News - 2025
പാരീസ് ഒളിമ്പിക്‌സിനായി നിർമ്മിച്ച മണി നോട്രഡാം കത്തീഡ്രല്‍ ദേവാലയത്തിന് കൈമാറും
പ്രവാചകശബ്ദം 27-08-2024 - Tuesday
പാരീസ്: 2024 ഒളിമ്പിക്‌സിനായി നിർമ്മിച്ച മണി, ആഗോള പ്രസിദ്ധമായ കത്തീഡ്രലുകളിലൊന്നായ നോട്രഡാമിനു കൈമാറും. ഒളിമ്പിക്‌സിനിടെ ഉപയോഗിച്ച വെങ്കലമണി ഡിസംബറില്‍ നോട്രഡാം കത്തീഡ്രൽ തുറക്കുമ്പോൾ ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫ്രാൻസിലെ വലിയ പള്ളികൾക്കും കത്തീഡ്രലുകൾക്കും, ഒളിമ്പിക്സ് ഗെയിംസിന് വേണ്ടിയുള്ള മണികൾ നിർമ്മിക്കുന്ന കോർണിലി ഹാവാർഡ് ഫൗണ്ടറിയാണ് ഏകദേശം 500 കിലോ ഭാരമുള്ള മണി നിർമ്മിച്ചത്.
2013-ൽ, കോർണിലി ഹാവാർഡ് കമ്പനി അതിൻ്റെ 850-ാം വാർഷികത്തോടനുബന്ധിച്ച് നോട്രഡാമിനായി ഒന്‍പത് പുതിയ മണികൾ നിർമ്മിച്ചു. 2019 ഏപ്രിൽ 15-ന് നോട്രഡാമിൽ ഉണ്ടായ ദാരുണമായ തീപിടുത്തത്തിൽ കേടുപാടുകൾ സംഭവിച്ച ഒന്‍പത് മണികളിൽ എട്ടെണ്ണം പുനഃസ്ഥാപിച്ചത് ഈ ഫാക്ടറിയാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പ്, ഒളിമ്പിക്സിന് ഉപയോഗിക്കുന്ന മണിയിൽ തങ്ങള്‍ക്ക് താൽപര്യമുണ്ടോ എന്നറിയാൻ പാരീസ് സംഘാടക സമിതി തങ്ങളെ ബന്ധപ്പെട്ടിരുന്നുവെന്നും കത്തീഡ്രലിൻ്റെ റെക്ടർ ആർച്ച് പ്രിസ്റ്റ് ഫാ. ഒലിവിയര്‍ റിബഡേ ഡുമാസ് വെളിപ്പെടുത്തി. വൈകാതെ നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കി.
നോട്രഡാമിലെ ഏറ്റവും വലിയ മണി "ലെ ബോർഡൺ ഇമ്മാനുവൽ" എന്നാണ് അറിയപ്പെടുന്നത്. 2019 ഏപ്രില്‍ 15നാണ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ ലോകത്തെ തന്നെ കണ്ണീരിലാഴ്ത്തിയുള്ള അഗ്‌നിബാധ ദേവാലയത്തില്‍ ഉണ്ടായത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ ദേവാലയ ഗോപുരത്തിന്മേലുണ്ടായിരുന്ന തീ അണച്ചുവെങ്കിലും ഗോപുരം പൂര്‍ണ്ണമായും കത്തിനശിച്ചു. നാനൂറിൽ പരം അഗ്നിശമനസേനാ പ്രവർത്തകർ ഒന്നിച്ചു പ്രവർത്തിച്ചാണു അന്നു തീയണച്ചത്.