Seasonal Reflections - 2024

കര്‍ത്താവിന്റെ ആത്‌മാവ് | ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ | നാലാം ദിനം

ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ്/ പ്രവാചകശബ്ദം 04-12-2024 - Wednesday

വചനം: ‍ കര്‍ത്താവിന്റെ ആത്മാവ് അവന്റെ മേല്‍ ആവസിക്കും. ജ്‌ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ്, ഉപദേശത്തിന്റെയും ശക്‌തിയുടെയും ആത്‌മാവ്‌, അറിവിന്റെയും ദൈവ ഭക്‌തിയുടെയും ആത്‌മാവ്‌ (ഏശയ്യാ 11 : 2).

വിചിന്തനം: ‍

നൂറ്റാണ്ടുകൾക്കു മുമ്പ് ഏശയ്യാ പ്രവചിച്ച ദൈവാത്മാവിന്റെ ആഗമനത്തിനു ഈശോയുടെ മാമ്മോദീസായുടെ സമയത്ത് സ്നാപക യോഹന്നാൻ സാക്ഷ്യം വഹിച്ചു. വിശുദ്ധ കൂദാശകളിലൂടെ നമ്മളിൽ സംലഭ്യനാകുന്നത് ഈ ആത്മാവു തന്നെയാണ്. ആഗമനകാലത്തെ ഇരുപത്തിയഞ്ചു ദിനങ്ങള്‍ ക്രിസ്തീയ ജീവിതത്തെക്കുറിച്ച് പരിചിന്തനം ചെയ്യാന്‍ പറ്റിയ സവിശേഷ സമയമാണ്. ക്രിസ്തീയ ജീവിതം പ്രകൃത്യാ ദൈവാത്മാവിൽ നിന്നുത്ഭവിക്കുന്ന ജീവിതമാണ്.

നമ്മില്‍ ജീവിക്കാന്‍ പരിശുദ്ധാരൂപിയെ നാം എത്രമാത്രം അനുവദിക്കുന്നുവോ അതിന് ആനുപാതികമായിട്ടായിരിക്കും, വാസ്തവത്തില്‍, നാം ക്രൈസ്തവരായി ഭവിക്കുക. ഈശോയുടെ ജനനത്തിരുന്നാൾ ആഘോഷിക്കാൻ കഴിയൂ. മാമ്മോദീസാ സ്വീകരിച്ചവര്‍ ഈശോയുടേതാണ്, അവിടുന്നാണ് നമ്മുടെ അസ്തിത്വത്തിന്‍റെ കര്‍ത്താവ്. ജ്ഞാനസ്നാനമാണ് ക്രിസ്തീയജീവിതത്തിന്‍റെ മുഴുവന്‍ അടിസ്ഥാനം. ഇതു ഈ ആഗമന കാലത്തു മനസ്സില്‍ സൂക്ഷിക്കാം.

പ്രാർത്ഥന: ‍

ദൈവ പിതാവേ, നിന്റെ തിരുക്കുമാരന്റെ പിറവിത്തിരുനാളിന് തീക്ഷ്ണമായി ഒരുങ്ങുന്ന സമയമാണല്ലോ ആഗമന കാലം. ജ്‌ഞാനത്തിന്റെയും വിവേകത്തിന്റെയും‌, ഉപദേശത്തിന്റെയും ശക്‌തിയുടെയും , അറിവിന്റെയും ദൈവ ഭക്‌തിയുടെയും ആത്‌മാവിനെ ഞങ്ങളിലേക്ക് സമൃദ്ധമായി വർഷിക്കേണമേ. ഈശോയെ സവിശേഷമായി ഞങ്ങൾക്കു ലഭിക്കുന്ന ഈ കാലഘട്ടത്തിൽ ദൈവാത്മാവിൻ്റെ സാന്നിധ്യവും സാമീപ്യവും ഞങ്ങൾക്കു മനസ്സിലാക്കിത്തരണമേ. പരിശുദ്ധാത്മ നിയന്ത്രണങ്ങളോടു ചേർന്നു ജീവിക്കാൻ ഞങ്ങളെ സഹായിക്കണമേ. ആമ്മേൻ

സുകൃതജപം ‍

ഈശോയുടെ ആത്മാവേ, എന്നെ നിന്റെ സ്വന്തമാക്കണമേ.


Related Articles »