News

ഇതാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കര്‍ദ്ദിനാള്‍..!

പ്രവാചകശബ്ദം 11-12-2024 - Wednesday

മെല്‍ബണ്‍: മലയാളിയായ മാര്‍ ജോര്‍ജ്ജ് കൂവക്കാട് ഉള്‍പ്പെടെ ഡിസംബർ 7ന് ഫ്രാൻസിസ് മാർപാപ്പ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയ 21 കർദ്ദിനാൾമാരില്‍ ശ്രദ്ധ നേടുകയാണ് യുക്രൈന്‍ സ്വദേശിയായ മൈക്കോള ബൈചോക്ക്. ആഗോള കത്തോലിക്ക സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കര്‍ദ്ദിനാള്‍ എന്ന വിശേഷണത്തിനാണ് ഓസ്ട്രേലിയയിലെ മെല്‍ബണിലെ യുക്രേനിയന്‍ ഗ്രീക്ക് കത്തോലിക്ക രൂപതയുടെ അധ്യക്ഷനായ കര്‍ദ്ദിനാള്‍ മൈക്കോള ബൈചോക്ക് അര്‍ഹനായിരിക്കുന്നത്. ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ഓഷ്യാനിയയിലായി വ്യാപിച്ച് കിടക്കുന്ന യുക്രേനിയന്‍ ഗ്രീക്ക് കത്തോലിക്ക രൂപതയെ നയിക്കുന്ന അദ്ദേഹത്തിന് 44 വയസ്സു മാത്രമാണ് പ്രായം.

കഴിഞ്ഞ ശനിയാഴ്ച നടന്ന കര്‍ദ്ദിനാള്‍ സ്ഥാനാരോഹണത്തില്‍ ചങ്ങനാശ്ശേരി അതിരൂപതാംഗമായ മാര്‍ ജോര്‍ജ്ജ് കൂവക്കാടിനെ കൂടാതെ പൗരസ്ത്യ-ആചാര പ്രകാരമുള്ള വസ്ത്രം ധരിച്ചെത്തിയ ഏക കര്‍ദ്ദിനാള്‍ മൈക്കോള ബൈചോക്കായിരിന്നു. അദ്ദേഹത്തിന്റെ വേഷവിതാനങ്ങള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിന്നു. സ്ഥാനാരോഹണത്തിന് ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ ഓസ്‌ട്രേലിയയിലെ ഒരു ബിഷപ്പാണെങ്കിലും സാർവത്രിക സഭയുടെ കർദ്ദിനാളാണെങ്കിലും യുക്രൈന്‍ തന്റെ ഹൃദയത്തിലാണെന്നും പറഞ്ഞു. യുക്രൈന് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ അദ്ദേഹം ആഹ്വാനവും നല്‍കി.

1980 ഫെബ്രുവരി 13 ന് യുക്രൈനിലെ ടെർനോപിലാണ് ബൈചോക്കിന്റെ ജനനം. 2005-ൽ വൈദികനായി. 2020-ൽ മെൽബണിലെ യുക്രേനിയൻ കത്തോലിക്ക ബിഷപ്പായി നിയമിതനായി. ജൂലിയൻ കലണ്ടർ അനുസരിച്ചുള്ള പെന്തക്കോസ്ത് പെരുന്നാളായ 2020 ജൂൺ 7-ന് യുക്രൈനിലെ ലിവിവിലുള്ള സെൻ്റ് ജോർജ്ജ് കത്തീഡ്രലിൽ ബിഷപ്പായി വാഴ്ത്തപ്പെട്ടു. അദ്ദേഹത്തിൻ്റെ എപ്പിസ്കോപ്പൽ മുദ്രാവാക്യം Пресвятая Богородице, спаси нас (“പരിശുദ്ധ ദൈവമാതാവേ, ഞങ്ങളെ രക്ഷിക്കൂ”) എന്നതാണ്.

മംഗോളിയയിൽ 20 വർഷത്തോളം സേവനം ചെയ്ത ഇറ്റാലിയൻ മിഷ്ണറി മെത്രാൻ ബിഷപ്പ് ജോർജിയോ മരെൻകോയായിരിന്നു ഏറ്റവും പ്രായം കുറഞ്ഞ കര്‍ദ്ദിനാള്‍ എന്ന പദവിയ്ക്കു നേരത്തെ അര്‍ഹനായിരിന്നത്. 2022-ല്‍ സ്ഥാനാരോഹണം ചെയ്യുമ്പോള്‍ 47 വയസ്സായിരിന്നു അദ്ദേഹത്തിന് പ്രായം.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »