News - 2024
വൈദികര്‍ക്കും സന്യസ്തര്‍ക്കും 8,00,000 ഡോളറിന്റെ സഹായവുമായി പേപ്പല്‍ ഫൗണ്ടേഷന്‍
പ്രവാചകശബ്ദം 11-12-2024 - Wednesday
വാഷിംഗ്ടണ്‍ ഡി.സി: ലോകമെമ്പാടുമുള്ള വിവിധ കത്തോലിക്ക പദ്ധതികള്‍ക്ക് വേണ്ട സാമ്പത്തിക സഹായം ചെയ്തുകൊണ്ടിരിക്കുന്ന 'ദി പേപ്പല്‍ ഫൗണ്ടേഷന്‍' എന്ന അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കത്തോലിക്ക സംഘടന ഈ വര്‍ഷം നല്‍കിയത് 8,00,000 ലക്ഷം ഡോളറിന്റെ സഹായം. 42 രാജ്യങ്ങളിലായി അവാർഡുകൾ, സെൻ്റ് ജോൺ പോൾ II സ്കോളർഷിപ്പ് പ്രോഗ്രാം വഴി റോമിലെ 14 പൊന്തിഫിക്കൽ സർവ്വകലാശാലകളിൽ 110 വൈദികർ, വൈദിക വിദ്യാര്‍ത്ഥികള്‍, സന്യസ്തര്‍, അല്‍മായര്‍ എന്നിവർക്ക് തങ്ങളുടെ പഠനം തുടരാൻ സഹായം നല്‍കിയതായി സംഘടന അറിയിച്ചു.
സംഘടനയുടെ ആരംഭം മുതല്‍ ഏകദേശം 14 മില്യൺ ഡോളർ സ്കോളർഷിപ്പ് തുകയായി നൽകിയിട്ടുണ്ടെന്ന് 'പേപ്പല്‍ ഫൗണ്ടേഷന്‍' വ്യക്തമാക്കി. സഭയുടെ വിവിധ ആവശ്യങ്ങൾക്കായി പരിശുദ്ധ പിതാവിന്റെ അഭ്യർത്ഥനകൾ നിറവേറ്റുന്നതിനായി മാത്രം പ്രതിജ്ഞാബദ്ധമായി അമേരിക്ക കേന്ദ്രമാക്കി പ്രവര്‍ത്തിയ്ക്കുന്ന സംഘടനയാണ് പേപ്പൽ ഫൗണ്ടേഷൻ.
ഓരോ വര്‍ഷവും പാപ്പയില്‍ നിന്നും സഹായിക്കേണ്ട പദ്ധതികളെ കുറിച്ചുള്ള ഒരു ലിസ്റ്റ് തങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്നും, പാപ്പയാണ് പദ്ധതികള്‍ നിശ്ചയിക്കുന്നതെന്നും തങ്ങള്‍ക്കതില്‍ യാതൊരു അജണ്ടയുമില്ലെന്നും സംഘടനയുടെ എക്സിക്യുട്ടീവ് ഡയറക്ടറായ ഡേവ് സാവേജ് നേരത്തെ വെളിപ്പെടുത്തിയിരിന്നു. സ്കൂളുകള്‍, ദേവാലയങ്ങള്‍, സെമിനാരികള്‍, ആശുപത്രികള്‍, പാസ്റ്ററല്‍ കേന്ദ്രങ്ങള്‍, അനാഥാലയങ്ങള്‍ തുടങ്ങിയവയുടെ നിര്‍മ്മാണ പുനരുദ്ധാരണത്തിനുമാണ് സംഘടന പ്രധാനമായും സഹായം നല്‍കിവരുന്നത്.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟