News - 2024
കോഴിക്കോട് ബിഷപ്പിന്റെ പ്രഖ്യാപനം സ്വാധീനിച്ചു; കാല്‍ കോടി രൂപയുടെ സ്ഥലം വിട്ടുനല്‍കാന്‍ ജിമ്മി ജോര്‍ജ്
പ്രവാചകശബ്ദം 05-08-2024 - Monday
കൂടരഞ്ഞി: വയനാട് ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് നിര്‍ദ്ധിഷ്ട മലയോര ഹൈവേ റോഡിന്റെ സമീപത്തായി കാല്‍ കോടി രൂപയുടെ മൂല്യമുള്ള സ്ഥലം നല്‍കാന്‍ തീരുമാനമെടുത്ത കൂമ്പാറ സ്വദേശി ജിമ്മി ജോര്‍ജ്ജിന് നവമാധ്യമങ്ങളില്‍ നിറഞ്ഞ കൈയടി. വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വെക്കാന്‍ സ്ഥലം നല്‍കുമെന്ന് കോഴിക്കോട് രൂപത ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലിന്റെ പ്രഖ്യാപനമാണ് തന്റെ സ്ഥലം നല്കാന്‍ പ്രചോദനമായതെന്നും സ്ഥലം താന്‍ കത്തോലിക്കാ സഭയെ ഏല്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ജിമ്മി ജോര്‍ജ് കൂട്ടിചേര്‍ത്തു.
വയനാട്ടിലെ ദുരിതബാധിതര്‍ക്ക് വീട് വെക്കുന്നതിന് വേണ്ടി സ്ഥലം വിട്ടുനല്‍കാന്‍ തയാറാണെന്ന കോഴിക്കോട് രൂപതാധ്യക്ഷന്‍ ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കലിന്റെ ഔദ്യോഗിക പ്രഖ്യാപനംകേട്ടപ്പോള്‍, ഞാന്‍ ചിന്തിച്ചത് രൂപതയുടെ കീഴിലുള്ള പൊതുവിലുള്ള സ്വത്ത് വിട്ടുനല്‍കണമെന്നുണ്ടെങ്കില്‍ വളരെയധികം ചര്‍ച്ചകളും തീരുമാനങ്ങളും എടുക്കേണ്ടിയിരിക്കുന്നു. ഒത്തിരി കൂടിയാലോചനകള്‍ നടക്കേണ്ടിയിരിന്നു. സ്ഥലം വിട്ടുകൊടുക്കുന്നതിന് യാതൊരു കൂടിയാലോചനയും വേണ്ടാത്ത തനിക്കു എന്തുക്കൊണ്ട് നല്‍കിക്കൂടാ? ഈ ചിന്തപ്രകാരമാണ് നിര്‍ദ്ദിഷ്ട്ട മലയോര ഹൈവയോട് ചേര്‍ന്നുള്ള തന്റെ സ്ഥലം ദുരിതബാധിതര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചതെന്ന് ജിമ്മി പറയുന്നു.
കൂമ്പാറയിലെ പൊതുപ്രവര്‍ത്തകനായ പിതാവ് വര്‍ക്കിയില്‍ നിന്നും പാരമ്പര്യമായി കിട്ടിയ ഉദയഗിരിയിലെ 2.45 ഏക്കര്‍ സ്വത്തില്‍ നിന്നും 25 സെന്റ് സ്ഥലമാണ് ജിമ്മി വിട്ടു നല്‍കാന്‍ തയ്യാറായത്. കാല്‍ കോടി രൂപയാണ് ഇതിന് വിലമതിക്കുന്നത്. ഹൈവേയോട് മുഖാമുഖം നില്‍ക്കുന്ന സ്ഥലമാണിതെന്നും വീട് പണിയുവാന്‍ കത്തോലിക്ക സഭയ്ക്കു സ്ഥലം നല്‍കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിമ്മി ജോര്‍ജ്ജ് എടുത്ത മാതൃകാപരമായ തീരുമാനം വീഡിയോ ജേര്‍ണലിസ്റ്റായ റഫീഖ് തോട്ടുമുക്കം നവമാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിക്കുകയായിരിന്നു. കേരള വാട്ടര്‍ അതോറിറ്റി ജില്ലാ സ്റ്റാന്റിംഗ് കൌണ്‍സില്‍ ആയി സേവനം ചെയ്യുന്ന ജിമ്മി ജോര്‍ജ് എടുത്ത തീരുമാനത്തിന് നിറഞ്ഞ കൈയടിയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്.
Posted by Pravachaka Sabdam on