News - 2024

ജന്മനാട്ടിൽ നിന്നുള്ള ഇറാഖി ക്രൈസ്തവരുടെ പലായനം തുടരുന്നു

പ്രവാചകശബ്ദം 11-09-2024 - Wednesday

ബാഗ്ദാദ്: ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ സൃഷ്ടിച്ച വെല്ലുവിളികള്‍ രൂക്ഷമാകുന്നതിനിടെ ജന്മനാട്ടിൽ നിന്നുള്ള ഇറാഖി ക്രൈസ്തവരുടെ പലായനം തുടരുന്നു. മുന്‍പ് ഏറെ പ്രതിസന്ധികള്‍ രാജ്യത്തു ഉണ്ടായിരിന്നെങ്കിലും വടക്കൻ ഇറാഖിലെ ബഖ്ദിദയിലുണ്ടായ ദാരുണമായ തീപിടുത്തത്തെ തുടർന്നാണ് 2023 അവസാനത്തോടെ ഈ പുതിയ കുടിയേറ്റ തരംഗം ആരംഭിച്ചതെന്ന് മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. താരതമ്യേന സുരക്ഷിതമായ കുർദിസ്ഥാൻ മേഖലയിൽ താമസിക്കുന്ന ക്രൈസ്തവരെ ബാധിക്കുന്ന തരത്തിൽ പലായനം ഇപ്പോൾ ഭയാനകമായി മാറിയിരിക്കുകയാണ്.

നിരവധി കുടുംബങ്ങൾ രാജ്യം വിട്ട് പലായനം ചെയ്യുന്നു, ഓസ്‌ട്രേലിയ പോലുള്ള വിദൂര സ്ഥലങ്ങളിലേക്ക് പോകുന്നതിന് മുമ്പ് താൽക്കാലിക അഭയം എന്ന നിലയിൽ അയൽ രാജ്യങ്ങളിൽ നിരവധി ക്രൈസ്തവര്‍ അഭയം തേടുന്നുണ്ട്. ഇസ്ളാമിക ഭീകരവാദികള്‍ ഏല്‍പ്പിച്ച മുറിവുകള്‍ കൂടാതെ ഇറാഖിനുള്ളിൽ കാലതാമസം നേരിടുന്ന ശമ്പളം, വൈദ്യുതി മുടക്കം, ജലദൗർലഭ്യം, മറ്റ് വെല്ലുവിളികൾ എന്നിവയുൾപ്പെടെ നിരവധി പ്രതിസന്ധികളുമായി ക്രൈസ്തവര്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. ചിലർ മക്കളുടെ നല്ല ഭാവി സുരക്ഷിതമാക്കാൻ മറ്റെവിടെയെങ്കിലും പൗരത്വം തേടുന്നു. മറ്റുള്ളവർ തങ്ങളുടെ മാതൃരാജ്യത്ത് ഒറ്റപ്പെടുന്നതിന് പകരം വിദേശത്തുള്ള കുടുംബാംഗങ്ങളുമായി വീണ്ടും ഒന്നിക്കുകയാണ് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി തകർന്ന അവസ്ഥയിലാണ് ഇറാഖിലെ ക്രൈസ്തവ സമൂഹം. 2003-ൽ അമേരിക്കൻ അധിനിവേശത്തെത്തുടർന്നുണ്ടായ വിഭാഗീയ യുദ്ധങ്ങളും 2014 ൽ ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ ആക്രമണങ്ങളും ഒന്നിലധികം ക്രൈസ്തവ വിഭാഗങ്ങളുടെ അനുയായികളെ പലായനത്തിന് പ്രേരിപ്പിച്ചു. 2022 ലെ കണക്കനുസരിച്ചു, മൂന്നുലക്ഷത്തിൽ താഴെ ക്രൈസ്തവരെ ഇന്ന് ഇറാഖിൽ അവശേഷിക്കുന്നുള്ളൂ. ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ പ്രധാന അഭയകേന്ദ്രവും സ്വദേശവുമായിരുന്ന ബസ്ര പ്രവിശ്യയിൽ പിൽക്കാലത്തു ഏഴായിരത്തിലധികം കുടുംബങ്ങളുണ്ടായിരുന്നത്. ഇപ്പോൾ അത് ഗണ്യമായി കുറഞ്ഞു മുന്നൂറ്റമ്പതിലെത്തിയിരിന്നു.


Related Articles »