News
"അവൻ നമ്മെ സ്നേഹിച്ചു"; തിരുഹൃദയ വണക്കത്തിന് ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പയുടെ നാലാമത് ചാക്രിക ലേഖനം പ്രസിദ്ധീകരിച്ചു
പ്രവാചകശബ്ദം 25-10-2024 - Friday
വത്തിക്കാന്‍ സിറ്റി: ക്രിസ്തുവിന്റെ തിരുഹൃദയത്തെക്കുറിച്ചുള്ള ഫ്രാൻസിസ് പാപ്പയുടെ ചാക്രികലേഖനം 'ദിലെക്സിത്ത് നോസ്' അഥവാ "അവൻ നമ്മെ സ്നേഹിച്ചു" പുറത്തിറക്കി. ഇന്നലെ ഒക്ടോബർ 24 വ്യാഴാഴ്ച പ്രസിദ്ധപ്പെടുത്തിയ, തന്റെ നാലാമത് ചാക്രികലേഖനത്തില്‍ സ്നേഹത്താൽ മുറിവേൽപ്പിക്കപ്പെട്ട ക്രിസ്തുവിന്റെ തിരുഹൃദയത്തെക്കുറിച്ചാണ് പ്രധാനമായും പാപ്പ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. യേശുവിന്റെ തിരുഹൃദയത്തോടുള്ള വണക്കത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ചാക്രികലേഖനത്തിന് അഞ്ച് അധ്യായങ്ങളാണുള്ളത്. ഹൃദയത്തിന്റെ പ്രാധാന്യം, ക്രിസ്തുവിന്റെ സ്നേഹത്തിന്റെ പ്രവൃത്തികളും വാക്കുകളും, ഏറെ സ്നേഹിച്ച ക്രിസ്തുവിന്റെ ഹൃദയം, ദാഹമകറ്റുന്ന ക്രിസ്തുവിന്റെ ഹൃദയം, സ്നേഹത്തിലൂടെ സ്നേഹത്തിലേക്ക് നയിക്കപ്പെടുക എന്നീ ചിന്തകളാണ് ചാക്രികലേഖനത്തിന്റെ അഞ്ച് അധ്യായങ്ങളിലായി പാപ്പാ വിശകലനം ചെയ്യുന്നത്.
ക്രിസ്തുവാണ് ആദ്യം നമ്മെ സ്നേഹിച്ചതെന്നും, കുത്തിത്തുറക്കപ്പെട്ട അവിടുത്തെ തിരുഹൃദയം വ്യവസ്ഥകളൊന്നുമില്ലാതെ നമ്മെ സ്നേഹിക്കാനും, തന്റെ സൗഹൃദം നൽകാനായി കാത്തിരിക്കുകയാണെന്ന് ചാക്രിക ലേഖനത്തില്‍ പാപ്പ ഓർമ്മിപ്പിക്കുന്നു. ദൈവവുമായി വ്യക്തിബന്ധമില്ലാത്ത ശൈലിയിലുള്ള മതാത്മകതയുടെ ചിന്തകൾ നിലനിൽക്കുന്ന സമൂഹത്തിൽ, യേശുവിന്റെ തിരുഹൃദയത്തോടുള്ള വണക്കത്തിലും സ്നേഹത്തിലും വളരാനും, വിശ്വാസത്തിന്റെ ആർദ്രതയും, ശുശ്രൂഷയുടെ ആനന്ദവും, മിഷ്ണറി തീക്ഷ്‌ണതയും തിരിച്ചറിയാനും പാപ്പ തന്റെ ചാക്രികലേഖനത്തിലൂടെ ആഗോള സഭയെ ക്ഷണിക്കുന്നു.
അവിടുത്തെ തിരുഹൃദയത്തിലേക്ക് നോക്കുമ്പോൾ നമുക്ക് സുവിശേഷം മുഴുവനും കണ്ടെത്താനാകും. നാം ആരാണെന്നും, നാം മറ്റുള്ളവരെ സ്നേഹിക്കേണ്ടതെങ്ങനെയെന്നും തിരിച്ചറിയാൻ സാധിക്കും. അവിടുത്തെ തിരുഹൃദയത്തിലേക്ക് നോക്കുമ്പോൾ നമുക്ക് സുവിശേഷം മുഴുവനും കണ്ടെത്താനാകും. നാം ആരാണെന്നും, നാം മറ്റുള്ളവരെ സ്നേഹിക്കേണ്ടതെങ്ങനെയെന്നും തിരിച്ചറിയാൻ സാധിക്കും. ക്രിസ്തുവിന്റെ സ്നേഹം തിരിച്ചറിയുന്നിടത്ത്, നമുക്ക് സഹോദര്യബന്ധങ്ങൾ വീണ്ടും തുന്നിപ്പിടിപ്പിക്കാനാകും. ഏവരുടെയും മനുഷ്യാന്തസ്സ് തിരിച്ചറിയാനാകുമെന്നും പാപ്പ ചാക്രിക ലേഖനത്തില്‍ കുറിച്ചു.
സഭയുടെ ഔദ്യോഗിക പഠനങ്ങളും, വിശുദ്ധ ഗ്രന്ഥത്തോളമെത്തുന്ന ചരിത്രവും കണക്കിലെടുത്ത്, സഭാമക്കൾക്ക് ആധ്യാത്മികതയുടെ മനോഹാരിത മനസ്സിലാക്കിത്തരുന്നതാണ് 'ക്രിസ്തു നമ്മെ സ്നേഹിച്ചു' എന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന "ദിലേക്‌സിത് നോസ്" ചാക്രികലേഖനമെന്ന് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟