News
യേശുവിനെ ദൈവമായി രേഖപ്പെടുത്തിയ മൂന്നാം നൂറ്റാണ്ടിലെ മൊസൈക്ക് ഫലകം പ്രദര്‍ശനത്തിന്
പ്രവാചകശബ്ദം 26-09-2024 - Thursday
വാഷിംഗ്ടൺ ഡിസി: യേശുവിനെ ദൈവമായി പരാമര്‍ശിച്ചിരിക്കുന്ന ഇസ്രായേലിൽ ഹര്‍മാഗെദോന്‍ യുദ്ധം നടന്ന സ്ഥലത്തിന് സമീപം കണ്ടെത്തിയ പുരാതന മൊസൈക്ക് ഫലകം വാഷിംഗ്ടൺ ഡി.സി.യിലെ ബൈബിൾ മ്യൂസിയത്തിൽ പ്രദര്‍ശനത്തിന്. റോമൻ സാമ്രാജ്യം ക്രിസ്തുവിൻ്റെ അനുയായികളെ പീഡിപ്പിച്ച കാലഘട്ടത്തിലെ ആദ്യകാല ക്രിസ്ത്യൻ ആരാധനയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകുന്ന ഈ ഫലകത്തിന് പതിനെട്ട് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്. 2005-ൽ ആണ് ഇസ്രായേലി പുരാവസ്തു ഗവേഷകർ മെഗിദ്ദോ മൊസൈക്ക് കണ്ടെത്തിയത്.
ആദിമ ക്രൈസ്തവരുടെ പ്രതീകമായ മത്സ്യത്തിൻ്റെ ചിത്രങ്ങളും "ദൈവമായ യേശുക്രിസ്തുവിലേക്ക്" എന്ന് എഴുതിയിരിക്കുന്ന ഒരു ഗ്രീക്ക് ലിഖിതവും മൊസൈക്കിൽ ഉണ്ട്. മൂന്നാം നൂറ്റാണ്ടിലെ ഫലകമാണിതെന്നാണ് ഗവേഷകരുടെ അനുമാനം. ഇക്കഴിഞ്ഞ സെപ്തംബർ 15 മുതല്‍ വാഷിംഗ്ടൺ ഡി.സി.യിലെ ബൈബിൾ മ്യൂസിയത്തിൽ മൊസൈക്ക് ഫലകം പ്രദർശനത്തിനായി തുറന്നുനല്കിയിട്ടുണ്ട്. ഏറെ ശ്രദ്ധ നേടുന്ന ഈ മൊസൈക്കിൻ്റെ പ്രദർശനം ആദ്യത്തെ പൊതു പ്രദർശനമാണെന്നത് ശ്രദ്ധേയമാണ്.
യേശുവിനെ ദൈവമായി അംഗീകരിക്കുന്ന ലിഖിതത്തിന് പുറമേ, മെഗിദ്ദോ മൊസൈക് നിരവധി സ്ത്രീകളുടെ പേരുകൾ അനുസ്മരിക്കുന്നു. ആദ്യകാല ക്രിസ്ത്യൻ സമൂഹങ്ങളിൽ സ്ത്രീകൾ വഹിച്ച പങ്ക് എടുത്തുകാണിക്കുന്നതാണ് ഇതെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. മൊസൈക്ക് നിർമ്മിക്കാൻ പണം നൽകിയ റോമൻ ഉദ്യോഗസ്ഥൻ്റെ പേരും ഉണ്ട്. പുരാതന ക്രൈസ്തവ ചരിത്രത്തെ തുറന്നുക്കാട്ടുന്ന വലിയ അടയാളമാണിതെന്ന് മ്യൂസിയം ഓഫ് ബൈബിൾ സിഇഒ കാർലോസ് കാമ്പോ പറഞ്ഞു. എക്സിബിഷൻ്റെ ഭാഗമായി ബൈബിൾ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന മൊസൈക്ക് 2025 ജൂലൈ വരെ ആളുകള്‍ക്ക് കാണാന്‍ അവസരമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟