India

പാലക്കാട്‌ രൂപതയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങള്‍ക്കു സമാപനം

പ്രവാചകശബ്ദം 08-09-2024 - Sunday

പാലക്കാട്‌: പാലക്കാട്‌ രൂപതയുടെ സുവർണ്ണ ജൂബിലി സമാപന ആഘോഷവും സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മെത്രാപ്പോലീത്തയ്ക്കുളള രൂപതയുടെ ഔദ്യോഗിക സ്വീകരണവും ആയിരങ്ങളുടെ സാന്നിധ്യത്തിൽ പാലക്കാട്‌ സെന്റ്‌ റാഫേൽ കത്തീഡ്രൽ സ്ക്വയറിൽവെച്ച് നടന്നു. രൂപത സ്ഥാപിത വാര്‍ഷിക ദിനമായ ഇന്നലെ സെപ്റ്റംബർ 7 ശനിയാഴ്ച രാവിലെ 9 മണിക്ക് അഭിവന്ദ്യ പിതാക്കന്മാരെയും മറ്റ് വിശിഷ്ഠ അതിഥികളെയും കത്തീഡ്രൽ ദേവാലയ കവാടത്തിൽവെച്ച് സ്വീകരിച്ചു.

മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ മുഖ്യ കർമ്മികത്വത്തിൽ പിതാക്കന്മാരും രൂപത സന്യാസ വൈദികരും സന്യാസിനികളും ദൈവജനവും ഒന്ന്ചേർന്ന് കൃതജ്ഞത ബലിയർപ്പിച്ച് ദൈവത്തിന് നന്ദി പ്രകാശിപ്പിച്ചു. കോഴിക്കോട് ലാറ്റിൻ രൂപത ബിഷപ്പ് മാർ വർഗീസ് ചക്കാലക്കൽ കുർബാനമധ്യേ സുവിശേഷ സന്ദേശം നൽകി. ജൂബിലി കൃപയുടെയും അനുഗ്രഹത്തിന്റെയും അനുരഞ്ജനത്തിന്റെയും കാലഘട്ടം ആണെന്നും, മാലോകർ വായിക്കാൻ ഇടയുള്ള അഞ്ചാമത്തെ സുവിശേഷം ആണ് ഓരോ ക്രൈസ്തവന്റെ ജീവിതമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

തുടർന്ന് നടന്ന പൊതുസമ്മേളനത്തിന് പാലക്കാട്‌ രൂപത അധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരക്കൽ സ്വാഗതം ആശംസിച്ചു. പാലക്കാട്‌ രൂപത മുൻ അധ്യക്ഷൻ മാർ ജേക്കബ് മനത്തോടത്ത് അധ്യക്ഷനായി. ക്രിസ്തുവിനെ ലക്ഷ്യം വെച്ച് ബഹു ദൂരം മുന്നോട്ടു പോകാൻ ഈ ജൂബിലി കാരണമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. സീറോ മലബാർ സഭാദ്ധ്യക്ഷൻ മാർ റാഫേൽ തട്ടിൽ പിതാവ് ജൂബിലി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. മിഷൻ ചൈതന്യത്തോടെ ക്രിസ്തുവിനെ പ്രഘോഷിച്ച്, കേരള സഭയുടെ പ്രാർത്ഥനയുടെ പവർ ബാങ്കായി പാലക്കാട്‌ രൂപത നിലകൊള്ളുന്നു എന്ന് മാർ റാഫേൽ തട്ടിൽ അനുസ്മരിച്ചു.

ക്രൈസ്തവർ എല്ലാവർക്കും വലിയ മാതൃകയാകേണ്ടവരാണെന്ന് മുഖ്യാഥിതിയായ കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ അഭിപ്രായപെട്ടു. കർഷകന്റെ അവകാശങ്ങൾക്ക് വേണ്ടി എന്നും നിലകൊള്ളും എന്നും അദ്ദേഹം പറഞ്ഞു. കേരള സംസ്ഥാന വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി. പാലക്കാടിന്റ സമഗ്ര വളർച്ചക്ക് വേണ്ടി നിലകൊണ്ടവരാണ് പാലക്കാട്‌ രൂപതയെന്നത് അഭിമാനിക്കാവുന്ന കാര്യമാണെന്ന് അദ്ദേഹം അനുസ്മരിച്ചു.

തൃശ്ശൂർ അതിരൂപത അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. പിന്നോക്കാവസ്ഥായിലായിരുന്ന പാലക്കാടിന്റെ പ്രദേശങ്ങളിൽ വികസനത്തിന്റെ പാതകൾ വെട്ടി തുറക്കുന്നതിന് പാലക്കാട് രൂപത സ്തുത്യർഹമായ സേവനം ചെയ്തിട്ടുണ്ടെന്ന് പാലക്കാട്‌ എം. പി വി കെ ശ്രീകണ്ഠൻ പറഞ്ഞു. പാലക്കാട്‌ മുനിസിപ്പാലിറ്റി ചെയർ പേഴ്സൺ ശ്രീമതി പ്രമീള ശശിധരൻ, മലങ്കര മൂവാറ്റുപ്പുഴ രൂപത ബിഷപ്പ് യൂഹാനോൻ മാർ തെയോഡോഷ്യസ്, മിസിസാഗ രൂപത ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ, ഹോളി ഫാമിലി മരിയൻ പ്രൊവിൻസ് പ്രൊവിൻഷ്യൽ സൂപ്പീരിയർ സി. വത്സ തെരേസ്, പാസ്റ്ററൽ കൗൻസിൽ സെക്രട്ടറി സണ്ണി നെടുമ്പുറം എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ചു നിർമ്മിക്കുന്ന 50 ഭവനങ്ങളുടെ താക്കോൽ ദാനം ഹോസൂർ മെത്രാൻ മാർ സെബാസ്റ്റ്യൻ പോഴോലിപറമ്പിൽ നിർവഹിച്ചു. നവീകരിച്ച ചരിത്ര പുസ്തകം രാമനാഥപുരം മെത്രാൻ മാർ പോൾ ആലപ്പാട്ട് പ്രകാശനം ചെയ്തു. സുവർണ്ണ ജൂബിലി സുവനീർ താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയൂസ് ഇഞ്ചനാനിയിലും പ്രകാശനം ചെയ്തു. പാലക്കാട്‌ രൂപത വികാരി ജനറാളും ജൂബിലി ആഘോഷ ജനറൽ കൺവീനറുമായ മോൺസിഞ്ഞോർ ജീജോ ചാലക്കൽ ഏവർക്കും നന്ദി പ്രകാശിപ്പിച്ചു. സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ചു വിവിധ മേഖലയിൽ പ്രശസ്ത നേട്ടങ്ങൾ കരസ്ഥമാക്കിയവർക്കുള്ള അവാർഡ് ദാനവും ചടങ്ങിൽ നടന്നു. പാലക്കാട്‌ രൂപതയിലെ ഓരോ ഇടവകകളുടെയും സംഘടനകളുടെയും പ്രതിനിധികളായി ഏകദേശം രണ്ടായിരത്തി അഞ്ഞൂറോളം ജനങ്ങൾ ജൂബിലി സമാപന ആഘോഷത്തിൽ പങ്കെടുത്തു.


Related Articles »