News
വിശുദ്ധ പദവിയിലേക്ക് ആദ്യ കമ്പ്യൂട്ടർ പ്രതിഭ; കാര്‍ളോയെ ഏപ്രില്‍ അവസാന വാരത്തില്‍ വിശുദ്ധനായി പ്രഖ്യാപിക്കും
പ്രവാചകശബ്ദം 21-11-2024 - Thursday
വത്തിക്കാന്‍ സിറ്റി: തിരുസഭ ചരിത്രത്തിൽ വിശുദ്ധ പദവിയിലേക്ക് പ്രവേശിക്കുന്ന ആദ്യ കമ്പ്യൂട്ടർ പ്രതിഭ എന്ന ഖ്യാതിയോടെ കാര്‍ളോ അക്യുട്ടിസിനെ 2025 ഏപ്രില്‍ അവസാന വാരത്തില്‍ വിശുദ്ധനായി പ്രഖ്യാപിക്കും. 2025 ജൂബിലി വര്‍ഷത്തില്‍ ഏപ്രിൽ ഇരുപത്തിയഞ്ച് - ഇരുപത്തിയേഴ് ദിവസങ്ങളിലാണ് കൗമാരക്കാരുടെ ദിനം ആചരിക്കപ്പെടുന്നത്. ഈ ദിവസങ്ങളില്‍ വിശുദ്ധ പദവി പ്രഖ്യാപനം നടക്കുമെന്ന് ഇന്നലെ നവംബർ 20 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ച സമ്മേളനത്തില്‍ പാപ്പ വെളിപ്പെടുത്തി.
ഇതോടൊപ്പം പാവപ്പെട്ടവരെ സഹായിക്കുന്നതിനിടെ 24-ാം വയസിൽ പോളിയോ ബാധിച്ചു അന്തരിച്ച ഇറ്റാലിയൻ യുവാവ് പിയേർ ജോർജ്യോ ഫ്രസ്സാത്തിയെ (1901-1925) ജൂലൈ 28 - ഓഗസ്റ്റിനു 3നും ഇടയിൽ വിശുദ്ധനായി നാമകരണം ചെയ്യുമെന്നും പാപ്പ അറിയിച്ചു. ജൂലൈ 28 മുതൽ ഓഗസ്റ്റ് മൂന്ന് വരെ തീയതികളിലാണ് യുവജനദിനവുമായി ബന്ധപ്പെട്ട സംഗമം നടക്കുന്നത്.
1991 മേയ് മൂന്നിന് ലണ്ടനിലായിരുന്നു കാര്‍ളോയുടെ ജനനം. സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അതീവ തൽപരനായിരുന്നു കാര്‍ളോ. ലോകത്തിലെ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ബൃഹത്തായ ഓൺലൈൻ ശേഖരം തന്നെ നന്നേ ചെറിയ പ്രായത്തിനുള്ളിൽ കാർളോ സജ്ജീകരിച്ചിരുന്നു. പതിനൊന്ന് വയസ്സുള്ളപ്പോള്‍ ആരംഭിച്ച ഈ ഉദ്യമം അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരിന്നു.
നമ്മൾ ദിവ്യകാരുണ്യം എത്രയധികമായി സ്വീകരിക്കുന്നുവോ, അത്രമാത്രം നാം യേശുവിനെ പോലെയാകുമെന്നും അങ്ങനെ ഈ ഭൂമിയിൽ നമുക്ക് സ്വർഗ്ഗത്തിന്റെ ഒരു മുന്നാസ്വാദനം ഉണ്ടാകുമെന്നും കാര്‍ളോ പതിനൊന്നാമത്തെ വയസ്സിൽ കുറിച്ചു. കാര്‍ളോ ഒരുക്കിയ ദിവ്യകാരുണ്യ വിര്‍ച്വല്‍ ലൈബ്രറിയുടെ പ്രദര്‍ശനം അഞ്ചു ഭൂഖണ്ഡങ്ങളിലാണ് നടന്നിരിക്കുന്നത്. ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തിനും വിശ്വാസ നവീകരണത്തിനും ഇത് സഹായകരമായിട്ടുണ്ടെന്ന് നൂറുകണക്കിനാളുകള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
അനേകരെ ദിവ്യകാരുണ്യത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നതിനു ശേഷമാണ് 2006 ഒക്ടോബര്‍ 12നു തന്റെ പതിനഞ്ചാം വയസ്സില്‍ അവന്‍ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായത്. കാര്‍ളോ അക്യുട്ടിസിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നതിന് ആവശ്യമായ അത്ഭുതം വത്തിക്കാന്‍ അംഗീകരിച്ചതോടെയാണ് നാമകരണ നടപടിയുടെ നിര്‍ണ്ണായക ഘട്ടം പിന്നിട്ടത്. കാര്‍ളോ അക്യൂട്ടിസിനെ ഒക്ടോബർ 10നാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തിയത്. കാര്‍ളോയുടെ മാതാപിതാക്കളും സഹോദരങ്ങളും വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനത്തില്‍ നേരിട്ടു സാക്ഷ്യം വഹിച്ചിരിന്നു.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟