News - 2024

രണ്ടു വിശുദ്ധ ചെറുപുഷ്പങ്ങൾ സ്നേഹസൗരഭ്യം പരത്തുമ്പോൾ | അല്‍ഫോന്‍സാമ്മയോടൊപ്പം ഒരു പുണ്യയാത്ര | 16

സിസ്റ്റർ റെറ്റി FCC 16-07-2024 - Tuesday

"വേദനകൾ പോരാ, സഹനങ്ങൾ പോരാ, ഇനിയുമിനിയും കുരിശുകൾ.എന്റെ ആത്മബലി പൂർത്തിയാകണമെങ്കിൽ ഇനിയും കുരിശുകൾ കിട്ടണം. തന്നില്ലെങ്കിൽ ചോദിച്ചു വാങ്ങും"- വിശുദ്ധ അൽഫോൻസ.

ആധുനിക ലോകത്തിലെ ഏറ്റവും വലിയ വിശുദ്ധ എന്ന് പത്താം പീയൂസ് മാർപാപ്പ വിശുദ്ധ കൊച്ചുത്രേസ്യായ വിശേഷിപ്പിച്ചു. വിശുദ്ധ കൊച്ചുത്രേസ്യയുടെ കുറുക്കുവഴി വിശുദ്ധിയിലേക്ക് മനുഷ്യനെ നയിക്കുന്ന തെറ്റു പറ്റാത്ത പാതയാണ്. ശിശു സഹജമായ നിഷ്കളങ്കത, ആത്മാർത്ഥമായ സ്നേഹം,അടിയുറച്ച ദൈവാശ്രയം, ലാളിത്യം, എളിമ, ദാരിദ്ര്യം,ശിശുവിന്റെ മുഖമുദ്ര എന്നിവയൊക്കെയാണ് ആദ്യാത്മിക ശിശുത്വത്തിന്റെ കാതൽ. തന്നെ ഏറ്റവും അധികം സ്വാധീനിച്ച പുണ്യവതി വിശുദ്ധ കൊച്ചുത്രേസ്യാ ആണെന്ന് അൽഫോൻസാമ്മ പറഞ്ഞിട്ടുണ്ട്.ആ വിശുദ്ധയുടെ ജീവചരിത്രം പലപ്രാവശ്യം അവൾ വായിച്ചിട്ടുണ്ട്.

അനുകരിക്കാൻ അൽഫോൻസാമ്മ അതിയായി മോഹിക്കുകയും പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട്. "മഠത്തിൽ ചേർന്ന് വിരക്ത ജീവിതം നയിക്കാനും പുണ്യവതി ആകുവാനുമുള്ള അഭിവാഞ്ച്ഛ തന്നിൽ നിറച്ചതും സ്നേഹത്തിന്റെയും സഹനത്തിന്റെയും കുറുക്കുവഴി അഭ്യസിപ്പിച്ചതും വിശുദ്ധ കൊച്ചുത്രേസ്യ ആണെന്ന് അൽഫോൻസാമ്മ സാക്ഷ്യപ്പെടുത്തുന്നു. അൽഫോൻസാമ്മക്ക് കൊച്ചുത്രേസ്യാ യിലൂടെ അനവധി അനുഗ്രഹങ്ങൾ ലഭിച്ചിട്ടുണ്ട്."

ഒരിക്കൽ തൊടിയിലൊരിടത്ത് അന്നക്കുട്ടി ഒറ്റയ്ക്ക് നിൽക്കുകയായിരുന്നു. അടുത്ത ഒരു കന്യാസ്ത്രീ വന്നു നിന്നത് അവളുടെ ചിന്താനിർഭരമായ മനസ്സ് അറിഞ്ഞില്ല. ആ അമ്മ അവളോട് വളരെ സ്നേഹപൂർവ്വം സംസാരിച്ചു. ഒരു കന്യാസ്ത്രീയായി വിരക്ത ജീവിതം നയിക്കണമെന്ന് അവർ അന്നക്കുട്ടിയെ ഉപദേശിച്ചു. അന്നക്കുട്ടി പിന്നീട് ഓർത്തപ്പോൾ, ആ സിസ്റ്ററിനെ മുമ്പൊരിക്കലും കണ്ടിട്ടില്ല എന്ന് അവൾക്ക് മനസ്സിലായി. മുട്ടുചിറ മഠത്തിലോ അടുത്ത ഏതെങ്കിലുംമഠത്തിലോ വെച്ച് അവൾ ആ അമ്മയെ കണ്ടിട്ടില്ല. കന്യാസ്ത്രീകൾ അക്കാലത്ത് ഒറ്റയ്ക്ക് സഞ്ചരിക്കാറില്ലായിരുന്നു. മനസ്സിൽ ചെറിയൊരു ഞെട്ടലോടുകൂടി അന്നക്കുട്ടി വിശ്വസിച്ചു. തന്നോട് വന്ന് സംസാരിച്ചത് സ്വർഗീയ മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യ തന്നെയാണെന്ന്.

സ്വർഗ്ഗീയ മധ്യസ്ഥയായ കൊച്ചുത്രേസ്യായുടെ ഒരു പൂജാവശിഷ്ടം കിട്ടിയെങ്കിൽ എന്ന് ഒരിക്കൽ അൽഫോൻസാമ്മ ആഗ്രഹിച്ചു. പക്ഷേ ആരോടും പറയാതെ അവൾ അത് മനസ്സിൽ സൂക്ഷിക്കുക മാത്രം ചെയ്തു. മൂന്നാം ദിവസം അവൾ ആഗ്രഹിച്ച വസ്തു പോസ്റ്റുമാർഗം അവൾക്ക് ലഭിച്ചു. അവൾ ആഗ്രഹിച്ച ദിവസം തന്നെയായിരുന്നു ഒരു സന്യസ്ത വൈദികൻ അത് അവൾക്ക് പോസ്റ്റ് ചെയ്തത്. അൽഫോൻസാമ്മയ്ക്ക് മാർഗദർശിയായി ദൈവം നൽകിയത് എളുപ്പവഴിയിൽ ക്രിയ ചെയ്യാൻ പഠിച്ച ചെറുപുഷ്പത്തെയാണ്.

സീറോ മലബാർ സഭയുടെ പ്രഥമ മേജർ ആർച്ച് ബിഷപ്പ് ആയിരുന്നു കർദ്ദിനാൾ മാർ ആന്റണി പടിയറ അൽഫോൻസാമ്മയുടെ ചരമ സുവർണ്ണ ജൂബിലി സമാപന സമ്മേളനത്തിൽ അവളുടെ ജീവിതം ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യയുടെ ജീവിതത്തോട് സദൃശ്യപ്പെടുത്തി ഇപ്രകാരം പറഞ്ഞു :" അനുദിന ജീവിതത്തിലെ ലളിതവും നിസ്സാരവുമായ അനുഭവങ്ങളും പ്രവർത്തികളും ഉദ്ദേശശുദ്ധിയോടെ, പരിഹാരത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും അരൂപിയോടെ നേരിടുന്നതാണ് ദൈവവരാജ്യം നേടുവാനുള്ള കുറുക്കു വഴി എന്ന ലോകത്തെ പഠിപ്പിച്ച വിശുദ്ധ കൊച്ചുത്രേസ്യായ പോലെ അൽഫോൻസാമ്മയും സ്നേഹത്തിന്റെയും സഹനത്തിന്റെയും കുറുക്കുവഴി നമുക്ക് കാണിച്ചുതന്നു."

ചുരുങ്ങിയ കാലം മാത്രമേ രണ്ടുപേരും ജീവിച്ചിരുന്നുള്ളൂ. അതും ആരാലും അറിയപ്പെടാതെ തന്നെ. ദൈവമേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് തന്റെ ജീവിതം ദൈവ കരങ്ങളിൽ സമർപ്പിച്ച ചെറുപുഷ്പത്തെ പോലെ വേദന കൊണ്ട് ഉറങ്ങാതെ കിടന്ന രാത്രികളിൽ ഞാൻ സ്നേഹിക്കുന്നു എന്ന് പറഞ്ഞ് തന്റെ വേദനകളെ സ്നേഹപൂർവ്വം ദൈവത്തിനെ സമർപ്പിച്ചവളാണ് അൽഫോൻസാമ്മ.

സ്വർഗ്ഗത്തിൽ നിന്ന് ഞാൻ റോസാപുഷ്പങ്ങൾ വർഷിക്കും എന്ന വാഗ്ദാനം നിറവേറ്റുന്ന കൊച്ചുത്രേ പോലെ സഹനങ്ങളെയും ക്ലേശങ്ങളെയും ഈശോയോട് തിരുമുറവുകളിൽ കൊച്ചു റോസാപുഷ്പങ്ങൾ ആയി അൽഫോൻസാമ്മ സമർപ്പിച്ചു. കേരളത്തിന്റെ ചെറുപുഷ്പമാണ് അൽഫോൻസാമ്മ.

"ഈശോ ചോദിക്കുന്നത് ഒന്നും ഞാൻ കൊടുക്കാതിരിക്കുകയില്ല എന്ന് കൊച്ചുത്രേസ്യ പറയുമ്പോൾ ഈശോ തരുന്നത് ഒന്നും ഞാൻ നിരസിക്കുകയില്ല എന്ന് അൽഫോൻസാമ്മ വ്യക്തമാക്കുന്നു". വിശുദ്ധ ഗ്രന്ഥവും, ക്രിസ്താനുകരണവും ഈ രണ്ടു വിശുദ്ധർക്കും ആത്മീയ പോഷണത്തിനുള്ള ഭണ്ഡാകാരമായിരുന്നു. അനുദിന സന്യാസ ജീവിതത്തിലെ ഉല്ലാസവേളകളിൽ ഉല്ലാസത്തിന്റെ രസം ലിസ്യു മഠത്തിൽ വിശുദ്ധ ചെറുപുഷ്പമായിരുന്നുവെന്ന് സഹസന്യാസിനികൾ പറയുമ്പോൾ അൽഫോൻസാമ്മയുടെ സന്തതസഹചാരിണിയായിരുന്ന ഗബ്രിയേലമ്മ സാക്ഷ്യപ്പെടുത്തുന്നു നർമോക്തി കലർന്ന അൽഫോൻസാമ്മയുടെ ഭാഷണം എല്ലാവരെയും ആകർഷിച്ചിരുന്നു.

ഒരിക്കൽ അൽഫോൻസാമ്മ 65 ദിവസം നീണ്ടുനിന്ന ശക്തമായ പനിക്ക് ശേഷം അത്ഭുതകരമായി പെട്ടെന്ന് സുഖം പ്രാപിച്ചു എല്ലാവരും അത്ഭുതപ്പെട്ടു. രാത്രിയിൽ എന്താണ് സംഭവിച്ചത് വിശുദ്ധ കൊച്ചുത്രേസ്യ കാണപ്പെട്ടോ എന്ന് മദർ ഉർസുലാമ്മ ചോദിച്ചപ്പോൾ അൽഫോൻസാമ്മ പറഞ്ഞു. വിശുദ്ധ കൊച്ചുത്രേസ്യ കാണപ്പെടാൻ തക്കവിധം, യോഗ്യത എനിക്കില്ല, ഒരു കർമലീത്ത കന്യാസ്ത്രീ എന്റെ അടുക്കൽ വന്നു നിൽക്കുന്നതായും എന്നെ സ്പർശിച്ച് നിന്റെ പനി വിട്ടു മാറിയിരിക്കുന്നു നിന്നെ പകർച്ചവ്യാധികൾ ഒന്നും ബാധിക്കുന്നതല്ല, എന്നാൽ മരണംവരെയും പലവിധ രോഗങ്ങൾ നിന്നെ പീഡിപ്പിക്കും എന്ന് അറിയിച്ചിട്ട് മറഞ്ഞുപോയതായും എനിക്ക് തോന്നി. വിശുദ്ധ കൊച്ചുത്രേസ്യയുടെ ദർശനവും അതുവഴി അത്ഭുതകരമായ രോഗശാന്തിയും അൽഫോൻസാമ്മയ്ക്ക് ലഭിച്ചു.

നിരവധിപേർ അൽഫോൻസാമ്മയെ വിശുദ്ധ ചെറുപുഷ്പത്തോട് താരതമ്യം ചെയ്യുന്നുണ്ട്. രണ്ടു കന്യകകൾക്കും ഒട്ടേറെ ബാഹ്യ സാദൃശ്യങ്ങൾ ഉണ്ട്. രണ്ടുപേരുടെയും അമ്മമാർ ചെറുപ്പത്തിലെ മരിച്ചുപോയി. രണ്ടുപേരും മഠത്തിനുള്ളിൽ നിശബ്ദ ജീവിതം നയിച്ചവരാണ്. വ്യക്തിപരമായ സഹനവും ധ്യാനാത്മകമായ ജീവിതവും കൊണ്ടാണ് അവർ വിശുദ്ധിയുടെ സോപാനം തരണം ചെയ്തത്. യൗവനാരംഭത്തിൽ തന്നെ രണ്ടുപേരും സ്വർഗ്ഗീയ ആരാമത്തിലേക്കു പറിച്ചു നടപ്പെട്ടു. ഭാഷാ പാണ്ഡിത്യവും സാഹിത്യ വാസനയും രണ്ടുപേർക്കും വേണ്ടുവോളം ഉണ്ടായിരുന്നു.

മലയാളികൾക്ക് പ്രിയപ്പെട്ട ഈ രണ്ടു വിശുദ്ധ ചെറുപുഷ്പങ്ങൾ സ്നേഹസൗരഭ്യം പരത്തുമ്പോൾ നമ്മളും അറിയാതെ ദൈവ സ്നേഹത്തിൻ്റെയും പരസ്നേഹത്തിൻ്റെയും ഗായകരാകും.


Related Articles »