News - 2024

ഫ്രാന്‍സിസ് പാപ്പയുടെ സന്ദർശനം ഏഷ്യൻ നാടുകളിൽ വിശ്വാസതരംഗം സൃഷ്ടിക്കും: കർദ്ദിനാൾ ചാൾസ് ബോ

പ്രവാചകശബ്ദം 17-08-2024 - Saturday

യാങ്കൂണ്‍: സെപ്തംബർ 2 മുതൽ 13 വരെ ഇന്തോനേഷ്യ, പാപുവ ന്യൂ ഗിനിയ, ടിമോർ-ലെസ്റ്റെ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കുള്ള ഫ്രാൻസിസ് പാപ്പയുടെ നാല്പത്തിയഞ്ചാമത് അപ്പസ്തോലിക യാത്ര ഏഷ്യൻ നാടുകളിൽ വിശ്വാസതരംഗം സൃഷ്ടിക്കുമെന്ന് കർദ്ദിനാൾ ചാൾസ് മൗങ് ബോ. ഏഷ്യയിലേക്കുള്ള അപ്പസ്തോലിക യാത്രയ്ക്ക് മുന്നോടിയായി മ്യാൻമറിലെ യാങ്കൂണിലെ ആർച്ച് ബിഷപ്പും, ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്സ് കോൺഫറൻസുകളുടെ പ്രസിഡൻ്റ് കർദ്ദിനാൾ ചാൾസ് മൗങ് ബോ വത്തിക്കാൻ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിശ്വാസം അതിന്റെ തീക്ഷ്‌ണതയിൽ ജീവിതത്തിൽ പ്രാവർത്തികമാക്കുന്ന ഏഷ്യൻ ജനതയ്ക്ക് പാപ്പയുടെ സന്ദർശനം ഉണർവ് പ്രദാനം ചെയ്യുമെന്ന് കര്‍ദ്ദിനാൾ പറഞ്ഞു.

മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്നവരാണെങ്കിൽ പോലും, തങ്ങളുടെ വിശ്വാസജീവിതം അഭംഗുരം കാത്തുസൂക്ഷിക്കുവാൻ പരിശ്രമിക്കുന്നവരാണ് ഏഷ്യൻ ജനതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയവും, സാമ്പത്തികവും, സാമൂഹികവും, പാരിസ്ഥിതികവും, സാംസ്കാരികവുമായ വെല്ലുവിളികൾക്കിടയിൽ ഏഷ്യൻ ഭൂഖണ്ഡത്തിലെ ചില ഇടങ്ങളിൽ ക്രൈസ്തവ വിശ്വാസം നിലനിർത്തുന്നത് ഏറെ ശ്രമകരമാണ്. സാധാരണ വിശ്വാസികളെ സംബന്ധിച്ചിടത്തോളം അകലെയായിരിക്കുന്ന പാപ്പ, തങ്ങളുടെ അടുത്തേക്ക് വരുന്നുവെന്നതു തന്നെ ഏറെ സന്തോഷം പകരുന്ന ഒരു കാര്യമാണെന്നും, അവരുടെ വിശ്വാസജീവിതത്തിനു അത് നവോന്മേഷം പകരുമെന്നും കർദ്ദിനാൾ പങ്കുവച്ചു.

ഏഷ്യ സന്ദർശനത്തിൽ, പാപ്പുവ ന്യൂ ഗിനിയ, തിമോർ ലെസ്റ്റെ തുടങ്ങിയ ലോകത്തിന് അത്ര അറിയപ്പെടാത്ത ചെറിയ രാജ്യങ്ങൾ സന്ദർശിക്കാൻ ഫ്രാൻസിസ് പാപ്പ തീരുമാനമെടുത്തുവെന്നതു തന്നെ പ്രാധാന്യമർഹിക്കുന്നുവെന്ന് കർദ്ദിനാൾ പറഞ്ഞു. സംസ്‌കാരങ്ങൾ, വിശ്വാസങ്ങൾ, പാരമ്പര്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഏഷ്യൻ രാജ്യങ്ങൾ ഓരോന്നും വൈവിധ്യമാർന്നതാണെന്നും, എന്നാൽ ക്രൈസ്തവ വിശ്വാസം എല്ലാ ഇടങ്ങളിലും വർദ്ധിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഫ്രാന്‍സിസ് പാപ്പ പത്രോസിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ഏറ്റവും ദൈര്‍ഖ്യമേറിയ അപ്പസ്തോലിക യാത്രയാണ് സെപ്തംബറില്‍ നടക്കാനിരിക്കുന്നത്.


Related Articles »