News - 2024
രണ്ടു കുട്ടികൾക്ക് മുകളിലുള്ളവർക്ക് ആനുകൂല്യങ്ങൾ നിറുത്തലാക്കുന്ന നയം റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ട് യുകെയിലെ കത്തോലിക്കാ മെത്രാൻ സമിതി
പ്രവാചക ശബ്‌ദം 19-09-2024 - Thursday
യുകെയിൽ രണ്ടു കുട്ടികൾക്ക് മുകളിലുള്ള കുടുംബങ്ങൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ നിഷേധിക്കുന്ന "Two-Child Benefit Cap" നിറുത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ഇംഗ്ലണ്ടിലെയും വെയിൽസിലെയും മെത്രാൻ സമിതി. 2017-ൽ നിലവിൽ വന്ന ഈ പോളിസി പ്രകാരം ഒരു കുടുംബത്തിൽ രണ്ടിൽ കൂടുതൽ മക്കളുണ്ടങ്കിൽ അതിൽ രണ്ടു മക്കൾക്കു മാത്രമായിരിക്കും Child Tax Credit, Universal Credit എന്നീ ആനുകൂല്യങ്ങൾ ലഭിക്കുക. മറ്റു കുട്ടികൾക്ക് ഇത്തരം ആനുകൂല്യങ്ങൾ ലഭിക്കുകയില്ല. സാമ്പത്തിക ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്ന അനേകം കുടുംബങ്ങളെ ഇത് കാര്യമായി ബാധിക്കുന്നു എന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ഇത് റദ്ദുചെയ്യണമെന്ന് മെത്രാൻ സമിതി ആവശ്യപ്പെടുന്നത്.
ബ്രിട്ടീഷ് ഗവൺമെന്റിന്റെ Child Poverty Taskforce ഈ പോളിസി അവലോകനം ചെയ്യുന്ന ഈ വേളയിൽ യുകെയിലെ കത്തോലിക്കാ വിശ്വസികളോട് ഈ പോളിസിക്കെതിരെ ശബ്‌ദമുയർത്തുവാനും അവരുടെ പാർലമെന്റ് MPമാരോട് ഈ വിഷയത്തിൽ ഇടപെടണമെന്നു ആവശ്യപ്പെടുവാനും കത്തോലിക്കാ മെത്രാൻ സമിതി ആവശ്യപ്പെട്ടു. മെത്രാൻ സമിതി തയ്യാറാക്കിയ ഒരു ഓൺലൈൻ ഫോം പൂരിപ്പിച്ചുകൊണ്ട് ഈ വിഷയത്തിൽ ഇടപെടുവാൻ എല്ലാ വിശ്വസികളെയും ആഹ്വാനം ചെയ്‌തു.
Two-Child Benefit Cap നിറുത്തലാക്കണമെന്ന് ആവശ്യപ്പെടുന്ന ഓൺലൈൻ ഫോം
ക്രിസ്‌തുവിന്റെ സഭ ഈ ഭൂമിയിലെ എല്ലാ മനുഷ്യർക്കും നീതി ഉറപ്പുവരുത്തുന്നതിനുവേണ്ടി നിലകൊള്ളുന്നു എന്നതിന്റെ തെളിവാണ് ഇത്തരം സാമൂഹികമായ കാര്യങ്ങളിലുള്ള സഭയുടെ ഇടപെടൽ. കത്തോലിക്കാ സഭയുടെ സാമൂഹിക പ്രബോധനം പരിചിന്തനത്തിനുള്ള തത്വങ്ങൾ നിർദ്ദേശിക്കുകയും വിധിതീർപ്പിനുള്ള മാനദണ്ഡങ്ങൾ ആവിഷ്‍കരിക്കുകയും പ്രവർത്തനത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്‌തുകൊണ്ട് ക്രിസ്‌തുവിന്റെ രണ്ടാം വരവുവരെ, ജാതി മത ഭേദമന്യേ എല്ലാ മനുഷ്യർക്കും നീതി ഉറപ്പുവരുത്തുവാനായി ഈ ഭൂമിയിൽ നിലകൊള്ളുന്നു.