India
ഷിൻസ് അച്ചന് അന്ത്യാജ്ഞലി അര്‍പ്പിച്ച് ആയിരങ്ങള്‍
പ്രവാചകശബ്ദം 18-08-2024 - Sunday
എടൂർ: കാസർഗോഡ് മുള്ളേരിയ പള്ളി അങ്കണത്തിൽ സ്വാതന്ത്ര്യദിനത്തിൽ ഉയർത്തിയ ദേശീയ പതാക അഴിച്ചെടുക്കുന്നതിനിടെ ഷോക്കേറ്റു മരിച്ച തലശേരി അതിരൂപതയിലെ യുവ വൈദികൻ ഫാ. ഷിൻസ് കുടിലിലിന് ജന്മനാടും അതിരൂപതയിലെ വിശ്വാസ സമൂഹവും വിടയേകി. എടൂരിലെ ഭവനത്തിലും സെന്റ് മേരീസ് ഫൊറോന പള്ളിയിലും മൃതദേഹം പൊതുദർശന ത്തിനു വച്ചപ്പോൾ ആയിരങ്ങൾ അന്ത്യപ്രണാമം അർപ്പിച്ചു. ഇന്നലെ രാവിലെ മൃതദേഹം എടൂരിലെ വീട്ടിലെത്തിച്ചപ്പോൾ മുതല്‍ ജനപ്രവാഹമായിരിന്നു.
എടൂർ സെന്‍റ് മേരീസ് പള്ളിയിൽ വിവിധ ഘട്ടങ്ങളിലായി നടന്ന സംസ്‌കാര ശുശ്രൂഷകൾക്കും വിശുദ്ധ കുർബാനയ്ക്കും തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, ആർച്ച് ബിഷപ്പ് എമരിറ്റസുമാരായ മാർ ജോർജ് വലിയമറ്റം, മാർ ജോർജ് ഞറളക്കാട്ട്, മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്‌സ് താരാമംഗലം എന്നിവര്‍ കാര്‍മ്മികരായി. സംസ്‌കാരശുശ്രൂഷയുടെ ഭാഗമായുള്ള അനുശോചന സന്ദേശത്തിൽ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും ആശ്വസിപ്പിക്കാനാകാതെ തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ വാക്കുകൾ ഇടറിയിരിന്നു.
ഏലിയായെ സ്വർഗത്തിലേക്ക് എടുത്തതുപോലെ മാതാവിൻ്റെ സ്വർഗാരോപണ തിരുനാൾ ദിവസം ദൈവം അഗ്‌നിരഥം അയച്ച് ഷിൻസ് അച്ചനെ സ്വർഗത്തിലേക്കു കൊണ്ടുപോയെന്ന് താൻ വിശ്വസിക്കുന്നുവെന്നും കർത്താവിനോട് അനുരൂപപ്പെട്ട് മൂന്നുവർഷം കൊണ്ട് തന്റെ ബലി പൂർത്തിയാക്കിയ ഹൃദയത്തിന്റെ സംതൃപ്‌തിയാണ് അച്ചൻ്റെ മുഖത്ത് വിരിഞ്ഞ ചിരിയെന്നും ആർച്ച് ബിഷപ്പ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
തലശേരി അതിരൂപത വികാരി ജനറാൾമാരായ മോൺ. ആൻ്റണി മുതുകുന്നേൽ, മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ, തിരുവനന്തപുരം മലങ്കര മേജർ അതിരൂപത വികാരി ജനറാൾ കോർഎപ്പിസ്കോപ്പ മോൺ. വർക്കി ആറ്റുപുറം, ഫാ. ഷിൻസ് കുടിലിലിൻ്റെ വല്യപ്പച്ചൻ്റെ സഹോദരൻ ഫാ. ജോൺ കുടിലിൽ സിഎസ്‌ടി, വല്യപ്പച്ചൻ്റെ സഹോദര പുത്രനും ദീപിക ചീഫ് എഡിറ്ററുമായ റവ. ഡോ. ജോർജ് കുടിലിൽ, കുടുംബാംഗങ്ങളായ ഫാ. ജെയിംസ് കുടിലിൽ, ഫാ. ജെയിംസ് മഠത്തിക്കണ്ടം സിഎംഎഫ് എന്നിവർ സഹകാര്‍മ്മികരായി.
സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിൻ്റെ അനുശോചന സന്ദേശം അതിരൂപത വൈസ് ചാൻസലർ ഫാ. ജോസഫ് റാത്തപ്പിള്ളിലും ഫാ. ഷിൻസ് കുടിലിലിൻ്റെ ലഘു ജീവചരിത്രം അതിരൂപത ചാൻസലർ ഫാ. ജോസഫ് മുട്ടത്തുകുന്നേലും വായിച്ചു. കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചിരിന്നു.