News

2025 ജൂബിലി വര്‍ഷത്തിലെ തീർത്ഥാടകരെ സമര്‍പ്പിച്ച് പാപ്പയുടെ ഡിസംബര്‍ മാസത്തെ പ്രാര്‍ത്ഥനാനിയോഗം

പ്രവാചകശബ്ദം 04-12-2024 - Wednesday

വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വര്‍ഷത്തിലേക്ക് പ്രവേശിക്കുവാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ജൂബിലി വര്‍ഷത്തിലെ തീർത്ഥാടകരെ സമര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പയുടെ ഡിസംബര്‍ മാസത്തെ പ്രാര്‍ത്ഥനാനിയോഗം. ജൂബിലിയാചരണം നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നതിനായി പ്രാർത്ഥിക്കാൻ ഫ്രാന്‍സിസ് പാപ്പ വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു. “പ്രത്യാശയുടെ തീർത്ഥാടകർക്കായി” എന്ന ശീർഷകത്തോടുകൂടി പാപ്പയുടെ സ്പാനിഷ് ഭാഷയിലുള്ള പ്രാർത്ഥനാനിയോഗ വീഡിയോ ഇന്നലെ ചൊവ്വാഴ്ചയാണ് (03/12/24) വത്തിക്കാന്‍ പുറത്തിറക്കിയത്. നമ്മുടെ ജീവിതത്തെ സന്തോഷത്താൽ നിറയ്ക്കുന്ന ദൈവീക ദാനമാണ് ക്രിസ്തീയ പ്രത്യാശയെന്നും ഇത് ലോകത്തിന് ഏറെ ആവശ്യമായിരിക്കുന്ന ഒന്നാണെന്നും പാപ്പ സന്ദേശത്തില്‍ പറഞ്ഞു.

നാളെ നിനക്ക് നിന്റെ മക്കളെ പോറ്റാൻ കഴിയുമോ, അല്ലെങ്കിൽ നീ പഠിക്കുന്നത് നിനക്ക് മാന്യമായ ജോലി നേടിത്തരുമോ എന്നറിയാതെ വരുമ്പോൾ, നിരാശയിൽ പെട്ടെന്നു നിപതിച്ചേക്കാം.പ്രത്യാശ എവിടെയാണ് തേടേണ്ടത്? പ്രത്യാശ ഒരു നങ്കൂരമാണ്. നീ കയറുകൊണ്ട് എറിയുകയും മണലിൽ ആഴ്ന്നിറങ്ങുകയും ചെയ്യുന്ന ഒരു നങ്കൂരം. നാം പ്രത്യാശയുടെ കയറിൽ പിടിച്ചുനിൽക്കണം. അതിൽ മുറുകെ പിടിക്കണം. നമുക്ക് ജീവൻ പ്രദാനം ചെയ്യുന്ന ക്രിസ്തുവുമായുള്ള ഈ കൂടിക്കാഴ്ചയിലെത്താൻ നമുക്ക് പരസ്പരം സഹായിക്കുകയും ജീവിതം ആഘോഷിക്കാൻ പ്രത്യാശയുടെ തീർത്ഥാടകരായി നമുക്ക് പുറപ്പെടുകയും ചെയ്യാം.

അടുത്ത ജൂബിലിയും ഒരു ഘട്ടം പോലെ ജീവിതത്തിൽ പ്രവേശിക്കുന്നു. ദൈവം നമുക്കേകുന്ന പ്രത്യാശയുടെ ദാനം നമ്മുടെ ദൈനംദിന ജീവിതത്തിൽ നിറയ്ക്കുകയും അത് തേടുന്ന സകലരിലും നമ്മിലൂടെ എത്തിച്ചേരുന്നതിന് ഇടവരുത്തുകയും ചെയ്യാം. മറക്കരുത്: പ്രത്യാശ ഒരിക്കലും നിരാശപ്പെടുത്തില്ല. ഈ ജൂബിലി നമ്മെ വിശ്വാസത്തിൽ ശക്തരാക്കുന്നതിനും, ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ നമ്മുടെ ജീവിതങ്ങളിൽ തിരിച്ചറിയുന്നതിനും, ക്രിസ്തീയ പ്രത്യാശയുടെ തീർത്ഥാടകരായി നമ്മെ രൂപാന്തരപ്പെടുത്തുന്നതിനും വേണ്ടി നമുക്ക് പ്രാർത്ഥിക്കാമെന്നും പാപ്പ പറഞ്ഞു. 'പ്രത്യാശയുടെ തീർത്ഥാടകർ' എന്നതാണ് ജൂബിലി വർഷത്തിന്റെ ആപ്തവാക്യം. ഈ വരുന്ന ഡിസംബർ 24-ന് ഫ്രാൻസിസ് മാർപാപ്പ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതിൽ തുറക്കുന്നതോടെ 2025 ജൂബിലി വര്‍ഷത്തിന് ആരംഭമാകും.


Related Articles »