News

വെള്ളപ്പൊക്കമുണ്ടായ മേഖലയില്‍ മരിയന്‍ പ്രദിക്ഷണവുമായി മെക്സിക്കന്‍ വിശ്വാസികള്‍

പ്രവാചകശബ്ദം 03-10-2024 - Thursday

മെക്സിക്കോ സിറ്റി: ജോൺ ചുഴലിക്കാറ്റ് മൂലമുണ്ടായ വെള്ളപ്പൊക്കത്തിൽ നാശം വിതച്ച മെക്‌സിക്കൻ സംസ്ഥാനമായ ഗ്വെറേറോയിലെ ടിക്‌സ്‌റ്റ്‌ലയിലെ തെരുവുകളിലൂടെ ദൈവമാതാവിന്റെ രൂപവുമായി പ്രദിക്ഷണം നടത്തി. സെപ്തംബർ 23 തിങ്കളാഴ്‌ച ഗ്വെറേറോ തീരത്ത് വീശിയടിച്ച ജോൺ ചുഴലിക്കാറ്റ് തെക്കുപടിഞ്ഞാറൻ മെക്‌സിക്കോയിൽ കനത്ത നാശം വിതച്ചിരിന്നു. ഈ പശ്ചാത്തലത്തിലാണ് പ്രദിക്ഷണം നടന്നത്. കരയുകയും കഷ്ടപ്പെടുകയും ചെയ്യുന്ന ഒരു കുഞ്ഞിന്റെ വിളിക്ക് ഉത്തരം നൽകാൻ അമ്മ എപ്പോഴും അടിയന്തിരമായി ഓടുന്നുവെന്നു സാങ്ച്വറി നേറ്റിവിറ്റി ഓഫ് മേരിയുടെ ഇടവകയുടെ റെക്ടർ ഫാ. ജുവാൻ റിക്കാർഡോ നെഗ്രെറ്റ് കാർഡെനാസ് പറഞ്ഞു.

ഗുരുതരമായ നാശ നഷ്ടം വിതച്ച കമ്മ്യൂണിറ്റികളിലൊന്നാണ് ഗ്വെറേറോയിലെ ടിക്‌സ്‌റ്റ്‌ല. നിര്‍ധനരായ ഏറ്റവും ദുർബലരായ ആളുകൾ പോലും ഭവനങ്ങളില്‍ താമസിച്ചിരിന്നുവെന്നും പ്രദേശത്ത് നിന്നു പല കുടുംബങ്ങൾക്കും വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നുവെന്നും ഫാ. ജുവാൻ റിക്കാർഡോ വെളിപ്പെടുത്തി. ചുഴലിക്കാറ്റ് ഭൗതിക വസ്‌തുക്കൾ അപഹരിച്ചെങ്കിലും ഒരു പ്രകൃതിദുരന്തത്തിന് ഒരിക്കലും ഒരു സമൂഹത്തിൻ്റെ വിശ്വാസം കവര്‍ന്നെടുക്കുവാന്‍ കഴിയില്ലെന്ന് വൈദികന്‍ ചൂണ്ടിക്കാട്ടി.

സന്തോഷത്തിൻ്റെയും സങ്കടത്തിൻ്റെയും നിമിഷങ്ങളിൽ അവൾ അമ്മയാണ്. കഷ്ടതയിൽ സന്നിഹിതയായ അമ്മ. ഈ കന്യക തൻ്റെ കുഞ്ഞുങ്ങളുമായി വേദന പങ്കിടുന്നു, മാത്രമല്ല അവളുടെ കരുണാപൂർവ്വമായ സ്നേഹത്താൽ അവരെ സംരക്ഷിക്കുകയും ചെയ്യുന്നു. ഒറ്റയ്ക്കാണെന്ന് തോന്നരുതെന്ന് അവൾ ദുരിതബാധിതരോട് ആഹ്വാനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. പതിനാറാം നൂറ്റാണ്ട് മുതൽ ടിക്‌സ്‌റ്റ്‌ലയിൽ മരിയന്‍ തീര്‍ത്ഥാടനം നടക്കുന്നുണ്ട്. എല്ലാ വർഷവും വിവിധ പ്രദേശങ്ങളിൽ നിന്നുള്ള തീർത്ഥാടകര്‍ ഇവിടെക്ക് എത്താറുണ്ട്.


Related Articles »