News

ആയിരങ്ങള്‍ സാക്ഷി; പ്രാര്‍ത്ഥനാനിര്‍ഭരമായ ചടങ്ങില്‍ ഡമാസ്ക്കസ് രക്തസാക്ഷികള്‍ ഉള്‍പ്പെടെ 14 പേര്‍ വിശുദ്ധരുടെ ഗണത്തില്‍

പ്രവാചകശബ്ദം 21-10-2024 - Monday

വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിന് സിറിയയിൽ മരണം വരിച്ച എട്ട് ഫ്രാൻസിസ്കൻ സന്യാസിമാരും 3 അല്‍മായരും ഉൾപ്പെടെ 14 വാഴ്ത്തപ്പെട്ടവരെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. ഇന്നലെ ഒക്‌ടോബർ 20 ഞായറാഴ്ച സെൻ്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്കിടെയാണ് "ഡമാസ്കസ് രക്തസാക്ഷികള്‍" എന്നറിയപ്പെടുന്ന സിറിയന്‍ രക്തസാക്ഷികളെയും മറ്റും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയത്.

മാനുവൽ റൂയിസ്, കാർമെലോ ബോൾട്ട, നിക്കാനോർ അസ്കാനിയോ, നിക്കോളാസ് എം. ആൽബെർക വൈ ടോറസ്, പെഡ്രോ സോളർ, എംഗൽബെർട്ട് കൊല്ലാൻഡ്, ഫ്രാൻസിസ്കോ പിനാസോ പെനാൽവർ, ജുവാൻ എസ്. ഫെർണാണ്ടസ്, ഫ്രാൻസിസ്, അബ്ദൽ, റാഫേൽ മസാബ്കി, "പരിശുദ്ധാത്മാവിന്റെ അപ്പസ്തോല" ‍ എന്നറിയപ്പെടുന്ന എലേന ഗ്വെറ, ലിറ്റിൽ സിസ്റ്റേഴ്‌സ് ഓഫ് ഹോളി ഫാമിലി സന്യാസ സമൂഹത്തിന്റെ സ്ഥാപക വാഴ്ത്തപ്പെട്ട മേരി-ലിയോണി, കൺസോളറ്റ മിഷ്ണറി സന്യാസ സമൂഹങ്ങളുടെ സ്ഥാപകന്‍ വാഴ്ത്തപ്പെട്ട ഗ്യൂസെപ്പെ അല്ലമാനോ എന്നിവരാണ് പുതിയ വിശുദ്ധര്‍.

യേശുവിൻ്റെ വഴിയിൽ സേവനത്തിലൂടെ ജീവിച്ചവരാണ് ഈ പുതിയ വിശുദ്ധരെന്നും അവർ നന്മ ചെയ്യുന്നതിൽ വ്യാപൃതരും, പ്രയാസങ്ങളിൽ വിശ്വാസത്തില്‍ ഉറച്ചുനിൽക്കുന്നവരും, അവസാനം വരെ ഔദാര്യപൂര്‍വ്വം പെരുമാറിയവരുമാണെന്നു പാപ്പ തിരുക്കര്‍മ്മങ്ങള്‍ക്കിടെ നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു. വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ട ഡമാസ്ക്കസ് രക്തസാക്ഷികളില്‍ മൂന്ന് പേർ സഹോദരങ്ങളാണ്. ഫ്രാൻസിസ് മസാബ്കി, അബ്ദുൽ മോട്ടി മസാബ്കി റാഫേൽ മസാബ്കി എന്നീ സഹോദരങ്ങള്‍ ഫ്രാൻസിസ്കൻ സന്യാസികള്‍ക്കൊപ്പം മരണം വരിച്ച മാരോണൈറ്റ് കത്തോലിക്ക വിശ്വാസികളായിരിന്നു.

ഫ്രാൻസിസ് മാർപാപ്പ 14 വാഴ്ത്തപ്പെട്ടവരെയും വിശുദ്ധരായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് സെൻ്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ഒരുമിച്ച് കൂടിയ ആയിരക്കണക്കിന് തീർത്ഥാടകർ സകല വിശുദ്ധരുടെയും ലുത്തീനിയ ചൊല്ലി പ്രാർത്ഥിച്ചു. രക്തസാക്ഷികളുടെ ബഹുമാനാർത്ഥം വിശുദ്ധ കുർബാനയ്ക്കുള്ള സുവിശേഷം ലാറ്റിന് പുറമേ ഗ്രീക്കിലും വായിച്ചിരിന്നു. കെനിയ, കാനഡ, ഉഗാണ്ട, സ്പെയിൻ, ഇറ്റലി, മിഡിൽ ഈസ്റ്റ് ഉള്‍പ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ വിശുദ്ധരായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുക്കുവാന്‍ വത്തിക്കാനില്‍ എത്തിയിരിന്നു.

ഡമാസ്ക്കസ് രക്തസാക്ഷികള്‍: ‍

1860 ജൂലൈ 9 അര്‍ദ്ധരാത്രിയിൽ ഡമാസ്കസിൽ ക്രൈസ്തവ വിശ്വാസത്തോടുള്ള വിദ്വേഷത്താലാണ് കൂട്ടക്കൊല നടന്നത്. ഷിയ ഡ്രൂസ് ക്രിസ്ത്യാനികളെ ക്രൂരമായി പീഡിപ്പിക്കുന്ന സമയത്തായിരിന്നു ക്രൈസ്തവ കൂട്ടക്കൊല. ഡമാസ്കസിലെ പഴയ നഗരത്തിലെ ക്രിസ്ത്യൻ ക്വാർട്ടേഴ്സിൽ സ്ഥിതി ചെയ്യുന്ന ഫ്രാൻസിസ്കൻ ആശ്രമത്തിൽ പ്രവേശിച്ച ഡ്രൂസ് കമാൻഡോ ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടര്‍ന്നു കൂട്ടക്കൊല നടത്തുകയായിരിന്നു. ചിലരെ കോടാലി ഉപയോഗിച്ച് ശിരഛേദം ചെയ്തായിരിന്നു കൊലപ്പെടുത്തിയത്. 1926-ല്‍ പീയൂസ് പതിനൊന്നാമന്‍ പാപ്പയാണ് ഇവരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »