News
കിർഗിസ്ഥാൻ രാഷ്ട്രപതി വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പയെ സന്ദർശിച്ചു
പ്രവാചകശബ്ദം 05-10-2024 - Saturday
വത്തിക്കാന്‍ സിറ്റി: കിർഗിസ്ഥാൻറെ ഭരണം വഹിക്കുന്ന രാഷ്ട്രപതി സാദിർ ജാപറോവ് വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. ഇന്നലെ ഒക്ടോബർ നാലാം തീയതി വെള്ളിയാഴ്ച വത്തിക്കാനിൽ എത്തിയ അദ്ദേഹം പോൾ ആറാമൻ ശാലയിലെ സ്വീകരണ മുറിയിൽവെച്ചാണ് പാപ്പയെ സന്ദര്‍ശിച്ചത്. ഫ്രാൻസിസ് പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിനുമായും ചർച്ചകൾ നടത്തി.
അന്താരാഷ്ട്ര സംഘടനകളും രാജ്യങ്ങളുമായുള്ള പരിശുദ്ധ സിംഹാസനത്തിന്റെ ബന്ധങ്ങളുടെ സെക്രട്ടറി മോൺസിഞ്ഞോർ പോൾ റിച്ചാർഡ് ഗാല്ലഗറും തദവസരത്തിൽ സന്നിഹിതനായിരുന്നു. വത്തിക്കാന്‍ സെക്രട്ടറിയുമായുള്ള ചർച്ചാവേളയിൽ, കിർഗിസ്ഥാനും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള ഊഷ്മളമായ ബന്ധങ്ങളെ പറ്റി ഇരുവരും സംസാരിച്ചു. ഒപ്പം ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സാംസ്‌കാരിക പ്രവർത്തനങ്ങൾ എന്നിവയിൽ പ്രാദേശിക സഭയുമായി പരസ്പരസഹകരണത്തോടെ വിവിധ കാര്യങ്ങൾ ചെയ്യുവാനും ധാരണയായി.
സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള അടിയന്തിര പ്രതിബദ്ധതയുടെ പ്രാധാന്യം വെളിപ്പെടുത്തിക്കൊണ്ട്, നിലവിലുള്ള സംഘട്ടനങ്ങളിലും മാനുഷിക പ്രശ്‌നങ്ങളിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. 2020-ലെ കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ ജനസംഖ്യയുടെ 4.39% ക്രൈസ്തവ വിശ്വാസികളാണ്. 3.53% ഓർത്തഡോക്സ്, 0.31% പ്രൊട്ടസ്റ്റൻ്റ്, 0.01% കത്തോലിക്കർ, 0.61% മറ്റ് ക്രിസ്ത്യാനികൾ എന്നിങ്ങനെയാണ് ജനസംഖ്യ തോത്. രാജ്യത്തെ ഏറ്റവും വലിയ ക്രൈസ്തവ വിഭാഗം ഓർത്തഡോക്സ് സമൂഹമാണ്.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟