News
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രൈസ്തവ വിശ്വാസി ആസിയ ബീബിയുടെ മോചനം ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു
സ്വന്തം ലേഖകന്‍ 26-08-2016 - Friday
ഇസ്ലാമാബാദ്: മുഹമ്മദ് നബിയെ അപമാനിച്ചുയെന്ന വ്യാജ ആരോപണത്തിന്റെ പേരില്‍ കീഴ്കോടതി വധശിക്ഷയ്ക്കു വിധിച്ച ക്രൈസ്തവ വിശ്വാസി ആസിയാ ബീബിയുടെ കേസില്‍ പാക്കിസ്ഥാന്‍ സുപ്രീംകോടതി ഒക്ടോബറില്‍ അന്തിമ വിധി പറയും. അതേ സമയം ആസിയായെ സ്വതന്ത്രയാക്കമെന്നാവശ്യപ്പെട്ട് ആഗോള തലത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. 2010-ല്‍ ആണ് പ്രവാചക നിന്ദ ആരോപിച്ച് കീഴ്‌ക്കോടതി ആസിയാ ബീബിയെ തൂക്കിലേറ്റാന്‍ വിധിച്ചത്. ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ച ഈ വിധി പാക്കിസ്ഥാന്‍ സുപ്രീം കോടതിയുടെ മുന്നില്‍ അന്തിമ തീരുമാനത്തിനായി എത്തിയിരിക്കുകയാണ്.
2009-ല്‍ ആസിയ ഒരു കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ക്രിസ്തീയ വിശ്വാസിയായ ആസിയ തങ്ങള്‍ക്കൊപ്പം ജോലി ചെയ്യുന്നതില്‍ ചില മുസ്ലിം സ്ത്രീകള്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം. ആസിയ കുടിവെള്ളം ചോദിച്ചപ്പോള്‍ മുസ്ലിം സ്ത്രീകള്‍ നിഷേധിച്ചിരിന്നു. ഒരു അമുസ്ലീമിന് തങ്ങളുടെ കുടിവെള്ള പാത്രം തൊടാന്‍ പോലും അവകാശമില്ലെന്ന് പറഞ്ഞായിരുന്നു അവര്‍ വെള്ളം നിഷേധിച്ചത്.
തുടര്‍ന്ന് ആസിയ കിണറ്റില്‍ നിന്നും വെള്ളം കോരിക്കുടിക്കുകയായിരുന്നു. ഇതിനിടെ ആസിയായും അയല്‍ക്കാരികളായ മുസ്ലീം സ്ത്രീകളും തമ്മിലുള്ള വാക്കേറ്റത്തിനിടെ പ്രവാചകനെതിരെ ആസിയ പരാമര്‍ശം നടത്തിയതെന്നാണ് ആരോപണം. എന്നാല്‍ തന്നെ മനപ്പൂര്‍വം ദൈവനിന്ദാക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് ആസിയ ബീബി പിന്നീട് പറഞ്ഞിരിന്നു.
തുടര്‍ന്നാണ് 51-കാരിയും, അഞ്ചു കുഞ്ഞുങ്ങളുടെ മാതാവുമായ ആസിയാ ബീബിയെ ദൈവദൂഷണ കുറ്റത്തിന് കോടതി തൂക്കിലേറ്റുവാന്‍ വിധിച്ചത്. കീഴ്‌കോടതിയുടെ വിധി സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ സുപ്രീം കോടതി വരെ എത്തിച്ചു. ആസീയാ ബീബിയെ കഴുമരത്തില്‍ നിന്നും രക്ഷിക്കുവാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ പാക്കിസ്ഥാനില്‍ നടത്തുന്നത്.
'അമേരിക്കന്‍ സെന്റര്‍ ഫോര്‍ ലോ ആന്റ് ജസ്റ്റീസ്' എന്ന സംഘടന ആസിയായെ വധശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്നു ആവശ്യപ്പെട്ട് പ്രത്യേക ഓണ്‍ലൈന്‍ പ്രചാരണം നടത്തുന്നുണ്ട്. പാക്കിസ്ഥാന്‍ ഗവണ്‍മെന്റിന് നല്‍കുന്ന നിവേദനത്തില്‍ ഇതിനോടകം തന്നെ നാലേകാല്‍ ലക്ഷം പേര്‍ പങ്കാളികളായിട്ടുണ്ട്.
ആസിയ ബീബിക്ക് മോചനം നല്കണം എന്ന്‍ ആവശ്യപ്പെട്ട് 'അമേരിക്കന്‍ സെന്റര്‍ ഫോര്‍ ലോ ആന്റ് ജസ്റ്റീസ്' തയാറാക്കിയ പെറ്റീഷനില്‍ sign ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക