News - 2024

വയനാട്ടിലെ ദുരന്ത നിവാരണത്തിന് സഹായം ഉറപ്പ് നൽകുകയാണെന്ന് പാലാ രൂപത

പ്രവാചകശബ്ദം 31-07-2024 - Wednesday

പാലാ: വയനാട്ടിലെ ദുരന്ത നിവാരണത്തിനും പുനരധിവാസത്തിനും വേണ്ടി അക്ഷീണം യത്നിക്കുന്ന പ്രദേശത്തെ സഭാനേതൃത്വത്തോട് ചേർന്ന് പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിൽ സഹായം ഉറപ്പു നൽകുകയാണെന്നു പാലാ രൂപത. വയനാട് ജില്ലയിലെ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ മരണമടഞ്ഞവരുടെ ബന്ധുമിത്രാദികളെ ഹൃദയപൂർവ്വം അനുശോചനം അറിയിക്കുകയാണെന്നു പാലാ രൂപത ഇന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

നാളിതുവരെ കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഉരുൾ പൊട്ടൽ ദുരന്തം അനുഭവിക്കേണ്ടി വന്ന വയനാട് ജില്ലയിലെ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ മരണമടഞ്ഞവരുടെ ബന്ധുമിത്രാദികളെ പാലാ രൂപത ഹൃദയപൂർവ്വം അനുശോചനം അറിയിക്കുന്നു. വിവരണാതീതമായ ദുരിതം അനുഭവിക്കുന്ന ഈ പ്രദേശങ്ങളിലെ ജനങ്ങളെ സഹായിക്കുവാൻ മുൻപോട്ടു വരുന്നവരെ നന്ദി അറിയിക്കുകയും അവരോടൊപ്പം ഈ പ്രദേശത്തിൻ്റെ പുനരധിവാസത്തിന് രൂപത ആളും അർത്ഥവും നൽകുവാനുള്ള പരിശ്രമത്തിലാണെന്ന് ബന്ധപ്പെട്ട ഏവരേയും അറിയിക്കുകയും ചെയ്യുന്നു.

പാലാ രൂപതയുടെ സാമൂഹികക്ഷേമ വിഭാഗത്തിൻറെയും യുവജനവിഭാഗത്തിൻ്റെയും പ്രതിനിധികൾ സംഭവദിവസം തന്നെ അവിടെ എത്തിച്ചേർന്നിട്ടുണ്ട്. ദുരന്ത നിവാരണത്തിനും പുനരധിവാസത്തിനും വേണ്ടി അക്ഷീണം യത്നിക്കുന്ന പ്രദേശത്തെ സഭാനേതൃത്വത്തോട് ചേർന്ന് പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിൽ രൂപതയുടെ സഹായം ഉറപ്പു നൽകുന്നു. സമാനതകളില്ലാത്ത ദുരന്തമനുഭവിക്കുന്ന ജനതയ്ക്ക് ഈ പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കുവാൻ വേണ്ട ഉൾക്കരുത്ത് ലഭിക്കുവാനായി ദൈവത്തോട് പ്രാർത്ഥിക്കുകയാണെന്നും ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവനയില്‍ അറിയിച്ചു.


Related Articles »