News - 2024

ഭാരതത്തില്‍ ക്രൈസ്തവര്‍ മതസ്വാതന്ത്ര്യത്തിന് ഗുരുതരമായ ഭീഷണി നേരിടുന്നു: റിപ്പോര്‍ട്ടുമായി അമേരിക്കന്‍ കമ്മീഷന്‍

പ്രവാചകശബ്ദം 09-10-2024 - Wednesday

വാഷിംഗ്ടണ്‍ ഡി‌സി: ഭാരതം ഭരിക്കുന്ന ബി‌ജെ‌പി സർക്കാർ പാസാക്കിയ നിയമങ്ങൾ രാജ്യത്ത് ക്രൈസ്തവര്‍ക്കു മതസ്വാതന്ത്ര്യത്തിന് വലിയ ഭീഷണിയാകുന്നുണ്ടെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇൻ്റർനാഷണൽ റിലീജിയസ് ഫ്രീഡത്തിൻ്റെ (USCIRF) റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന്റെ പല നയങ്ങളും ക്രൈസ്തവര്‍ക്ക് ഭീഷണിയാകുന്നതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ക്രൈസ്തവര്‍ക്കു നേരെ നൂറ്റിഅറുപതിലധികം ആക്രമണങ്ങൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് യു‌എസ്‌സി‌ഐ‌ആര്‍‌എഫ് പറയുന്നു.

യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇൻ്റർനാഷണൽ റിലീജിയസ് ഫ്രീഡത്തിൻ്റെ (USCIRF) റിപ്പോർട്ട് അനുസരിച്ച്, ഭാരതത്തിലെ ക്രിസ്ത്യാനികൾ അക്രമത്തിൻ്റെയും മതപരമായ വിവേചനത്തിൻ്റെയും ശത്രുതാപരമായ ഭീഷണികളാണ് നേരിടുന്നതെന്ന് ചൂണ്ടിക്കാട്ടുന്നു. യുഎസ് ഗവൺമെൻ്റിൻ്റെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ലംഘകരുടെ പട്ടികയിൽ പ്രത്യേക ആശങ്കയുള്ള രാജ്യമായി (സിപിസി) ഭാരതത്തെ ചേർക്കണമെന്ന് സംഘടന ശുപാര്‍ശ ചെയ്യുന്നുണ്ട്. ജനുവരി മുതൽ മാർച്ച് വരെ, ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കെതിരായ 161 അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അതിൽ 47 എണ്ണം ഛത്തീസ്ഗഢിലാണ് സംഭവിച്ചതെന്നു USCIRF വെളിപ്പെടുത്തി.

മതസ്വാതന്ത്ര്യ ലംഘനങ്ങളുടെ സംഭവങ്ങളിൽ വ്യക്തികൾ, ആരാധനാലയങ്ങൾ, സ്‌കൂളുകൾ എന്നിവയ്‌ക്കെതിരായ ആക്രമണങ്ങളും ഉൾപ്പെടുന്നുണ്ട്. "നിർബന്ധിത മതപരിവർത്തനം" എന്ന തെറ്റായ ആരോപണങ്ങളെ തുടര്‍ന്നാണ് ആക്രമണങ്ങളില്‍ ഏറെയും. രാജ്യത്തു പൊതു പ്രാർത്ഥനയ്ക്ക് പലയിടങ്ങളില്‍ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുന്നുണ്ടെന്നും വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ ആസാമിൽ, സർക്കാർ അധികാരികൾ കഴിഞ്ഞ വർഷത്തിലുടനീളം ക്രൈസ്തവരെ ആവർത്തിച്ച് ലക്ഷ്യമിട്ടതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ആഗോള തലത്തില്‍ ക്രൈസ്തവര്‍ ഭീഷണി നേരിടുന്ന രാജ്യങ്ങളില്‍ പതിനൊന്നാം സ്ഥാനത്താണ് ഇന്ത്യ.


Related Articles »