News - 2024

മെത്രാന്‍ നിയമനം; ചൈനയുമായുള്ള കരാർ വത്തിക്കാന്‍ നാലു വര്‍ഷത്തേക്ക് കൂടി നീട്ടി

പ്രവാചകശബ്ദം 23-10-2024 - Wednesday

വത്തിക്കാന്‍ സിറ്റി: കത്തോലിക്ക മെത്രാന്മാരുടെ നിയമനം സംബന്ധിച്ച് ചൈനയുമായുള്ള കരാർ വീണ്ടും പുതുക്കിയതായി വത്തിക്കാന്‍. കരാര്‍ നേരത്തെ ഉണ്ടായിട്ടും ചൈനയില്‍ ക്രൈസ്തവരും സഭാനേതൃത്വവും വിവിധങ്ങളായ വിവേചനവും പീഡനവും നേരിടുന്നതായി റിപ്പോര്‍ട്ടുണ്ടായിരിന്നു. ഇതിനിടെയാണ് നാലു വര്‍ഷത്തേക്ക് കരാര്‍ നീട്ടിയത്. ആറ് വർഷം മുമ്പ് ചൈന - വത്തിക്കാൻ ഉടമ്പടി ഒപ്പുവെച്ചതിന് ശേഷം പത്തോളം ബിഷപ്പുമാർ ഭരണകൂടത്തില്‍ നിന്നു കടുത്ത സമ്മർദ്ധവും നേരിടേണ്ടി വന്നുവെന്നും നിയമാനുസൃത നടപടികളില്ലാതെ മെത്രാന്മാര്‍ തടങ്കലിലാക്കപ്പെട്ടതായും ഹഡ്‌സൺ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ റിപ്പോർട്ട് പുറത്തുവന്നിരിന്നു.

ഉടമ്പടി പുതുക്കിയതോടെ 2028 ഒക്ടോബർ 22 വരെ മെത്രാന്‍ നിയമനം സംബന്ധിച്ച കരാര്‍ പ്രാബല്യത്തിൽ തുടരും. ചൈനയിലെ കത്തോലിക്ക സഭയുടെ അഭിവൃദ്ധിക്ക് ഉഭയകക്ഷി ബന്ധത്തിൻ്റെ കൂടുതൽ സാധ്യത കണക്കിലെടുത്ത് ചൈനീസ് പാർട്ടിയുമായി ക്രിയാത്മകവുമായ സംഭാഷണം തുടരുന്നതിന് പരിശുദ്ധ സിംഹാസനം പ്രതിജ്ഞാബദ്ധമാണെന്ന് വത്തിക്കാന്റെ പ്രസ്താവനയില്‍ പറയുന്നു. ഉചിതമായ കൂടിയാലോചനയ്ക്കും വിലയിരുത്തലിനും ശേഷമാണ് താൽക്കാലിക കരാർ നീട്ടാൻ ഇരുപക്ഷവും സമ്മതിച്ചതെന്നും പ്രസ്താവനയുണ്ട്. ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാനും കരാര്‍ പുതുക്കിയ വിവരം സ്ഥിരീകരിച്ചു.

1957 ൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും (സിസിപി) റിലീജിയസ് അഫയേഴ്സ് ബ്യൂറോയുടെയും ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ചൈനീസ് കത്തോലിക്കർ കൂടിക്കാഴ്ച നടത്തിയതിന് ശേഷം രൂപം നല്‍കിയ സംഘടനയാണ് ചൈനീസ് കാത്തലിക് പാട്രിയോട്ടിക് അസോസിയേഷൻ (സിസിപിഎ). ആറ് ദശാബ്ദങ്ങളായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനും, വത്തിക്കാനെ അംഗീകരിക്കുന്ന സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ഭൂഗര്‍ഭ സഭയുമായി ചൈനീസ് സഭ വിഭജിക്കപ്പെട്ടിരിക്കുകയാണ്.

സർക്കാർ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കാത്തലിക് പാട്രിയോട്ടിക് അസോസിയേഷൻ (സിസിപിഎ) എന്ന സംഘടനയാണു ചൈനയിൽ ബിഷപ്പുമാരെ നിയമിച്ചുവന്നിരുന്നത്. ഇതില്‍ ധാരണ കൊണ്ടുവന്നു മെത്രാന്മാരുടെ നിയമനം നടത്തുവാനാണ് കരാറിലൂടെ ലക്ഷ്യമിട്ടിരിന്നത്. 2018 സെപ്റ്റംബർ 22ന് ബെയ്‌ജിങ്ങിൽവെച്ചാണ് മെത്രാന്മാരുടെ നിയമനം സംയുക്തമായി അംഗീകരിക്കുന്ന രണ്ടു വർഷത്തേക്ക് നീളുന്ന ആദ്യ താത്കാലിക കരാർ ഇരുകൂട്ടരും ഒപ്പിട്ടത്. ഫ്രാൻസിസ് മാർപാപ്പയുടെ നിരന്തര ശ്രമ ഫലമായി ഉരുത്തിരിഞ്ഞ ധാരണപ്രകാരം ബിഷപ്പുമാരെ നിയമിക്കാൻ വത്തിക്കാന് താത്കാലിക അനുമതിയുണ്ട്. 2020ലും 2022 ഒക്ടോബറിലും രണ്ട് വർഷത്തേക്ക് കരാര്‍ പുതുക്കിയിരുന്നു.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?




Related Articles »