുന്ന ക്രൈസ്തവ ദേവാലയങ്ങളുടെ നിര്‍മ്മാണ പദ്ധതികൾ പുനഃരാരംഭിക്കുന്നു. ഈജിപ്തിലെ ക്രൈസ്തവര്‍ക്കു കുറച്ച് വർഷങ്ങൾക്ക് മുന്‍പ് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ ആരാധനാ സ്വാതന്ത്ര്യം ഇപ്പോഴുണ്ടെന്നാണ് പൊന്തിഫിക്കൽ ചാരിറ്റി ഫൗണ്ടേഷൻ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് (എസിഎൻ) റിപ്പോര്‍ട്ട് ചെയ്യുന്നത്.

2012 മുതൽ തീവ്ര ഇസ്ലാമിസ്റ്റ് ഗ്രൂപ്പിന്റെ ആധിപത്യം രാജ്യത്ത് നിലനിന്നിരുന്നു. ഈജിപ്തിലെ ക്രൈസ്തവര്‍ ഇപ്പോഴും പലതരം പീഡനങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിലും, രാജ്യത്തെ മൂന്നു ലക്ഷത്തോളം വരുന്ന കോപ്റ്റിക് കത്തോലിക്കർ അജപാലനത്തിനായി പള്ളികളുടെ നിർമ്മാണത്തിൽ ഏർപ്പെടേണ്ടത് അത്യാവശ്യമാണെന്ന് അലക്സാണ്ട്രിയയിലെ പാത്രിയാർക്കീസ് ​​ആർച്ച് ബിഷപ്പ് ഇബ്രാഹിം സിദ്രക് പറഞ്ഞു. നിലവിലെ സർക്കാർ പുതിയ പള്ളികൾ പണിയുന്നതിനുള്ള തടസ്സങ്ങൾ നീക്കിയതിനാൽ, എല്ലാ രൂപതകളിലും നിർമ്മാണ പദ്ധതികളുണ്ടെന്നും ആർച്ച് ബിഷപ്പ് സിദ്രക് പറഞ്ഞു.

പള്ളികൾ ഞങ്ങളുടെ കൂട്ടായ്മകളുടെ ഹൃദയമാണ്, ദേവാലയം വളരെ ദൂരത്തായതിനാല്‍ നിരവധി ഇടവകാംഗങ്ങള്‍ക്ക് ഞായറാഴ്ച കുർബാനയ്ക്കായി കുടുംബത്തെ ബസിൽ പള്ളിയിലേക്ക് കൊണ്ടുപോകാൻ അവരുടെ ശമ്പളത്തിൻ്റെ നാലിലൊന്ന് വരെ ചെലവഴിക്കേണ്ടിവരുന്നു. രാജ്യത്ത് പുനരാരംഭിച്ച ദേവാലയ പ്രോജക്ടുകളുടെ ഉദാഹരണമാണ് 2016-ൽ കത്തി നശിച്ച ലക്‌സർ കത്തീഡ്രലിന്റെ പുനരുദ്ധാരണം. എസിഎൻ പിന്തുണയോടെ ദേവാലയത്തിന്റെ പുനര്‍ നിര്‍മ്മാണം നടക്കുകയാണ്. പുനർനിർമ്മാണത്തിനായുള്ള കോപ്റ്റിക് കത്തോലിക്കരുടെ ദാഹത്തിൻ്റെ ഏറ്റവും പ്രതീകാത്മക ഉദാഹരണങ്ങളിലൊന്നാണ് ലക്സറിലെ ഞങ്ങളുടെ കത്തീഡ്രൽ. ഇത് ഉടൻ തന്നെ പൂർണ്ണമായും പുനഃസ്ഥാപിക്കപ്പെടും, എയിഡ് ടു ദി ചർച്ച് ഇൻ നീഡ് ഫൗണ്ടേഷൻ്റെ പിന്തുണക്ക് നന്ദി അറിയിക്കുകയാണെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

ഇതിനിടെ ഏപ്രിൽ 23, 26 തീയതികളിൽ മിന്യ പ്രവിശ്യയിലെ അൽ-ഫവാഖർ, അൽ-കൗം എന്നീ ഗ്രാമങ്ങളിൽ ക്രിസ്ത്യൻ പള്ളികൾ നിർമ്മിക്കാനുള്ള ആശയത്തിൽ രോഷാകുലരായ മുസ്ലീം ജനക്കൂട്ടം ആക്രമിച്ചതായി എസിഎൻ റിപ്പോർട്ട് ചെയ്തു. മുസ്ലീം ബ്രദർഹുഡ് രാജ്യം ഭരിച്ചിരുന്ന കഠിനമായ കാലഘട്ടത്തിൽ നിന്ന് വ്യത്യസ്തമായി ഈജിപ്ഷ്യൻ ക്രിസ്ത്യാനികൾ ഇപ്പോൾ "കൂടുതൽ ആരാധനാ സ്വാതന്ത്ര്യം" അനുഭവിക്കുന്നതിനാൽ ഈ സംഭവത്തെ തികച്ചും ഒറ്റപ്പെട്ട ആക്രമണമായി മാത്രമേ കാണാനാകൂവെന്ന് എ‌സി‌എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 2018-ലെ കണക്കുകള്‍ പ്രകാരം, ഈജിപ്ഷ്യൻ ക്രിസ്ത്യാനികളില്‍ 90% പേരും കോപ്റ്റിക് ഓർത്തഡോക്സ് വിശ്വാസികളാണ്.


Related Articles »