India

ജസ്റ്റിസ് കോശി കമ്മീഷൻ, മുല്ലപ്പെരിയാർ വിഷയങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് മാർ റാഫേൽ തട്ടിൽ

പ്രവാചകശബ്ദം 27-08-2024 - Tuesday

പാലാ: ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും സമയബന്ധിതമായി നടപ്പിലാക്കുകയും ചെയ്യണമെന്ന് സീറോമലബാർ സഭ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. സീറോമലബാർസഭ അഞ്ചാമത് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അസംബ്ലിയുടെ സമാപനം കുറിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് മേജർ ആര്‍ച്ച് ബിഷപ്പ് ഇക്കാര്യം ആവശ്യപ്പെട്ടത്. കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷനെ വലിയ ആവേശത്തോടെയാണ് ക്രൈസ്തവ സമൂഹം വരവേറ്റത്.

സംസ്ഥാന ചരിത്രത്തിൽ ഇതിനുമുമ്പ് ക്രൈസ്തവ ജനവിഭാഗങ്ങളുടെ വിവിധ മേഖലകളിലെ പിന്നാക്കാവസ്ഥ സംബന്ധിച്ച് ഗൗരവമായ പരിശോധനകളോ പരിഗണനകളോ ഉണ്ടായിരുന്നില്ല എന്നത് ക്രിസ്ത്യൻ ന്യൂനപക്ഷത്തെ സംബന്ധിച്ച് ഈ കമ്മിഷന്റെ പ്രസക്തി വർധിപ്പിച്ചു. സീറോമലബാർസഭ വ്യക്തമായ പഠനങ്ങളുടെയും ശാസ്ത്രീയമായ വിലയിരുത്തലുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ പിന്നാക്കാവസ്ഥ സംബന്ധിച്ച സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി കമ്മീഷന് സമർപ്പിച്ചിരുന്നു.

ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ അഞ്ഞൂറിലധികം നിർദ്ദേശങ്ങളടങ്ങുന്ന ഒരു റിപ്പോർട്ടാണ് സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുള്ളത്. 2023 മെയ് 18നു സമർപ്പിക്കപ്പെട്ട റിപ്പോർട്ട് സംസ്ഥാന സർക്കാർ ഇതു പുറത്തുവിടുകയോ, നിയമസഭയിൽ ചർച്ചയ്ക്കു വയ്ക്കുകയോ, ക്രൈസ്തവ സഭകളുമായി ആലോചിച്ച് തുടർനടപടികൾക്ക് തയ്യാറാവുകയോ ചെയ്യാതെ മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നതു നീതീകരിക്കാനാവില്ല.

സംസ്ഥാന സർക്കാർ ആത്മാർത്ഥവും കാര്യക്ഷമവുമായ തുടർനടപടികൾ സ്വീകരിക്കണമെന്ന് മാർ റാഫേൽ തട്ടിൽ സർക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തിലെ ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയായി നിൽക്കുന്ന മുല്ലപ്പെരിയാർ ഡാമിനെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാൻ ഫലപ്രദവും സത്വരവുമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും മേജർ ആർച്ചുബിഷപ് ആവശ്യപ്പെട്ടു. തമിഴ്നാടിനു വെള്ളവും കേരളത്തിന് സുരക്ഷയുമെന്ന നിലപാടുമായി സർക്കാർ മുന്നോട്ടുപോകണമെന്നും മാർ റാഫേൽ തട്ടിൽ കൂട്ടിച്ചേർത്തു.




Related Articles »