News
സമാധാന ദൗത്യത്തിനിടെ നാസി ഭരണകൂടം വധിച്ച ജര്‍മ്മന്‍ വൈദികന്‍ ഫാ. മാക്‌സ് ജോസഫ് വാഴ്ത്തപ്പെട്ട പദവിയില്‍
പ്രവാചകശബ്ദം 23-11-2024 - Saturday
ഫ്രെയ്‌ബർഗ് (ജര്‍മ്മനി): സമാധാന ദൗത്യത്തിനിടെ നാസി ഭരണകൂടം വധിച്ച ജര്‍മ്മന്‍ കത്തോലിക്ക വൈദികനായ ഫാ. മാക്‌സ് ജോസഫ് മെറ്റ്‌സ്‌ജറിനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തി. ഇക്കഴിഞ്ഞ ഞായറാഴ്ച ജർമ്മനിയിലെ ഫ്രെയ്‌ബർഗ് കത്തീഡ്രലിൽ നടന്ന തിരുക്കര്‍മ്മങ്ങളില്‍ ക്രിസ്തീയ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വത്തിക്കാനിലെ ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ കുർട്ട് കോച്ച് മുഖ്യകാര്‍മ്മികത്വം വഹിച്ചു. സമാധാനത്തിനും ക്രിസ്തീയ ഐക്യത്തിനും വേണ്ടിയുള്ള മാക്‌സിൻ്റെ പ്രവര്‍ത്തനം സ്തുത്യര്‍ഹമായിരിന്നുവെന്ന് കർദ്ദിനാൾ അനുസ്മരിച്ചു.
1887-ൽ ജർമ്മനിയിലെ ബ്ലാക്ക് ഫോറസ്റ്റ് മേഖലയിലെ ഷോപ്ഫീമിൽ ജനിച്ച മാക്‌സ് 1911-ൽ കത്തോലിക്ക വൈദികനായി അഭിഷിക്തനായി. ഫ്രെയ്‌ബർഗ് അതിരൂപതയില്‍ സേവനം ആരംഭിച്ച അദ്ദേഹം ജർമ്മൻ കാത്തലിക്‌സ് പീസ് അസോസിയേഷൻ എന്ന സംഘടന സ്ഥാപിക്കുന്നതില്‍ മുഖ്യ പങ്കാളിയായി. 1920-ൽ, ബെനഡിക്റ്റ് പതിനഞ്ചാമന്‍ പാപ്പ, യൂറോപ്പിൽ നിരായുധീകരണത്തിനായി പ്രവർത്തിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരിന്നു. സമാധാനത്തിൻ്റെ എക്യുമെനിക്കൽ ആശയത്തെ ശക്തമായി വാദിച്ച ഈ വൈദികന്‍ ജർമ്മൻ സമാധാനവാദി എന്ന പേരിന് അര്‍ഹനായി.
ഒന്നാം ലോകമഹായുദ്ധസമയത്ത് സൈനിക ചാപ്ലിൻ ആയി സേവനമനുഷ്ഠിച്ചു. യുദ്ധത്തിൻ്റെ ഭീകരതയ്ക്ക് സാക്ഷ്യം വഹിച്ചതിന് ശേഷം രാജ്യങ്ങൾ തമ്മിലുള്ള സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി വലിയ ഇടപെടലുകള്‍ നടത്തിയിരിന്നു. നാസികള്‍ അധികാരം നേടിയതോടെ, ഫാ. മാക്‌സ് എക്യുമെനിക്കൽ പ്രവർത്തനങ്ങളിൽ കൂടുതലായി ഏർപ്പെട്ടു. 1938-ൽ കത്തോലിക്ക - ലൂഥറന്‍ ക്രിസ്ത്യൻ ഐക്യത്തിനായുള്ള ഉന സാങ്‌റ്റ എക്യുമെനിക്കൽ ഫെലോഷിപ്പ് പ്രസ്ഥാനത്തിനു ആരംഭം നല്‍കി.
ഫാ. മാക്‌സ് ജോസഫിന്റെ സമാധാന പ്രവർത്തനങ്ങളെയും യുദ്ധത്തെക്കുറിച്ചുള്ള പരസ്യ വിമർശനത്തെയും നാസി അധികാരികൾ അവരുടെ പ്രത്യയശാസ്ത്രത്തിനെതിരായ രാജ്യദ്രോഹ കുറ്റമായാണ് കണ്ടത്. പലതവണ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം വിവിധ വിചാരണകള്‍ക്കും പീഡനങ്ങള്‍ക്കും ഇരയായി. 1943 ഒക്ടോബർ 14-ന് പീപ്പിൾസ് കോടതി അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചു. ആറ് മാസം പിന്നിട്ടപ്പോള്‍ 1944 ഏപ്രിൽ 17-ന് ബ്രാൻഡൻബർഗ്-ഗോർഡൻ ജയിലിൽവെച്ച് വധശിക്ഷ നടപ്പിലാക്കുന്നതിനായി ശിരഛേദം ചെയ്യാനുള്ള യന്ത്രമായ ഗില്ലറ്റിൻ ഉപയോഗിച്ച് കൊലപ്പെടുത്തുകയുമായിരിന്നു.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟